മാര്‍ക്സിസ്റ്റുകാരനായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത് അക്ഷരംപ്രതി നടപ്പാക്കണം. അല്ലെങ്കില്‍ മഹാകുഴപ്പമാണ്. ദേവസ്വം ബോര്‍ഡ് രൂപീകരിച്ചതു തന്നെ കമ്മ്യൂണിസ്റ്റുകാരനെ പ്രസിഡന്റാക്കാനാണല്ലൊ.
കേരള പിറവിക്ക് മുന്നേ പിറന്നതാണ് ദേവസ്വം ബോര്‍ഡ്. പറഞ്ഞിട്ടെന്തുകാര്യം. വന്നുവന്ന് കേരളത്തിനും മുകളിലാണ് ദേവസ്വം ബോര്‍ഡ് പറക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പാടേ മറന്നു. ദേവസ്വം ബോര്‍ഡ് എന്നുപറഞ്ഞാല്‍ വരുമാനമുള്ള ക്ഷേത്രങ്ങള്‍ക്കു മാത്രം പറഞ്ഞതാണെന്നാണ് വയ്പ്. വരുമാനം നല്കുന്നതോ ഭക്തജനങ്ങളാണ്. എന്നാല്‍ ഭക്തജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നടത്താന്‍ വല്ല മാര്‍ഗവുമുണ്ടോ, അതൊട്ടില്ല താനും.
ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് മതപഠന സൗകര്യങ്ങള്‍ ഒരുക്കുക എന്നത്. അതെങ്ങാനും നടക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ശുണ്ഠിപിടിക്കും. ഉടനെ ചോദ്യം വരും ‘ഇയാള്‍ ആര്എസ്എസുകാരണോ’ എന്ന്.
ക്ഷേത്രങ്ങളില്‍ പൂജാരിമാരെ കിട്ടാനില്ല എന്ന പരാതിയാണ് എന്നും ഉയരാറ്. പൂജാരിമാരെ പരിശീലിപ്പിക്കാന്‍ പദ്ധതിയുണ്ടോ, അതൊട്ടില്ല താനും. പൂജാവിധികള്‍ പഠിപ്പിക്കുന്ന ഒരു സ്ഥാപനമുണ്ട്. അതാകട്ടെ ആര്‍എസ്എസുകാരനായ മാധവ്ജി സ്ഥാപിച്ച തന്ത്രവിദ്യാപീഠം. അബ്രാഹ്മണരെ പൂജാരിമാരാക്കണമെന്ന മുദ്രാവാക്യം ഉയറാറുണ്ട്. യാദൃശ്ചികമായി ഒരു പൂജാരിയെ കിട്ടിയാലോ അവനെ തട്ടിക്കളിക്കുന്നതിലാണ് താല്പര്യം. അബ്രാഹ്മണരെ പൂജാരിയാക്കാനുള്ള പരിശീലനവും തന്ത്രവിദ്യാപീഠത്തില്‍ മാത്രം.
അമ്പലങ്ങള്‍ അന്ധവിശ്വാസങ്ങളുടെ ആവാസകേന്ദ്രം എന്നതാണ് കമ്യൂണിസ്റ്റ് സങ്കല്പം. ഒരമ്പലം തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസം കുറഞ്ഞു എന്ന് പഠിപ്പിക്കുന്ന പാര്‍ട്ടി. അമ്പലത്തില്‍ പോകാന്‍ പാടില്ല. വഴിപാട് നേരാന്‍ പാടില്ല. ഗണപതിഹോമം നടത്താന്‍ പാടില്ല. കുറിതൊട്ട് നടക്കാന്‍ പാടില്ല എന്നൊക്കെ പാര്‍ട്ടി പ്ലീനത്തില്‍ കേട്ടതാണ്. എന്നാല്‍ അമ്പലത്തിന്റെ നടത്തിപ്പിന് കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരന് ഒരു കുഴപ്പവുമില്ല. ലാഭമുള്ളതാണെങ്കില്‍ ആചാരങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കും. അല്ലെങ്കില്‍ ആചാരങ്ങള്‍ ലംഘിക്കാനുള്ളതാണെന്ന് ന്യായം.
അതാണല്ലൊ ശബരിമലയില്‍ യുവതീപ്രവേശനത്തില്‍ കണ്ടത്. ഒരു മണ്ഡലകാലം മുഴുവന്‍ യുദ്ധസമാനമായ സാഹചര്യമുണ്ടാക്കി. മൂന്നാല് യുവതികളെ തേടിപ്പിടിച്ച് വേഷം കെട്ടിച്ച് ശബരിമലക്കയച്ചതല്ലെ. എന്നിട്ടെന്തായി! ആയിരക്കണക്കിന് സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളുടെ ചെറുത്തുനില്‍പ്പുണ്ടായി. പിണറായി വിജയന്റെ തിട്ടൂരത്തെ പമ്പയാറ്റില്‍ മുക്കിക്കൊന്നു. അതിരിക്കട്ടെ, പ്ലീനത്തീരുമാനം എന്തായാലും അമ്പലത്തില്‍ പോകാന്‍ വെമ്പല്‍കൊള്ളുന്ന സഖാക്കളുണ്ട്. എംഎല്‍എമാരടക്കം. അങ്ങിനെയൊരാളാണ് കോന്നി എംഎല്‍എ കെ.യു. ജനീഷ്കുമാര്‍. പുള്ളിക്കാരന് ഭാര്യയേയും മകളെയും കൂട്ടി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. ആചാരമര്യാദകളെല്ലാം പാലിച്ചായിരുന്നു ക്ഷേത്രദര്‍ശനം. ചിത്രസഹിതം വാര്‍ത്ത വൈറലായി. പോരെ പൂരം.
ഒടുവില്‍ എംഎല്‍എയുടെ വിശദീകരണവും വന്നു. ‘ഒരുസുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ഗുരുവായൂരില്‍ പോയത്. താനും പ്രമോദ് നാരായണന് എംഎല്‍എയുമുണ്ടായിരുന്നു. ഗുരുവായൂരില്‍ ചെന്നപ്പോള്‍ ആചാരങ്ങള്‍ മാനിച്ചു. ഭാര്യതന്നെയാണ് ചിത്രമെടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ ചേര്‍ത്തത്. അതിപ്പോള്‍ ചിലര്‍ വിവാദമാക്കുകയാണ്.’ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍.
കടകംപള്ളി സുരേന്ദ്രന് അമ്പലത്തില്‍ പോകാം. ഇ.പി. ജയരാജന് അമ്പലത്തില്‍ പോകാം. കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ ഭാര്യയ്ക്ക് കാടാമ്പുഴയില്‍ പൂമൂടല്‍ ചടങ്ങ് നടത്താം. ഇങ്ങ് ശബരീശന്റെ നാട്ടില്‍ നിന്ന് ഒരു സഖാവ് ഭക്ത്യാദരപൂര്‍വം ഗുരുവായൂരില്‍ ചെന്ന് വണങ്ങിയത് ഇത്രയും വിവാദമാക്കേണ്ടതുണ്ടോ? ഇതേ എംഎല്‍എയുടെ നേതാവാണല്ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.
ദേവസ്വം ബോര്‍ഡിന്റെ പുതിയ ഉത്തരവാണ് കെങ്കേമം. അതിങ്ങനെ ”ആര്‍എസ്എസ് ശാഖകളും മാസ് ഡ്രില്ലുകളും ക്ഷേത്രങ്ങളില്‍ പാടില്ല.” ഒരു ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിനകത്തും ആര്‍എസ്എസ് ശാഖകള്‍ നടക്കുന്നില്ല. മാസ് ഡ്രില്ലുകളുമില്ല. എന്നിട്ടും വിചിത്രമാണ് നിര്‍ദ്ദേശം. നിര്‍ദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ആര്‍എസ്എസുകാര്‍ക്ക് ചൂടുവെള്ളത്തില്‍ കുളിക്കാന്‍ അനുവാദമുണ്ടോ എന്നാണ് അറിയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: