ന്യൂദല്‍ഹി:യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായി രാഹുല്‍ഗാന്ധിയ്ക്ക് സാധാരണ പാസ്പോര്‍ട്ട് നല്‍കുന്നതിനെ എതിര്‍ത്ത് സുബ്രഹ്മണ്യം സ്വാമി. ദല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ ഈ ആവശ്യമുന്നയിച്ച് സുബ്രഹ്മണ്യം സ്വാമി ഹര്‍ജി നല്കി. സാധാരണപാസ്പോര്ട്ടും വാങ്ങി രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയാല്‍ അത് നാഷണല്‍ ഹെറാള്‍ഡ് കേസന്വേഷണത്തെ അട്ടിമറിക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി കരുതുന്നു.
പുതിയ സാധാരണ പാസ്പോര്‍ട്ട് ലഭിക്കുന്നതിന് നോ ഒബ് ജെക്ഷന് സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി ) നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഇതേ കോടതിയില്‍ അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് സുബ്രഹ്മണ്യം സ്വാമി പരാതിയുമായി എത്തിയത്. ‘മോദി’ എന്ന പേരുകാരെ അപകീര്‍ത്തിപ്പെടുത്തി പ്രസ്താവന നടത്തിയതിന് രാഹുല്‍ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നയതന്ത്ര പാസ്പോര്‍ട്ട് തിരിച്ച് നല്‍കേണ്ടതായി വരും.
രാഹുല്‍ഗാന്ധിയുടെ പേരില്‍ ക്രിമില്‍ കേസില്ലാത്തതിനാല്‍ പുതിയ സാധാരണ പാസ്പോര്‍ട്ട് എടുക്കാന്‍ എന്‍ഒസി നല്‍കണമെന്ന് രാഹുല്‍ഗാന്ധിയുടെ അഭിഭാഷകനായ വൈഭവ് മേത്ത വാദിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ അപേക്ഷയില്‍ പ്രതികരിക്കാന്‍ സുബ്രഹ്മണ്യം സ്വാമിക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. കേസ് മെയ് 26ലേക്ക് നീട്ടിവെച്ചു.
രാഹുല്‍ഗാന്ധി യുഎസില്‍ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്യാനും സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പ്രഭാഷണം നടത്താനുമാണഅ പോകുന്നതെന്ന് പറയുന്നു. ഒരാഴ്ച നീണ്ടുനില്‍ക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പര്യടനം.
രാഹുലും സോണിയയും ജയിലില്‍ പോകും: സ്വാമി
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയ്ക്കും സോണിയയ്ക്കും ഇവരുടെ സഹായികളായ ഓസ്കാര്‍ ഫെര്‍ണാണ്ടസ്, അന്തരിച്ച മോത്തിലാല്‍ വോറ, സാം പിട്രോഡ എന്നിവര്‍ക്കും എതിരെ 2012ലാണ് സുബ്രഹ്മണ്യം സ്വാമി കേസ് ഫയല്‍ ചെയ്തത്. വെറും 50 ലക്ഷം മാത്രം നല്കി രാഹുലിനും സോണിയയ്കും ഉടമസ്ഥാവകാശമുള്ള യംഗ് ഇന്ത്യ വഴി 90. 25 കോടി ആസ്തിയുള്ള കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ ഏറ്റെടുക്കുകയായിരുന്നു. ഈ കേസില്‍ 2015 ഡിസംബറില്‍ രാഹുലിനും സോണിയയ്ക്കും ജാമ്യം കിട്ടി. നാഷണല്‍ ഹെറാള്‍ഡ് എന്ന കോണ്‍ഗ്രസ് പത്രം പ്രസിദ്ധീകരിക്കുന്ന കമ്പനിയാണ് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്. ഇന്ത്യയിലെ മിക്കനഗരങ്ങളിലും കെട്ടിടങ്ങളും ഭൂമിയും അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനുണ്ട്. ഇതാണ് വെറും 50 ലക്ഷം രൂപ നല്കി രാഹുലിന്റെയും സോണിയയുടെയും സ്ഥാപനമായ യംഗ് ഇന്ത്യ സ്വന്തമാക്കിയതെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ വാദം.
ഈ കേസില്‍ രാഹുലും സോണിയയും ജയിലില്‍ പോകുമെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: