പൂക്കോട്(വയനാട്): അഞ്ച് ലക്ഷത്തോളം കുടുംബങ്ങള്‍ കന്നുകാലികളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക വികസനത്തില്‍ മൃഗസംരക്ഷണ മേഖലയുടെ പങ്ക് നിര്‍ണായകമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സമൂഹത്തിന്റെ മുന്നേറ്റത്തിനായി മേഖലയില്‍ ക്രിയാത്മകമായ സേവനം അഭ്യസ്തവിദ്യരായ യുവതലമുറ ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളജില്‍ കേരള വെറ്ററിനറി സര്‍വകലാശാല നാലാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
കര്‍മ്മോത്സുകതയില്ലാത്ത ബൗദ്ധിക ജ്ഞാനം കൊണ്ട് പ്രയോജനമില്ലെന്ന് ഭാരതീയ പുരാണങ്ങളും ഇതിഹാസങ്ങളും പഠിപ്പിക്കുന്നു. മൃഗസംരക്ഷണം, മൂല്യ വര്‍ധിത പാലുത്പന്നങ്ങള്‍ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യല്‍, രോഗനിര്‍ണയം എന്നിവയില്‍ കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടികളില്‍ സര്‍വകലാശാല നേതൃത്വം നല്‍കുന്നത് ശ്ലാഘനീയമാണ്. രാജ്യത്ത് ചെറുകിട കര്‍ഷക കുടുംബങ്ങളുടെ വരുമാനത്തില്‍ 16 ശതമാനത്തോളം വരുമാനം മൃഗസംരക്ഷണ മേഖലയില്‍ നിന്നാണ് ലഭിക്കുന്നത്.
രാഷ്ട്രീയ ഗോകുല്‍ മിഷന് പോലുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലൂടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ ഉപജീവന സംരംഭങ്ങളില്‍ 60 ശതമാനത്തിലേറെയും മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ടതാണ്. ഉപജീവനം, തൊഴില്‍, സംരംഭകത്വം, ഭക്ഷ്യസുരക്ഷ എന്നിവയെ പിന്തുണയ്ക്കുന്നതിനും മൃഗസംരക്ഷണ രംഗത്തെ ഉല്‍പ്പാദനക്ഷമത, വരുമാനം വര്‍ധിപ്പിക്കുന്നതിനും സര്‍വകലാശാലയ്ക്ക് ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, സര്‍വകലാശാല വിസി ഡോ.എം.ആര്. ശശീന്ദ്രനാഥ്, ഐസിഎആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഭൂപേന്ദ്രനാഥ് ത്രിപാഠി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: