ആലപ്പുഴ: ജില്ലയില്‍ രണ്ടു പ്രസിഡന്റുമാരെ നിയമിച്ചതിന് പിന്നാലെ എന്‍സിപിയിലെ ഭിന്നത തെരുവ് യുദ്ധത്തിലേക്ക് നീങ്ങുന്നു. നേരത്തെ മണ്ഡലം തെരഞ്ഞെടുപ്പുകളില്‍ വനിതാ നേതാക്കള്‍ക്ക് അടക്കം മര്‍ദ്ദനമേറ്റിരുന്നു. പലയിടത്തും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തോമസ് കെ. കോമസ് എംഎല്‍എയ്ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്കിയ സംഭവങ്ങളുമുണ്ടായി. അതിനിടെ എന്‍സിപി ജില്ലാ കമ്മറ്റി ഓഫിസ് പിടിച്ചെടുക്കാന്‍ ഇരു വിഭാഗങ്ങളും രംഗത്തെത്തി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ വിഭാഗം കഴിഞ്ഞ ദിവസം ഓഫീസിന്റെ താഴ് തല്ലി തകര്‍ത്ത് പുതിയ താഴിട്ട് പൂട്ടി.
ചാക്കോ പക്ഷക്കാരനായ സാദത്ത് ഹമീദ് ജില്ലാ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതായി പ്രഖ്യാപിച്ചു. പിന്നീട് പി.സി. ചാക്കോയെ എതിര്‍ക്കുന്ന തോമസ് കെ. തോമസ് എംഎല്‍എയുടെ അനുയായികള്‍ കഴിഞ്ഞ അര്‍ദ്ധരാത്രിയില്‍ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ താഴ് തല്ലിത്തകര്‍ത്ത് അകത്തു കടന്ന് എംഎല്‍എയുടെ പക്ഷക്കരാനായ സന്തോഷ് കുമാറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു. എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷം പുതിയ താഴിട്ട് പൂട്ടിയാണ് ഇവര്‍ മടങ്ങിയത്. പി.
സി. ചാക്കോ വിഭാഗം വീണ്ടും എത്തുമോയെന്ന സംശയത്തെ തുടര്‍ന്ന് വന്‍ പോലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയായ എന്‍സിപിയിലെ തമ്മിലടി ഓഫീസ് പിടിച്ചടക്കലിലേക്ക് നീങ്ങുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നു.
പാര്‍ട്ടി ഓഫീസുകള്‍ വിട്ടുകൊടുക്കുന്നതിനോ സ്ഥാനമാനങ്ങള്‍ വിട്ടു നല്‍കുന്നതിനോ തങ്ങള്‍ ഒരുക്കമല്ല എന്നാണ് തോമസ് വിഭാഗത്തിന്റെ നിലപാട് സംസ്ഥാന അധ്യക്ഷനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇവര്‍. പി.സി. ചാക്കോ പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ സംസ്ഥാന എന്‍സിപിയില്‍ പ്രകടമായി തുടങ്ങിയ ഭിന്നത ആലപ്പുഴയിലും ശക്തമാണ്. സന്തോഷ് കുമാറിനെ ജില്ലാ പ്രസിഡന്റായി നിയമിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചതായി തോമസ് കെ. തോമസ് എംഎല്‍എ പറഞ്ഞു. ഇതിന് വിരുദ്ധമായി സംസ്ഥാന പ്രസിഡന്റ് നിയമിച്ചയാളെ അംഗീകരിക്കില്ലെന്നും എംഎല്‍എ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: