തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിവിജയന്റെ അഴിമതി പ്രതിരോധിക്കാന്‍ സിപിഎം മന്ത്രിമാര്‍ രംഗത്തിറങ്ങണമെന്ന മരുമകന് മുഹമ്മദ് റിയാസിന്റെ പ്രസ്താവന സിപിഎമ്മും കുടുംബ പാര്‍ട്ടിയായി മാറിയെന്നതിന്റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്.
മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. കുടുംബത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതാവട്ടെ കുടുംബത്തിലുള്ള മറ്റൊരു അംഗമായ റിയാസും. കേരള ഭരണം പിണറായി വിജയന്റെ കുടുംബകാര്യമായി മാറി കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് ആശയം കേരളത്തില്‍ പൂര്‍ണമായും അപ്രസക്തമായിരിക്കുകയാണ്. കോണ്‍ഗ്രസിനെയും മറ്റ് പ്രാദേശിക പാര്‍ട്ടികളെയും പോലെ സിപിഎമ്മും കുടുംബപാരമ്പര്യത്തിലേക്ക് നീങ്ങുകയാണ്.
എഐ ക്യാമറയും കെഫോണും തട്ടിപ്പാണെന്ന് എല്ലാവര്ക്കും മനസിലായി കഴിഞ്ഞതായി സുരേന്ദ്രന് പറഞ്ഞു. എഐ ക്യാമറയിലെ വിവാദ കമ്പനിയായ എസ്ആര്‍ഐടി തന്നെയാണ് കെഫോണിന്റെയും പിന്നിലുള്ളത്. കെഫോണിന്റെ ചൈനീസ് കേബിളുകള്‍ വാങ്ങിയതിന് പിന്നില്‍ വലിയ ക്രമക്കേട് നടന്നിട്ടുണ്ട്.
കേബിളിന്റെ ഗുണനിലവാരം ഉറപ്പുവരുത്താതെ കണക്ഷന് കൊടുക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണമല്ല ദോഷമാണുണ്ടാക്കുക. എത്രപേര്‍ക്ക് കണക്ഷന് നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കാത്തത് പദ്ധതിയെ സംശയത്തിന്റെ ദൃഷ്ടിയില് നിര്‍ത്തുന്നത്. കെഫോണിന്റെ ഉദ്ഘാടനത്തിന് വേണ്ടി കോടികളാണ് സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: