പാട്ന: ബിഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണതില്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സത്യം മറച്ചുവയ്ക്കുകയാണെന്ന് ബിജെപി. പാലത്തിന്റെ ഘടനയില്‍ പിഴവുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പാലം തകര്‍ക്കുകയായിരുന്നുവെന്നാണ് യാദവ് കഴിഞ്ഞ ദിവസം പറഞ്ഞത്.
എന്നാല്‍ മന്ത്രി വസ്തുതകള്‍ മറച്ചുവച്ച് സംസാരിക്കുകയാണെന്ന് ബിജെപി നേതാവും മുന്‍ മന്ത്രിയുമായ നിതിന്‍ നബിന് കുറ്റപ്പെടുത്തി. വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ പാലത്തിന്റെ നിര്‍മാണത്തില്‍ ക്രമക്കേടുകളുണ്ടെന്ന് സര്‍ക്കാരിനെ അറിയിച്ചുവെന്നാണ് പറയുന്നത്.
അങ്ങനെയെങ്കില്‍ നിര്‍മാണം തുടരാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തത് എന്തുകൊണ്ടാണ്. ബന്ധപ്പെട്ട വകുപ്പിന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തി വയ്ക്കാമായിരുന്നു. മാത്രമല്ല നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചിട്ടു പോലും പാലത്തിന്റെ നിര്‍മാണത്തെ സംബന്ധിച്ച് തേജസ്വി യാദവ് ഒന്നും അറിയിച്ചില്ലെന്നും നിതിന്‍ നബിന് കൂട്ടിച്ചേര്‍ത്തു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കമ്പനിക്കെതിരെ, കോണ്‍ട്രാക്ടര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല. കുറ്റക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിഹാറിന്റെ വികസനത്തെക്കുറിച്ച് മുഖ്യമന്ത്രിക്കോ ഉപമുഖ്യമന്ത്രിക്കോ വേവലാതികളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗംഗാ നദിക്കു കുറുകെ ഖഗാരിയയെയും ഭഗല്പ്പൂരിനെയും ബന്ധിപ്പിക്കുന്നതാണ് തകര്‍ന്ന പാലം. 2014ല്‍ നിര്‍മാണമാരംഭിച്ച പാലം 14 മാസത്തിനിടയില്‍ രണ്ടു തവണ തകര്‍ന്നു വീണിട്ടുണ്ട്. 2022 ഏപ്രിലിലായിരുന്നു ആദ്യം. രണ്ടാമത്തേത് ഞായറാഴ്ചയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: