പിന്നാക്കം ഓടിയൊളിച്ചും യുദ്ധം ചെയ്തും ബ്രഹ്മാവ് പറഞ്ഞമാതിരി ദേവസമൂഹം കാലം കഴിച്ചു. അങ്ങനെ ഒരായിരം വര്‍ഷം ഏതാണ്ടടുത്തു. വലിയ അഭ്യാസബലത്താല്‍ അക്കാലം ഞാനെന്ന ഭാവം ആ ദാമാദികള്ക്കുണ്ടായിവരികയും എല്ലാവരും സംസാരവാസനാഭാവം വര്‍ദ്ധിച്ചവരായി മാറുകയും ചെയ്തു. സംസാരവാസനാഗ്രസ്തരായി മോഹവാസനായുക്തരായി വന്നു. അതോടെ ആശാപാശബദ്ധരായി കൃപണത്വമാര്ന്നു. മമ ദേഹം സുസ്ഥിരമായി ഭവിക്കണം, അര്‍ത്ഥം സുഖത്തിനായി നേടീടണം എന്നീ വിചാരം മുഴുത്ത് ഹൃദയത്തില്‍ അല്പംപോലും ധൈര്യമില്ലാത്തവരായി. ഹന്ത! നാം ചത്തുപോകും, ചത്തുപോകുമെന്നുള്ള ചിന്താഹതാശയന്മാരായും ഒട്ടുപോലും ബലമില്ലാത്തവരായും തീര്‍ന്നു. സ്വന്തം മുന്നില്‍ നില്ക്കുന്ന ഭടനെപ്പോലും കൊല്ലുവാന്‍ ശേഷിയില്ലാതെ വന്നതായി രാഘവ! നീ ധരിക്കുക. വിറക് കുറഞ്ഞുപോയാല്‍ ഹവിസ്സിനെ ഭക്ഷിക്കുവാന്‍ അഗ്നിക്കാകുമോ? എന്തിനേറെപ്പറയുന്നു, മരണത്തെക്കുറിച്ചോര്‍ത്ത് അന്തരംഗത്തില്‍ ഭയം വളര്‍ന്നിട്ട് മൂഢരായ അസ്സുരവര്ഗം ഓടിയൊളിച്ചു സ്വയം നശിച്ചുപോയി. ഹേ രാമചന്ദ്ര! ദാമവ്യാളകടന്യായം എല്ലായ്പ്പോഴും ഭവിക്കില്ല, എന്ന് ഞാനിപ്പോള്‍ നിന്നെ ധരിപ്പിക്കുന്നതിനായി പറയുന്നത് ഉള്‍ക്കാമ്പില്‍ നന്നായി ഗ്രഹിക്കുക.
ചേതസ്സ് അല്പമെങ്കിലും അവിവേകത്തെ അനുസന്ധാനം ചെയ്കനിമിത്തം ഇത്തരത്തില്‍ ആപത്തിനെ അന്തംവെടിഞ്ഞ സംസാരദുഃഖത്തിനായി ഹാ കഷ്ടം! ലീലയായി കൈക്കൊള്ളുന്നു. ഇതുകേട്ട് മുനീന്ദ്രനെ വന്ദിച്ച് രാമന് വീണ്ടും ചോദിച്ചു, ‘ദാമന്‍ മുതലായ മൂവരും എങ്ങനെ ബ്രഹ്മത്തില്നിന്നുളവായി എന്നുള്ളതാണ് എനിക്ക് ഇന്നുള്ള സംശയം. നന്നായി വേണ്ടും വിധം അരുള്‍ ചെയ്യണം.’ രാമവാക്യം കേട്ടു കൗതുകത്തോടെ മാമുനി ഇങ്ങനെ പറഞ്ഞു, ‘നീ കേള്‍ക്കുക. പ്രതിഭാമാത്രമുള്ള ശരീരികളായ ദാമാദികളാകുന്ന മൂവരും നമ്മളും അങ്ങനെതന്നെയാകുന്നു എന്നതില്‍ സംശയമില്ല. അത് എങ്ങും പുറമേയില്ലതാനും. ഞാനെന്നതുമില്ല നീയെന്നതുമില്ല. നൂനം ഈ ദാമാദികളും ഇല്ലെന്നതോര്ക്ക. പരബ്രഹ്മത്തില്നിന്നുള്ള തോന്നലായ ആ ജീവശക്തികള്‍ ശംബരന്റെ ധ്യാനംകൊണ്ട് വിക്ഷുബ്ധയായിട്ട് സന്മതേ! മൂന്നായി സമുല്ലാസമാര്ന്നു വാഴുന്നു. അതുകൊണ്ട് നമ്മള് ഉള്ളവരല്ല, ദാമാദികളും എങ്ങും ഇല്ല. ശുദ്ധം, മനസ്ഥം, മനോദയം, സര്‍വ്വഗം, നിത്യം, നിരഞ്ജനം, സംവേദനം, ശാന്തം എല്ലാമായി ചിദാകാശമൊന്നു വിളങ്ങുന്നുവെന്നു നീ ധരിക്കുക. ആയതിന്റെ ശക്തി സമുല്ലാസമാത്രമാകുന്ന ജഗത്സ്ഥിതി എന്നും നീ ധരിക്കുക. യഥാ അനുഭൂതവും ദൃഢവും സര്‍വ്വവും ഇപ്രകാരം സര്‍വ്വത്ര ഭവിച്ചീടുന്നു. അനുഭൂതമായി ഇല്ല എന്നു വന്നീടുകില്‍ ഒന്നും എങ്ങും ഇല്ലെന്നും ഓര്‍ത്തുകൊള്ളുക. ശാന്തമായി സദ്രൂപമാകുന്ന ഒരു വസ്തു എവിടെയും വ്യാപിച്ച് ഈവണ്ണം വിളങ്ങുന്നു. അതുകൊണ്ട് ശങ്കയും ഭേദവും കൈവിട്ട് രാഘവ! നീ എന്നും സുഖമായി വസിക്കുക.’
(ഇനി ഭീമഭാസദൃഢസ്ഥിതി
ന്യായത്തെക്കുറിച്ച് പറയുന്നു).
പ്രതികരിക്കാൻ ഇവിടെ എഴുതുക: