പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. പത്തനംതിട്ട വെട്ടൂര്‍ സ്വദേശികളായ അഭിരാജ്, ഋഷി അജിത്ത് എന്നിവരാണ് മരിച്ചത്. അഗ്നിശമനസേനയുടെ സ്ക്യൂബ ടീം എത്തിയാണ് കുട്ടികളെ മുങ്ങിയെടുത്തത്. ഉടന്‍ തന്നെ ഇരുവരെയും ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഫുട്ബോള്‍ കളിക്കാന്‍ പോയിട്ട് തിരിച്ചുവരുന്നതിനിടെയാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെ രണ്ടുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികള്‍ തന്നെയാണ് അഗ്നിശമനസേനയെ വിവരമറിയിച്ചത്. ഇലകൊള്ളൂരില്‍ മഹാദേവ ക്ഷേത്രത്തിന് താഴെ അച്ചന് കോവിലാറ്റില്‍ കുളിക്കാനിറങ്ങിയതാണ് കുട്ടികള്‍. ഒരാള്‍ നീന്തുന്നതിനിടെ അപകടത്തില്‍പ്പെടുകയും രണ്ടാമത്തെ കുട്ടി രക്ഷിക്കാന്‍ ശ്രമിച്ചതോടെയുമാണ് ദാരുണമായ അപകടമുണ്ടായത്.
അഞ്ച് കുട്ടികള്‍ കുളിക്കാനിറങ്ങിയെന്നും മൂന്ന് പേര് അപകടത്തില്‍പ്പെട്ടെന്നും ഇതിലൊരാളെ രക്ഷിച്ചെന്നും നാട്ടുകാര്‍ പറഞ്ഞു. ആഴം കൂടുതലുള്ള സ്ഥലത്താണ് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: