ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ കൈവിട്ടതോടെ ചെറുകിട കയര്‍ മേഖലയും, കയര്‍പിരി സംഘങ്ങളും കടുത്ത പ്രതിസന്ധിയിലായി. പൊതുമേഖലാ സ്ഥാപനമായ കയര്‍ഫെഡിന്റെ സംഭരണം നിലച്ചതോടെ കയര്‍പിരി സംഘങ്ങളുടെ പ്രവര്‍ത്തനം നിശ്ചലം.
സംഘങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതലുള്ള കയര്‍ കെട്ടിക്കിടക്കുന്നു. ക്വിന്റല്‍ കണക്കിന് കയറാണ് ഇത്തരത്തിലുള്ളത്. ഈ സാഹചര്യത്തില്‍ കൂലി കൊടുക്കാന്‍ പോലും പണമില്ലാതെ പല സംഘങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കൂടാതെ കയര്‍ സംഘങ്ങളില്‍ നിന്ന് സംഭരിച്ച കയര്‍, കയര്‍ഫെഡിലും കെട്ടിക്കിടക്കുന്നു.
സംസ്ഥാനത്തെ 700ലധികം സംഘങ്ങളില്‍ നിന്നായി കയര്‍ഫെഡിന്റെ ഇരുപതോളം ഗോഡൗണുകളില്‍ 30 കോടിയോളം രൂപയുടെ കയര്‍ കെട്ടിക്കിടക്കുന്നതായാണ് വിവരം. ഇതോടെയാണ് കയര്‍ഫെഡ് സംഭരണം നിര്‍ത്തിയത്. സംസ്ഥാനത്ത് സംഭരിക്കുന്ന കയറിന്റെ 40 ശതമാനവും കായംകുളം കയര്‍ പ്രോജക്ടിലെ സംഘങ്ങളില്‍ നിന്നാണ്. 110 സംഘങ്ങളാണ് കായംകുളം കയര്‍ പ്രോജക്ടിലുള്ളത്. ചിറയിന്‍കീഴ്, ആലപ്പുഴ, കൊല്ലം, കായംകുളം, വൈക്കം, നോര്‍ത്ത് പറവൂര്‍, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പൊന്നാനി പ്രോജക്ടുകളിലായി 80,000 കയര്‍പിരി തൊഴിലാളികളും ഉത്പാദന മേഖലയില്‍ 20,000 തൊഴിലാളികളും പണിയെടുക്കുന്നു.
കയര്‍ കെട്ടിക്കിടക്കുന്നതില്‍ ഇനി എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് തൊഴിലാളികള്‍. കഴിഞ്ഞ കയര്‍ കേരളയില്‍ ലഭിച്ച ഓര്‍ഡര്‍ അനുസരിച്ച് ഉത്പന്നങ്ങള്‍ കൃത്യമായി എത്തിക്കാന്‍ കയര്‍ വകുപ്പ് പരാജയപ്പെട്ടതാണ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയതെന്ന് വിവിധ തൊഴിലാളി യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു.
കയര്‍ഫെഡ് സംഭരിച്ച കയറിന്റെ വില കൃത്യമായി നല്കുകയും, കയര്‍സംഘങ്ങളില്‍ കെട്ടിക്കിടക്കുന്ന കയര്‍ സംഭരിക്കുകയും ചെയ്താല്‍ മാത്രമെ കയര്‍പിരി തൊഴിലാളികളുടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയു. എന്നാല്‍ ഇടതു സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
ഇടതുപക്ഷത്തിന് ഇപ്പോഴും ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള തൊഴില്‍ മേഖലയാണിത്. കയര്‍ മന്ത്രിക്കും വകുപ്പിനുമെതിരെ ഗത്യന്തരമില്ലാതെ സിപിഐക്കും, എഐടിയുസിക്കും പോലും പരസ്യമായി രംഗത്ത് വരേണ്ടി വന്നു. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലം മുതലാണ് കയര്‍ മേഖല കടുത്ത അവഗണന നേരിട്ടു തുടങ്ങിയതെന്ന് തൊഴിലാളികള്‍ പറയുന്നു.
ആലപ്പുഴ ജില്ലയില്‍ മാത്രം ഏതാനും മാസങ്ങള്‍ക്കിടെ കയര്‍ മേഖലയില്‍ പണിയെടുക്കുന്ന മൂന്നു തൊഴിലാളികളാണ് വേലയും കൂലിയുമില്ലാതെ ജീവനൊടുക്കിയത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍, പരമ്പരാഗത കയര്‍ത്തൊഴിലാളികളുടെ കൂലി കൊടുക്കാനുള്ള ദയ എങ്കിലും കാണിക്കണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: