പത്ത് വര്‍ഷത്തിനിടെ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വന്‍ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് ലോക പ്രശസ്ത സാമ്പത്തിക ഗവേഷണ സ്ഥാപനമായ മോര്ഗന് സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് നാശത്തിന്റെ പ്രവാചകന്മാരെ വല്ലാതെ നിരാശപ്പെടുത്തിയിരിക്കുകയാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ന്നടിഞ്ഞുവെന്ന് രാജ്യത്തിനകത്തും പുറത്തും കള്ളപ്രചാരണം നടത്തുന്നവരുടെ വായടപ്പിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. ഇന്ത്യ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഏറെ മുന്നേറിയെന്നും, 2013 ലെ ഇന്ത്യയല്ല ഇപ്പോഴുള്ളതെന്നും ‘ഒരു പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യ എങ്ങനെയാണ് മാറിയത്’ എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായിരുന്നിട്ടും, കരുത്തുറ്റ ഓഹരി കമ്പോളമുണ്ടായിരുന്നിട്ടും വിദേശനിക്ഷേപകര്‍ക്ക് ഇന്ത്യയെക്കുറിച്ച് സംശയമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ബിജെപി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തിലേറിയശേഷമുണ്ടായ മാറ്റങ്ങള്‍ ഈ സംശയത്തെ ദൂരീകരിച്ചിരിക്കുകയാണെന്ന് പറയുന്ന റിപ്പോര്‍ട്ട് പ്രധാനമന്ത്രി മോദി നേതൃത്വം നല്കുന്ന ഭരണത്തിനുള്ള വലിയൊരു ബഹുമതിയാണ്.വലിയ ആത്മവിശ്വാസത്തോടെ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കിയതാണ് മാറ്റത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യ ഏഷ്യന്‍, ആഗോള സാമ്പത്തിക വളര്‍ച്ചയിലെ സുപ്രധാന ചാലക ശക്തിയാണെന്ന് കണ്ടെത്തുന്ന റിപ്പോര്‍ട്ട് ദേശീയപാതകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനവും, ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും മറ്റും ഇതിന്റെ ഘടകങ്ങളാണെന്നും എടുത്തുപറയുന്നു.
ചരക്കു സേവന നികുതിയില്‍ നിന്നുള്ള വരുമാനം വര്‍ഷംതോറും കൂടിവരുന്നതും, ആഭ്യന്തര സാമ്പത്തിക വളര്‍ച്ചയുടെ 76 ശതമാനവും ഡിജിറ്റല്‍ രൂപത്തിലായതും മോദി സര്‍ക്കാരിന്റെത് ശരിയായ സാമ്പത്തികനയങ്ങളാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. സാമ്പത്തികശാസ്ത്രജ്ഞനെന്ന് പേരുള്ള ഡോ. മന്മോഹന് സിങ് നേതൃത്വം നല്കിയ പത്ത് വര്‍ഷക്കാലത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കാന്‍ കഴിയാത്തവിധം തകര്‍ന്നുപോയിരുന്നു. അഴിമതിയും കെടുകാര്യസ്ഥതയും ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തി. വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ മടിച്ചുനിന്നു. ആഗോളവല്‍ക്കരണത്തിന്റെ വക്താവായിരുന്നിട്ടും ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ മന്മോഹന് സിങ്ങിന് കഴിഞ്ഞില്ല. ആ സ്ഥാനത്താണ് ‘മോഡിണോമിക്സ്’ വിജയക്കൊടി പാറിക്കുന്നത്. കോണ്‍ഗ്രസ് ഭരണകാലത്തെ അഴിമതി നിറഞ്ഞതും ദുര്‍ബലവുമായ സമ്പദ്വ്യവസ്ഥയുടെ ചിത്രം മോദി സര്‍ക്കാര്‍ മാറ്റി വരച്ചിരിക്കുകയാണ്. കൊവിഡ് മഹാമാരിയും റഷ്യ-ഉക്രൈന് യുദ്ധവും മറ്റും സൃഷ്ടിക്കുന്ന പ്രതിസന്ധിയില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും വലയുമ്പോള്‍ ആഗോളതലത്തില്‍ ചലനങ്ങളുണ്ടാക്കുന്ന മുന്നേറ്റം നടത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത് മോദി സര്‍ക്കാരിനുള്ള ബഹുമതി തന്നെയാണ്. ലോകത്തെ വന്‍ സാമ്പത്തിക ശക്തിയായിരുന്ന അമേരിക്ക പ്രതിസന്ധി പരിഹരിക്കാനുള്ള വഴികള്‍ കാണാതെ വലയുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ച ഇന്ത്യയുടെ ചിത്രം ഓരോ പൗരനും അഭിമാനം നല്‍കുന്നത്.
കോണ്‍ഗ്രസ് ഭരണകാലത്ത് ദിവസേനയെന്നോണം ഉയര്‍ന്നുവന്ന വമ്പന്‍ അഴിമതികള്‍ നോക്കിയയെയും എത്തിസലാത്തിനെയും പോലുള്ള ആഗോളനിക്ഷേപകരെ നിക്ഷേപം നടത്താതെ ഇന്ത്യയില്‍നിന്ന് ഓടിപ്പോകാന്‍ പ്രേരിപ്പിച്ചിരുന്നു. പരിതാപകരമായ ഈ അവസ്ഥയ്ക്കാണ് മോദി സര്‍ക്കാര്‍ കഠിന പ്രയത്നത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും മാറ്റം വരുത്തിയത്. അഴിമതി നടത്താതെ, ഒരാളെയും അതിന് അനുവദിക്കാതെയും, അഴിമതിക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടികളെടുത്തും വ്യവസ്ഥാപിതമായ രീതിയില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ രക്ഷിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. മുന്‍വിധികള്‍ വച്ചുപുലര്‍ത്താത്തവര്‍ക്ക് ഇക്കാര്യം ബോധ്യപ്പെടും. സാമ്പത്തിക ശക്തിയില്‍ ലോകത്ത് പതിനൊന്നാമതായിരുന്ന ഇന്ത്യയെ അഞ്ചാം സ്ഥാനത്ത് എത്തിക്കാന്‍ കഴിഞ്ഞതും, ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയിലേക്ക് കുതിക്കുന്നതും ലോക രാജ്യങ്ങള്‍ അത്ഭുതത്തോടെയും കൗതുകത്തോടെയും നോക്കിക്കാണുകയാണ്. വിദേശപര്യടനങ്ങളില്‍ ഓരോ രാജ്യത്തും പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന സ്വീകരണത്തിന്റെയും, രാഷ്ട്രത്തലവന്മാര് നല്കുന്ന ആദരവിന്റെയും രഹസ്യങ്ങളിലൊന്നാണ് ഇതാണ്. അമേരിക്കന്‍ പ്രസിഡന്റായ ജോ ബൈഡനും ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും മറ്റും മോദിയെ വലിയ നേതാവായാണല്ലോ കാണുന്നത്. അധികാരം നഷ്ടപ്പെട്ടതിന്റെയും, അധികാരത്തില്‍ തിരിച്ചുവരാനാവാത്തതിന്റെയും വേവലാതിയില്‍ കഴിയുന്ന കോണ്‍ഗ്രസ്സും ചില പ്രതിപക്ഷ കക്ഷികളും നടത്തുന്ന കുപ്രചാരണങ്ങള്‍ തള്ളി യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും ദേശീയ ശക്തികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സമയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: