ജ്യോതിഷ ഭൂഷണം
എസ് ശ്രീനിവാസ് അയ്യര്‍
സത്യത്തില്‍ ഒരു ചെറുകുറിപ്പിലൊതുങ്ങില്ല, ആയില്യത്തിന്റെ ആത്മരഹസ്യങ്ങള്‍. സര്‍പ്പച്ചുരുളുപോലെ നിഗൂഢമാണ് ആയില്യത്തെ സംബന്ധിച്ച എല്ലാക്കാര്യങ്ങളും. മന്ദരപര്‍വ്വതത്തെ ചുറ്റിവരിഞ്ഞുകിടക്കുന്ന വാസുകിയെപ്പോലെ കാലത്തിന്റെ അനന്തതയിലേക്ക് നീങ്ങുന്നതുമാണ് ആയില്യവിശേഷങ്ങള്‍.
സര്‍പ്പങ്ങളാണ് ആയില്യത്തിന്റെ ദേവത. ജ്യോതിഷശില്പികളായ പ്രാചീന മഹര്‍ഷിമാര്‍ പ്രകൃതി, പഞ്ചഭൂതങ്ങള്‍ എന്നിവയോട് ഇണങ്ങിപ്പോകുന്ന ജീവിതദര്‍ശനമാണ് നയിച്ചത്. അത് നക്ഷത്രങ്ങളെ സംബന്ധിച്ച കാര്യങ്ങളിലും കാണാനാവും. നക്ഷത്രങ്ങള്‍ക്ക് ദേവത, പഞ്ചഭൂതം, വൃക്ഷം, പക്ഷി, മൃഗം എന്നിവയെല്ലാം അവര്‍ വിന്യസിച്ചുചേര്ത്തിട്ടുണ്ട്. അവയെ ‘രക്ഷാവന്ദനാദികള്’ ചെയ്തു കൊള്ളണം എന്നിങ്ങനെ നിയമവും കൊണ്ടുവന്നു. ആയില്യത്തിന്റെ ദേവത പ്രകൃതിയിലെ, ഭൂമിയിലെ മനുഷ്യന്റെ ഒരു സഹജീവിതന്നെയാണ്. അങ്ങനെ ഒരു ജീവിയെ മറ്റ് ഇരുപത്തിയാറ് നക്ഷത്രങ്ങളുടേയും ദേവതാസ്ഥാനത്ത് കാണാനുമാവില്ല. ആശ്ലേഷം, ആശ്ലേഷഭം തുടങ്ങിയ വാക്കുകളില്‍ നിന്നാണ് ആയില്യം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. എന്നാല്‍ ആ വാക്കുകളുടെ സര്‍പ്പബന്ധം വ്യക്തമല്ല. ആദിശേഷന് എന്ന അനന്തന്റെ പേരുമായിട്ടുള്ള ബന്ധമാവാം ഒരുപക്ഷേ ആയില്യത്തിന് ആശ്ലേഷം എന്ന പേരുണ്ടാവാന്‍ കാരണമെന്ന് വരുമോ? എല്ലാ ഉത്തരവും കിട്ടിക്കഴിഞ്ഞാല്‍ ജീവിതം വിരസമാവില്ലേ? അന്വേഷിച്ചുകൊണ്ടേയിരിക്കാം.
വാല്മീകി രാമായണം രാമന്റെ നക്ഷത്രം പുണര്‍തം, ഭരതന്റെ പൂയം, ശത്രുഘ്ന ലക്ഷ്മണന്മാരുടെ ആയില്യം എന്നിങ്ങനെ വ്യക്തമാക്കുന്നുണ്ടല്ലോ. നക്ഷത്രേ ‘അദിതിദൈവത്യേ’ എന്ന് പുണര്തത്തെ സൂചിപ്പിക്കുന്നു. ‘പുഷ്യേ ജാതസ്തു ഭരതോ’എന്ന വാക്യം പൂയമാണ് ഭരതന്റെ നക്ഷത്രം എന്ന് പറയുന്നു. ‘സാര്‍പ്പേ ജാതൗ തു സൗമിത്രി’ എന്നിങ്ങനെ ലക്ഷ്മണ ശത്രുഘ്നന്മാരുടെ നക്ഷത്രം ആയില്യമെന്ന് വ്യക്തമാക്കുന്നു. (വാല്മീകിരാമായണം, ബാലകാണ്ഡം, പതിനെട്ടാം സര്‍ഗം). പ്രായോഗികബുദ്ധി ആയില്യം നക്ഷത്രക്കാര്‍ക്ക് കൂടുതലായിരിക്കും. ബുധനാണല്ലോ നക്ഷത്രനാഥന്. അതിനാല്‍ ബുധന്റെ തെളിഞ്ഞബുദ്ധി ഇവര്‍ക്ക് അവകാശപ്പെടാം. ചന്ദ്രന് കൂറിന്റെ അധിപനാകയാല്‍ വൈകാരികപ്രകൃതം ഏറെയുണ്ടാവും. ‘നിര്‍ഗന്ധകുസുമം’ എന്ന മട്ടില്‍ ജീവിക്കാന്‍ ആയില്യം നാളുകാര്‍ക്കാവില്ല. ചുറ്റുപാടുകളോടും സഹജീവികളോടും കൊണ്ടും കൊടുത്തും ഇണങ്ങിയും പിണങ്ങിയും ഉള്ള ജീവിതമാവും ആയില്യം നാളുകാര്‍ക്ക് നയിക്കേണ്ടിവരിക. ആരോഹണവും അവരോഹണവും നിരന്തരമായി ആവര്‍ത്തിക്കുന്ന ജീവിതമാവും എന്നിങ്ങനെ വരാഹമിഹിരന് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.ആയില്യം നക്ഷത്രജാത, കൂടുതല്‍ ക്ലേശമനുഭവിച്ചേക്കാം എന്ന് നിയമങ്ങളിലുണ്ട്. മറ്റു ചില നാളുകളും കൂട്ടത്തിലുണ്ട്. ദാമ്പത്യക്ലേശവും അക്കൂട്ടത്തില്‍ പറയപ്പെടുന്നുണ്ട്. ജീവിതത്തിന്റെ സമരമുഖത്ത് പടവെട്ടി മുന്നേറേണ്ട സന്ദര്‍ഭങ്ങള്‍ കൂടുതലായേക്കാം. പരുക്കന്ഭൂമികളും കാനല്‍ജലവും താണ്ടി മാത്രം ഹരിതതീരത്ത് എത്തുക എന്നതായേക്കാം അനുഭവം.
അസുരഗണം, പുരുഷനക്ഷത്രം, തീക്ഷ്ണനക്ഷത്രം, സംഹാരനക്ഷത്രം എന്നീ വിഭജനങ്ങളിലും ആയില്യം ഉള്‍പ്പെടുന്നുണ്ട്. മൂലം നക്ഷത്രവുമായി വേധമുണ്ട്. തൃക്കേട്ടയും രേവതിയുമാണ് അനുജന്മതാരങ്ങള്. ബുധദശയിലാണ് ജനനം എന്ന് സൂചിപ്പിച്ചു. ബുധന്‍, കേതു, ശുക്രന്, ആദിത്യന്, ചന്ദ്രന്, ചൊവ്വ, രാഹു, വ്യാഴം, ശനി എന്നിങ്ങനെയാണ് ദശകളുടെ ക്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: