മുറിക്കണം, പല ചെറു കഷണങ്ങളാക്കണം, അവിടങ്ങളില്‍ ആധിപത്യം ഉണ്ടാക്കണം, ഒടുവില്‍ ഒരു കൂട്ടമാക്കി അതിന്റെയെല്ലാം അധിപതിയാകണം. തന്ത്രശാലികള്‍ അങ്ങനെയാണ് ചെയ്യുക. പക്ഷേ ‘ഒന്നിപ്പിക്കലിനു’വേണ്ടിയാണെങ്കില്‍ അതിനെ ‘തന്ത്ര’മെന്നും പങ്കിട്ടും പകുത്തും പലതാക്കി നശിപ്പിക്കാനാണെങ്കില്‍ അതിനെ ‘കുതന്ത്ര’മെന്നുമാണ് വിളിക്കുക. അവിയലിന് പച്ചക്കറി നുറുക്കുന്ന കാര്യമല്ല, രാജ്യതന്ത്രത്തിന്റെ കാര്യമാണ് പറയുന്നത്.
ഇന്ത്യയ്ക്കുമുമ്പ് ഭാരതമായിരിക്കെ, ദിക്കറിയാനാണ് ദക്ഷിണ ഭാരതമെന്നും ഉത്തരഭാരതമെന്നും പൂര്വാഞ്ചലമെന്നും മറ്റും പറഞ്ഞിരുന്നത്. അതിലുപരി, ഒന്നെന്ന സാംസ്കാരിക, ദേശീയ ഏകതയുടെ പ്രഭാവം ഉണ്ടായിരുന്നതിനാലാണ് കേരളത്തില്‍നിന്ന് ആദി ശങ്കരന് അറിവ് തേടിയും അറിയിച്ചും ഭാരതത്തിന്റെ നാലു ദിക്കിലും കാല്നടയായിപ്പോയത്, അവിടങ്ങളില്‍ ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. പക്ഷേ, മണ്ണിന് അതിര്‍ത്തി അളന്നു തിരിച്ച് വിഭജിച്ചുകഴിഞ്ഞപ്പോള് കിഴക്കിന്റെ വലിയൊരു ഭാഗം നഷ്ടപ്പെട്ടാണല്ലോ ഭാരതം ഇന്ത്യയായത്. കിഴക്കിനെ പിന്നെയും മുറിച്ചു മാറ്റാന്‍ വടക്കു-കിഴക്കില്‍ നടത്തിയ ചിലരുടെ പരിശ്രമങ്ങള്‍ക്ക് പദ്ധതിയിട്ടവരും അതിന് കൈകൊടുത്തവരും ഇവിടെയുണ്ട്. അത്തരക്കാര്‍ക്ക് അന്ന് അവിടെ ഒളിഞ്ഞും ചതിച്ചും നേടാന്‍ സാധിക്കാത്തത് ഇങ്ങ് തെക്ക് പരസ്യമായി ചെയ്യാന്‍ ഇന്ന് കിട്ടിയ ധൈര്യമാണ് ‘കട്ടിങ് ദ സൗത്ത്;’ തെക്കിനെ മുറിച്ചൊതുക്കുക, വേറിട്ട് പോകുക, എന്നതാണ് ആസൂത്രണം. പക്ഷേ, എങ്ങോട്ട്? എവിടെനിന്ന്? എങ്ങനെ? എത്രത്തോളം? എന്നീ ചോദ്യങ്ങള്‍ക്ക് പ്രസക്തി ഏറെയാണ്.
‘കട്ടിങ് ദ സൗത്ത്’ എന്നു കേള്‍ക്കുമ്പോള്‍ ‘ഹെയര്‍ കട്ടിങ്’ പോലെ എന്തോ ‘കേശാലങ്കാര’ പരിപാടിയാണെന്ന് ചിന്തിച്ചവരും ധരിച്ചവരുമുണ്ടാകണം. അതുകൊണ്ടല്ലേ ഉള്ളുകള്ളികള്‍ പുറത്തുവന്നപ്പോള്‍ പലരും സ്ഥലത്തുനിന്ന് ഓടിയൊളിച്ചത്. എക്കാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും, അവരുടെ ചിന്തയും പരിപാടിയുമുള്ള മറ്റ് ഏത് പാര്‍ട്ടിയും, ഏത് സംഘടനയും വെച്ചുതാലോലിക്കുന്ന ആശയമാണ് ഇന്ത്യയുടെ പൊതു സംവിധാനത്തില്‍നിന്ന് വേറിട്ടുപോകുക എന്ന സന്ദേശം പ്രചരിപ്പിക്കല്‍. അത് നടപ്പാക്കാനാവില്ലെന്ന് നല്ല ഉറപ്പുണ്ടായിട്ടും അവരത് പ്രചരിപ്പിച്ചുകൊണ്ടേയിരിക്കും. കേന്ദ്ര ഭരണം ഒരിക്കലും ലഭിക്കില്ലെന്നറിയാവുന്ന അവര്‍ സംസ്ഥാനങ്ങളെ കേന്ദ്രം വിഴുങ്ങുന്നു, വിഷമിപ്പിക്കുന്നുവെന്ന് എക്കാലവും പ്രചരിപ്പിക്കും. അത് കേന്ദ്രത്തില്‍ ഏതു സര്‍ക്കാര്‍ വന്നാലും അങ്ങനെതന്നെ. 2008 ഒക്ടോബര്‍ 16 ന്, സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരേ എന്ന പേരില്‍ കേരള മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ദല്‍ഹിയില്‍ സത്യഗ്രഹമിരുന്നു. അന്ന് ഇന്ന് കമ്മ്യൂണിസ്റ്റുകളും തോളില്‍ കൈയിട്ട് നടക്കുന്ന കോണ്‍ഗ്രസിന്റെ മുന്നണി കേന്ദ്രം ഭരിക്കുന്നകാലമാണ്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ആവശ്യമായ റേഷന്‍ വിതരണ വസ്തുക്കള്‍ നല്‍കുന്നില്ല, വൈദ്യുതി വിഹിതം പോരാ, റെയില്‍വേ വികസനത്തിന് ഫണ്ട് നല്‍കുന്നില്ല, ഐഐടി അനുവദിക്കുന്നില്ല തുടങ്ങിയവയായിരുന്നു കാരണങ്ങള്‍. ഇന്നിപ്പോള്‍ 15 വര്‍ഷം പിന്നിടുമ്പോള്‍ ഈ ആവശ്യങ്ങളൊന്നും കേരളം ഉയര്‍ത്തുന്നില്ല. കാരണമുണ്ട്, കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിന് ആവശ്യത്തിന് വൈദ്യുതി നല്കുന്നു, റേഷന്‍ വസ്തുക്കള്‍ ഇവിടെ കുമിഞ്ഞു കൂടുന്നു; സംസ്ഥാനത്തിന് വിതരണം ചെയ്യാന്‍ കഴിയാത്തത്ര തോതില്‍. അപ്പോള്‍പ്പിന്നെ സത്യഗ്രഹ സമരത്തിനും ഉപവാസ ധര്‍ണ്ണയ്ക്കും സാധ്യതയില്ല. പക്ഷേ, സംഘര്‍ഷമല്ലാതെ സമന്വയവും സഹവര്‍ത്തിത്വവും വശമില്ലാത്തവര്‍ക്ക്, സ്വയം വാല്‍മുറിച്ചിട്ട് ശ്രദ്ധമാറ്റുന്ന ഉത്തരം താങ്ങുന്ന, ഉത്തരവാദിത്വമില്ലാത്ത ഗൗളികളാകാനല്ലേ പറ്റൂ.
പക്ഷേ, അതിനപ്പുറം ചില അപകടങ്ങള്കൂടിയുണ്ട്. ഒട്ടേറെ വൈരുദ്ധ്യങ്ങളും. വ്യാജപ്രചാരണത്തിലൂടെ താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കുകയാണ് ‘കട്ടിങ് ദ സൗത്തു’കാര്‍. ‘എന്റെ രാജ്യം’ എന്ന തോന്നലിനെ തോല്പ്പിക്കുന്നതാണ് ‘എന്റെ സംസ്ഥാനം മാത്രം’ എന്ന വികാരം. അത് വിചാരപക്ഷത്തേക്കുമാറുമ്പോള് പുനശ്ചിന്തയ്ക്ക് ഇടവന്നേക്കാം, ഇത് ശരിയല്ലല്ലോ എന്ന് തോന്നിപ്പിക്കാം. എന്നാല്‍, ഒരുകൂട്ടം സമാനമനസ്കരുണ്ടെന്ന തോന്നല്‍ തെറ്റായ മനസ്സുകള്‍ക്ക് ആള്‍ക്കൂട്ട മനസ്സാകാന് പ്രേരണ നല്‍കും. കര്‍ണാട തെരഞ്ഞെടുപ്പിലെ ബിജെപി പരാജയം ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പായി പര്വതീകരിച്ചുപറഞ്ഞ് ബിജെപിയുടെ ‘പകുതി ഇന്ത്യ’യിലെപരാജയമാക്കി പ്രചരിപ്പിച്ചത് ഇതിന്റെ ഭാഗമാണ്. ഇത്തരം ‘കട്ടിങ് ദ സൗത്ത്’ വിഘടന പരിപാടികള്‍ക്ക് പൊതു ഖജനാവില്‍നിന്ന് കേരള സര്‍ക്കാര്‍ പണം ചെലവിടുന്നതാണ് മറ്റൊരപകടം.
ഇനി, തമിഴ്നാടും കേരളവും ഭരിക്കുന്നത് സമാന രാഷ്ട്രീയ സ്വഭാവക്കാരാണെന്ന് തോന്നാം. കര്‍ണാടകത്തിനും ഇന്ത്യന്‍ സര്‍ക്കാര്‍ നയിക്കുന്നവര്‍ക്കെതിരേ ആകുമ്പോള്‍ അവരുടെ സഖ്യക്ഷകക്ഷിയാകാം. ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും കര്‍ണാടത്തിന്റെ രാഷ്ട്രീയ മനസ്സോടെ ഒന്നിക്കാം. പക്ഷേ അതിനപ്പുറം അവര്‍ക്കിടയില്‍ സംസ്ഥാന താല്പര്യങ്ങളും രാഷ്ട്രീയ താല്പര്യങ്ങളും വേവ്വേറേയാണ്. ‘മുല്ലപ്പെരിയാര്‍’ എന്ന ഒരേയൊരു വാക്കില്ത്തീരും സ്റ്റാലിന്-പിണറായി ഒക്കച്ചങ്ങാതി ബന്ധം.
എങ്കിലും കാണാതെ പോകരുത്, ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളുടെ രാഷ്ട്രീയ സ്വാധീനം. അവരെ വളര്‍ത്തുകയും അവരുടെ സംരക്ഷണത്തില്‍ വളരുകയും ചെയ്യുന്നവര്‍ രാജ്യത്തിന്റെ പൊതുതാല്പര്യങ്ങള്ക്ക് വിരുദ്ധരാണെന്ന് മനസ്സിലാക്കാതെയല്ല ചിലരുടെ പ്രവൃത്തികള്‍. എന്നിരിക്കിലും അവര്‍ക്ക് താല്‍ക്കാലിക രാഷ്ട്രീയ നേട്ടവും അധികാരവുമേ വേണ്ടൂ. ഇവിടങ്ങളാണ് ‘ചുവപ്പു ഭീകര’രായ മാവോവാദികളുടെ സങ്കേതങ്ങളാകുന്നത്. ഇവിടങ്ങളാണ് ‘ജിഹാദിപ്പച്ച’കളുടെ വളര്ത്തുകേന്ദ്രങ്ങളാകുന്നത്. ഇവര്‍ക്കു പലവിധത്തില്‍ സഹായകമാണ് ഇവിടങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന അനുകൂല പരിസ്ഥിതികള്‍ പ്രത്യക്ഷത്തില്‍ നിര്ദോഷമെന്നോ ഗുണപരമെന്നോ തോന്നാവുന്നവയാണ്.
ഏറ്റവും പുതിയ ഉദാഹരണം ഭാഷാ രംഗത്തെ കേരളത്തിന്റെ നടപടിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഷാപരമായ നയകാര്യങ്ങള്‍ നിര്‍ണയിക്കുന്നത് പണ്ടുമുതല്ക്കേ ആഭ്യന്തര വകുപ്പാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ സംഘടിപ്പിച്ച പശ്ചാത്തലത്തില്‍ രാഷ്ട്രഏകതയുടെ സംരക്ഷണം ആഭ്യന്തര വകുപ്പിനായതിനാലാണത്. കേരളത്തില്‍ ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയുടെ പക്കലാണ്. പക്ഷേ ഇവിടത്തെ ഭാഷാകാര്യങ്ങള്‍ സാംസ്കാരിക വകുപ്പിന്റെ കീഴിലാണ്; മന്ത്രി സജി ചെറിയാന്റെ നിയന്ത്രണത്തില്‍. അദ്ദേഹമാണെങ്കില്‍ ‘ഭാഷയുടെ ഉപയോഗത്തില്‍ ആശാ’നാണെന്ന് തെളിയിച്ചിട്ടുമുണ്ട്; ഭരണഘടനയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നയാളാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഹിന്ദിക്ക് പ്രാധാന്യം കൊടുക്കുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവന മുമ്പ് വന്‍വിവാദമാക്കി ചിലര്‍. കേരളവും തമിഴ്നാടും അതിനായി മത്സരിച്ചു. ‘ഇന്ത്യക്കാര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഇന്ത്യന്‍ ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കണം, ഇംഗ്ലീഷിനേക്കാള്‍ ഹിന്ദിക്ക് പ്രാമുഖ്യം കൊടുക്കണം’ എന്നാണ് അമിത് ഷാ അഭിപ്രായപ്പെട്ടത്. അതിന് ഹിന്ദി നിര്‍ബന്ധഭാഷയാക്കി അടിച്ചേല്‍പ്പിക്കാന്‍ പോകുന്നുവെന്നായി മുറവിളി.
കഴിഞ്ഞ ദിവസം കേരള സര്‍ക്കാരിന്റെ ഒരു പ്രഖ്യാപനമുണ്ട്… ‘അനന്യ മലയാളം’; അതിഥി മലയാളം പരിപാടിയാണെന്നാണ് വിവരണം. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ‘അതിഥി’ത്തൊഴിലാളികളെ മലയാള ഭാഷയില്‍ സമ്പൂര്‍ണ സാക്ഷരരാക്കുന്ന പദ്ധതിയെന്നാണ് വിശദീകരണം. മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. എന്താണ് ‘അനന്യ മലയാളം?’ ആ വാക്ക് വിശകലനം ചെയ്താല്‍ ‘അന്’ ‘അന്യം’ എന്നാണ്. വേറൊന്നില്ലാത്തത്, സമാനമില്ലാത്തത്, തുല്യമില്ലാത്തത്, അദ്വിതീയം, ശ്രേഷ്ഠതയില്‍ ഇതിനപ്പുറമില്ലാത്തത് എന്നൊക്കെയാണ് വ്യാഖ്യാനിക്കാന്‍ പറ്റുന്നത്. സംസ്കൃതമാണ് ആ വാക്ക് കേട്ടോ; മലയാളമല്ല. ഇതര സംസ്ഥാനങ്ങളുടെ കാര്യമായതുകൊണ്ട് ഇതിന്റെ സര്‍ക്കാര്‍ പരസ്യത്തില്‍ ഹിന്ദിയിലും ‘അനന്യ മലയാളം’ എന്ന് എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. അവിടെത്തന്നെ വൈരുദ്ധ്യമാണ്. ഇതര സംസ്ഥാനങ്ങളുടെ ഭാഷ ഹിന്ദിയാണെന്ന് സമ്മതിക്കുകയല്ലേ കേരള സര്‍ക്കാര്‍ ഇതിലൂടെ. പിന്നെ എന്തിനാണ് ഈ ഹിന്ദിവിരോധം കാണിക്കുന്നത്. ഹിന്ദിയെക്കുറിച്ച് ഇല്ലാത്ത അപവാദം ഉണ്ടാക്കി പ്രചരിപ്പിക്കുന്നത്. ഇനി ഹിന്ദിയില്‍ ‘അനന്യ’യുടെ അര്‍ത്ഥവും ഏറെക്കുറേ അതാണ്, ഇംഗ്ലീഷില്‍ ‘യുണീക്’ എന്നൊക്കെ വിശദീകരിക്കാം. അര്‍ത്ഥം: അസാധാരണമായ, അതിവിശിഷ്ടമായ… ഏത്? ഇതര സംസ്ഥാനക്കാരനെ ഇവിടുത്തെ ഭാഷ പഠിപ്പിക്കുകയാണ്, അവന്റെ ഭാഷയേക്കാള്‍ മികച്ചതാണ് ഇത് പഠിച്ചോ എന്നാണ് പറയുന്നത്. അതാണ് ‘അതിഥി’യോടുള്ള ‘അനന്യ’മായ മര്യാദ. എന്തെങ്കിലുമൊക്കെ ചെയ്യണം, അത് ഞങ്ങളാണ് ആദ്യം ചെയ്തതെന്ന് പറയണം, അത് മികച്ചതെന്ന് അവനവന് സ്വന്തം തോളില്‍ത്തട്ടി പറയണം. ഇങ്ങനെയാണോ കേരളത്തിന്റെ സ്വാഭിമാനം ഉണ്ടാക്കുന്നത്. ഇങ്ങനെയാണോ കേരളീയന്റെ ആത്മാഭിമാനം ഉയര്‍ത്തുന്നത്? ‘കണ്ടറിയണം കോശീ’ നമ്മുടെ ഭാവി.
മാധ്യമങ്ങള്‍ പലതും ഇതൊന്നുമറിയാതെ ‘സൗത്ത് (കേക്ക്) കട്ടിങ്ങില്‍’ ഒരു കഷണം കഴിക്കാന്‍ കൊതിപൂണ്ടെന്നപോലെ ഇറങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരള മീഡിയ അക്കാദമി പറയുന്നു ‘കട്ടിങ് ദ സൗത്ത്’ മീഡിയ പരിപാടി നടത്തിയത് അവരുടെ ചെലവിലായിരുന്നുവെന്ന്. പരിപാടിയില്‍ മുഖ്യപങ്കാളിയായ ‘ന്യൂസ് മിനിട്ട്’ എന്ന മാധ്യമം പറയുന്നു കാനഡയുടെ സഹായമുണ്ടെന്ന്. അപ്പോള്‍ കാനഡ പണം ആര്‍ക്കുപോയി? (കാനഡയിലെ കമ്പനിയായിരുന്നു ‘ലാവ്ലി’നും, അതുവേറേ വിഷയം). കാത്തിരുന്നു കാണാം ആ ‘കട്ടിങ്ങില്‍’ ആരുടെ ചോരപൊടിയുമെന്ന്.
അതിനിടെയാണ് ചില നല്ല സൂചനകള്‍ ആശ്വാസം നല്‍കുന്നത്. മാധ്യമ പ്രവര്‍ത്തനവും പരിശീലനവും ഗവേഷണവും പുഴുക്കുത്തനുഭവിക്കുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകര്‍തന്നെ പറയുമ്പോള്‍ ചില ‘ബോണ്ട് വിത് സൗത്തും’ സംഭവിക്കുന്നു. കോഴിക്കോട്ട് ചാലപ്പുറത്തെ മഹാത്മാ ഗാന്ധി കോളജ് ഓഫ് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍സ് (മാഗ്കോം), ഏഷ്യയിലെ ഏറ്റവും വലിയ പത്രപ്രവര്‍ത്തന പരിശീലന കേന്ദ്രമായ, മധ്യപ്രദേശിലെ മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സുമായി അക്കാദമിക കരാര്‍ ഒപ്പുവെച്ചിരിക്കുന്നു. അതിനും മുമ്പ്, ദല്‍ഹിയിലെ പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്രു നാഷണല്‍ യൂണിവേഴ്സിറ്റി (ജെഎന്‍യു) വുമായി സമാനകരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഒരുവശത്ത് ‘സൗത്തിനെ കട്ട്’ ചെയ്യാനുള്ള പാഴ്ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഒരുവശത്ത് ‘സൗത്തുമായി’ ദൃഢബന്ധങ്ങള്‍ സ്ഥാപിക്കപ്പെടുന്നു.
പിന്കുറിപ്പ്:
കെഎസ്ആര്‍ടിസി ബസ്സിലെ ആ കണ്ടക്ടര്‍ക്ക് അഭിനന്ദനം. എസ്എഫ്ഐയുടെ കുട്ടിസഖാക്കള്‍ ഒരിടത്ത് ആള്‍മാറാട്ടം നടത്തുമ്പോള്‍ മറുവശത്ത് സിഐടിയുവിന്റെ മൂത്ത സഖാക്കള്‍ ആളെ പിടിച്ചുകെട്ടുന്നു. ആഹാ! എന്തൊരുഗ്രന്‍ ബാലന്‍സിങ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: