ശ്രീ ശ്രീ രവിശങ്കര്‍
ലോകത്തിലെ ഏറ്റവും പ്രാചീനവും സചേതനവുമായ നാഗരികതയും, ഏറ്റവും പഴക്കമേറിയതും വലുതും ഊര്‍ജസ്വലവുമായ ജനാധിപത്യ രാജ്യവുമായ ഇന്ത്യയുടെ എക്കാലത്തെയും സ്വപ്നം ‘സര്‍വേ ഭവന്തു സുഖിനഃ’ അഥവാ ‘സമസ്തരും സന്തോഷമായിരിക്കുക, എല്ലാവരും അഭിവൃദ്ധി പ്രാപിക്കുക’ എന്നത് തന്നെയായിരുന്നു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഇന്ത്യ ഈ ദിശയില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ശക്തമായ ഭരണനൈപുണ്യവും, ജനങ്ങളുടെ അചഞ്ചലമായ പിന്തുണയും, ആധുനിക സാങ്കേതിക വിദ്യയും, നിശ്ചയദാര്‍ഢ്യവും കൈമുതലായുള്ള പ്രധാനമന്ത്രിയാണ് അത് സാധ്യമാക്കിയത്. ഇത് യുവാക്കളിലും പാവങ്ങളിലും പ്രതീക്ഷ ഉണര്‍ത്തി.
ഗവണ്മെന്റ് വകയിരുത്തുന്നതിന്റെ 10% മാത്രമാണ് അന്തിമ ഗുണഭോക്താവിന് ലഭിക്കുന്നതെന്ന് മുന്‍ പ്രധാനമന്ത്രിമാര്‍ സമ്മതിച്ചപ്പോള്‍, അഭൂതപൂര്‍വമായ നിശ്ചയദാര്‍ഢ്യത്തോടെ ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന് പണം നേരിട്ട് അക്കൗണ്ടുകളിലേക്ക് കൈമാറിക്കൊണ്ട് അന്തിമ ഗുണഭോക്താക്കള്‍ക്ക് അവരുടെ പൂര്‍ണ്ണമായ പങ്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി. തൊഴിലില്ലായ്മ ഒരു വലിയ ആഗോള പ്രശ്നമാണെങ്കിലും, അത് പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളുകയും നഗരങ്ങളില്‍ മാത്രമല്ല, രാജ്യത്തിന്റെ വിദൂര സ്ഥലങ്ങളില്‍ പോലും കൂടുതല്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തുകഴിഞ്ഞിട്ടുണ്ട്.
ക്ലാസ്-4 ജീവനക്കാരെ ഒട്ടേറെ അവസരങ്ങളില്‍ പ്രധാനമന്ത്രി നേരിട്ട് ആദരിച്ചതോടെ തൊഴിലാളികളുടെ ആത്മാഭിമാനം വാനോളം ഉയര്‍ന്നു. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ കുതിച്ചുചാട്ടം വികസിത ഇന്ത്യയുടെ സാക്ഷ്യമായി നിലകൊള്ളുന്നു. പണ്ട് യൂറോപ്പില്‍ യാത്ര ചെയ്യുമ്പോള്‍, അതുപോലെയുള്ള അടിസ്ഥാന സൗകര്യങ്ങളും യാത്രാസുഖവും ഇന്ത്യയില്‍ ഒരിക്കലും സാധ്യമല്ല എന്ന അഭിപ്രായപ്രകടനങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവയെല്ലാം തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു.
നൂറ്റാണ്ടിലൊരിക്കല്‍ മാത്രം പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന കോവിഡ് പോലെയുള്ള മഹാമാരി, ലോകത്തെ ആഗോളവത്കൃത സമീപനങ്ങളില്‍ നിന്ന് മുക്തമാക്കി വിവിധ ക്യാമ്പുകളില്‍ ധ്രുവീകരിക്കുന്നതിനുള്ള വര്‍ദ്ധിച്ച പ്രവണത, റഷ്യ-ഉക്രെയ്ന് സംഘര്‍ഷത്തിന്റെ ഫലമായി യൂറോപ്പിന്റെ ഹൃദയഭാഗത്ത് തുടരുന്ന യുദ്ധം, വര്‍ദ്ധിച്ചുവരുന്ന കാലാവസ്ഥാ ആശങ്കകള്‍, ലോകമെമ്പാടുമുള്ള നിരന്തരമായ പണപ്പെരുപ്പം, ആഗോളതലത്തില്‍ റെക്കോര്‍ഡ് ജനസംഖ്യാ വിഭാഗങ്ങളെ ബാധിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവയാണ് ഈ കാലഘട്ടത്തിലെ പ്രധാന ആഗോള പ്രവണതകള്‍ എന്ന് ചൂണ്ടിക്കാട്ടാവുന്നവ.
ഏഷ്യയിലെ പല ഗവണ്മെന്റുകളും പരാജയപ്പെടുമ്പോഴും, സൂക്ഷ്മവും ബുദ്ധിപരവുമായ നയങ്ങളുടെ പിന്‍ബലത്തോടെ, കരുത്തുറ്റതും പുരോഗതിയിലധിഷ്ഠിതവുമായ സമ്പദ്വ്യവസ്ഥയായി ഇന്ത്യ ഉയര്‍ന്നുവന്നിട്ടുണ്ട്. മികച്ച വിദേശ നയതന്ത്രം ഇന്ത്യക്ക് ലോകമെമ്പാടും അഭൂതപൂര്‍വമായ സ്വീകാര്യത നേടിക്കൊടുത്തു. ലോകജനസംഖ്യയുടെ ആറിലൊന്ന് ഇന്ത്യയിലാണെങ്കിലും, ഇപ്പോള്‍ കേള്‍ക്കുന്നതുപോലെ ഇന്ത്യയുടെ ശബ്ദം മുമ്പൊരിക്കലും ഉയര്‍ന്നു കേട്ടിട്ടില്ല. മൊത്തത്തില്‍ നോക്കിയാല്‍, അന്താരാഷ്ട്ര രംഗത്ത്, ഇന്ത്യ അതിന്റെ ശരിയായ സ്ഥാനം കണ്ടെത്തുകയാണ്. ഇതിന്റെ ക്രെഡിറ്റ് നിലവിലെ ഗവണ്മെന്റിനും അതിന്റെ നയങ്ങള്‍ക്കും മാത്രമുള്ളതാണ്. റഷ്യ-ഉക്രെയ്ന് സംഘര്‍ഷകാലത്ത് പക്ഷം പിടിക്കാതെ നടത്തിയ സന്തുലിത പ്രവര്‍ത്തനം പക്വതയുള്ള മധ്യസ്ഥരാജ്യവും ലോക സമാധാനം സാധ്യമാക്കാന്‍ ശേഷിയുള്ള രാജ്യവുമായി ഇന്ത്യയെ അവതരിപ്പിച്ചു. പല ഏഷ്യന്‍ സമ്പദ്വ്യവസ്ഥകളും തകരുകയും ലോകമെമ്പാടുമുള്ള പല രാജ്യങ്ങള്‍ക്കും പണപ്പെരുപ്പം ഒരു വലിയ പ്രശ്നമാവുകയും ചെയ്തപ്പോള്‍, ഇന്ത്യ അവിശ്വസനീയമായ പ്രതിരോധം കാഴ്ചവച്ചു. കൊവിഡ് മഹാമാരിയുടെ കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാന്‍ ഗവണ്മെന്റ് നടപടികള്‍ സ്വീകരിച്ചു.
ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് ഉണ്ടായിരുന്നിട്ടും രാജ്യത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വൃത്തിഹീനമായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ശോചനീയമായിരുന്നു. ഈ സ്ഥലങ്ങള്‍ മുന്‍ ഗവണ്മെന്റുകള് പാടേ അവഗണിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ബനാറസ്, ഉജ്ജയിന്‍, കേദാര്‍നാഥ്, ഋഷികേശ് തുടങ്ങിയ സ്ഥലങ്ങള്‍ നടത്തിയ മുഖംമിനുക്കല്‍ വരും വര്‍ഷങ്ങളിലും അഭിനന്ദിക്കപ്പെടും.
ആധുനിക നാഗരികതയുടെ ബുദ്ധിക്ക് കളങ്കമായിരുന്ന കാലഹരണപ്പെട്ട അധിനിവേശ വിദ്യാഭ്യാസ സമ്പ്രദായവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ വിദ്യാഭ്യാസ നയം വലിയൊരു വിപ്ലവമാണ്. തങ്ങളുടെ മികവും ശേഷിയും കുഴിച്ചുമൂടേണ്ടതില്ലാത്ത, സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാന്‍ തുറന്ന അവസരങ്ങള്‍ ലഭിക്കുന്ന നമ്മുടെ യുവമനസ്സുകള്‍ക്ക് പുതിയ നയം വളരെ ആശ്വാസമാണ്. വിദ്യാഭ്യാസരംഗത്തെ മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങള്‍ രാജ്യത്തെ വിദ്യാഭ്യാസ ഗുണനിലവാരം വര്‍ധിപ്പിക്കുകയും എല്ലാവര്ക്കും പ്രാപ്യമാക്കുകയും ചെയ്തു.
കലയ്ക്കും സംസ്കാരത്തിനും വലിയ പ്രാധാന്യവും പ്രോത്സാഹനവും മോദി ഗവണ്മെന്റ് നല്‍കിയിട്ടുണ്ട്. നിരവധി പുതിയ മ്യൂസിയങ്ങള്‍ തുറക്കുകയും എല്ലാ കലാരൂപങ്ങള്‍ക്കും ഇടം നല്‍കുകയും ചെയ്തു. ഇത് നമ്മുടെ സാധ്യതകളിലേക്ക് കൂടുതല്‍ വെളിച്ചം വീശുക മാത്രമല്ല, യഥാര്‍ത്ഥ സാധ്യതകള്‍ തിരിച്ചറിയാതെ നിദ്രയിലാണ്ടുപോയ പ്രതിഭകളുടെ ഒരു രാഷ്ട്രമായിരുന്നു നമ്മളെന്നതും വ്യക്തമാക്കുന്നു.
എല്ലാ രാഷ്ട്രീയ നേതാക്കളും കക്ഷികളും മതപരമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്നുണ്ടെങ്കിലും അവര്‍ ഒരിക്കലും അതിനെക്കുറിച്ച് തുറന്നു പറഞ്ഞില്ല. അത് അംഗീകരിക്കാന്‍ ഒരിക്കലും മടി കാണിക്കാത്ത പ്രധാനമന്ത്രി മോദിയാണ് ആ അഭിമാനം പുനഃസ്ഥാപിച്ചത്. ഈ അമൂല്യവും അദൃശ്യവുമായ പൈതൃകങ്ങളെ അദ്ദേഹം മറ്റ് ലോക നേതാക്കള്‍ക്ക് പരിചയപ്പെടുത്തി.
ഏതൊരു സമൂഹത്തിന്റെയും പുരോഗതി ജനങ്ങളുടെ ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും ആശ്രയിച്ചിരിക്കുന്നു. ഒരാളുടെ വേരുകളേയും സംസ്കാരത്തേയും ബഹുമാനിക്കുന്നത് സമൂഹത്തില്‍ ആത്മാഭിമാനം വളര്‍ത്തിയെടുക്കും. ഇത് യാതൊരു മടിയും മുന്‍വിധിയും കൂടാതെ വളരെ നന്നായി കേന്ദ്ര ഗവണ്മെന്റ് നിര്‍വ്വഹിച്ചു.
ഏറെക്കാലമായി അവഗണിക്കപ്പെട്ടിരുന്ന വടക്ക് കിഴക്കാന്‍ മേഖല അതിന്റെ അനന്ത സാധ്യതകളിലേക്ക് ഉണര്‍ന്നു. കശ്മീരിലെ വികസനവും, ഈ മേഖലയിലെ സ്ത്രീകള്‍ ഇന്നനുഭവിക്കുന്ന തുല്യനീതിയും എല്ലാവരുടെയും കണ്ണ് തുറപ്പിക്കുകയും സ്വന്തം ജനങ്ങളോട് ചെയ്ത തെറ്റ് എങ്ങനെ തിരുത്താമെന്ന് തെളിയിക്കുകയും ചെയ്തു. ദോഷൈകദൃക്കുകള്‍ക്കും വിമര്‍ശകര്‍ക്കും ഇതൊരു വലിയ വെല്ലുവിളിയാണ്.
പ്രധാനമന്ത്രി മോദി അഫ്ഗാനിസ്ഥാന് പുതിയ പാര്‍ലമെന്റ് മന്ദിരം സമ്മാനിച്ച കാര്യം പലര്‍ക്കും അറിയില്ല. നൈജീരിയയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരവും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ നിര്‍മ്മിച്ചതാണ്. ഇപ്പോഴിതാ, നമ്മുടെ ഭരണഘടനയെയും പാരമ്പര്യത്തെയും മാനിച്ച് മനോഹരമായ ഒരു പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി മോദി രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒരു അത്ഭുത ഘടന.
ഈ നേട്ടങ്ങള്‍ക്കിടയിലും, ഒഴിവാക്കാമായിരുന്ന പല കുറവുകളും സംഭവിച്ചിട്ടുണ്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം, മറ്റ് സാമൂഹിക പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതില്‍ ഗവണ്മെന്റിനു ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. ശോഭനമായ ഭാവിക്ക് തടസ്സം നില്ക്കുന്ന വെല്ലുവിളികളെ നിലവിലെ ഗവണ്മെന്റ്അഭിമുഖീകരിക്കുന്ന വേഗത പ്രശംസനീയവും പ്രതീക്ഷയേകുന്നതുമാണ്. തീര്‍ച്ചയായും, ഇന്ത്യയുടെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാന്‍ ടീം മോദിക്ക് കൂടുതല്‍ സമയം ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: