പുനലൂര്‍: ബിജെപി പ്രവര്ത്തകന് സുമേഷിന്റെ കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. പുനലൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകത്തില്‍ പങ്കെടുത്ത അരവിന്ദാക്ഷനെ നഗരസഭ കൗണ്‍സിലില്‍ നിന്ന് പുറത്താക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സുമേഷിന് മേല്‍ പത്രിക പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നു. തെരെഞ്ഞെടുപ്പിന് ശേഷം മൂന്നുവര്‍ഷമായി സുമേഷിനെതിരെ അവര്‍ ഗൂഢാലോചന നടത്തിവരികയായിരുന്നുവെന്ന് കൃഷ്ണദാസ് പറഞ്ഞു.
ഇതുവരെ ഒരു കേസിലും പ്രതിയുമല്ലാത്ത സുമേഷിനെ വധിച്ചതിന് പിന്നില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനവും, സമുന്നത നേതാക്കളുടെ ഗൂഢാലോചനയുമുണ്ട്. ഇതിന് മുന്‍പും നഗരസഭാ പ്രദേശത്ത് ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയിട്ടുണ്ട്. 2002 ജൂണ്‍ 9ന് പുനലൂര്‍ ഭരണിക്കാവ് ബൂത്ത് പ്രസിഡന്റ് രാജേഷ്കുമാറിനെ മുന്‍ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തിലാണ് ബോംബെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു.
സുമേഷിന്റെ കൊലപാതകം പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ച് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ഗൂഢാലോചനയും പുറത്തു കൊണ്ടുവരണമെന്നും ഇല്ലെങ്കില്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ വിറളി പൂണ്ട സിപിഎം, അക്രമ രാഷ്ട്രീയത്തിലൂടെ കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച തടയാനുള്ള വിഫലശ്രമമാണ് നടത്തുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: