ഇസ്ലാമബാദ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ രജിസ്റ്റര്‍ ചെയ്ത എട്ട് കേസുകളില്‍ ജൂണ്‍ എട്ട് വരെ അറസ്റ്റ് പാടില്ലെന്ന് ഭീകര വിരുദ്ധ കോടതി. മാര്‍ച്ച് 18 ന് ഇംറാന്‍ ഖാന് കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ അനുയായികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വാദം കേട്ട ശേഷം ഇമ്രാന് ഖാന്റെ ഇടക്കാല ജാമ്യം കോടതി നീട്ടുകയായിരുന്നു. നേരത്തെ, അല്‍ ഖാദര്‍ ട്രസ്റ്റ് അഴിമതി കേസില്‍ ഖാന്റെ ഭാര്യ ബുഷ്റ ബീബിക്കും മെയ് 31 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഖാന്റെ ഭാര്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി അംഗീകരിക്കുകയും അഞ്ച് ലക്ഷം രൂപയുടെ ആള് ജാമ്യം സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു.
ഒരു റിയല്‍ എസ്റ്റേറ്റ് മുതലാളിയുമായി മുന്‍ ഇംറാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപാടില്‍ ഇംറാനും ഭാര്യ ബുഷ്റ ബീബി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അന്വേഷണം നടത്തിവരികയാണ്.ദേശീയ ഖജനാവിന് 190 ദശലക്ഷം പൗണ്ടിന്റെ നഷ്ടം വരുത്തിയെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: