ന്യൂദല്‍ഹി: നിലവിലുള്ള 2000 രൂപ നോട്ട് റിസര്‍വ്വ് ബാങ്ക് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ മനസ്സില്‍ ഒരു പാട് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇതാ:
2000 രൂപ നോട്ടുകള്‍ എനിക്ക് ഇനിയും ഉപയോഗിക്കാന്‍ കഴിയുമോ?
തീര്‍ച്ചയായും. 2000 രൂപ നോട്ടുകള്‍ നിയമപരമായി വിലയുള്ളതായി തുടരുമെന്ന് റിസര്‍വ്വ് ബാങ്ക് പറയുന്നു. അതേ സമയം, ബാങ്കുകളോട് 2000 രൂപ നോട്ടുകള്‍ ഇനി മുതല്‍ നല്‍കരുതെന്ന് റിസര്‍വ്വ് ബാങ്ക് നിര്‍ദേശമുണ്ട്.
പഴയ 2000 രൂപ നോട്ടുകള്‍ക്ക് എന്ത് സംഭവിക്കും?
നിമയപരമായ സാധുത ഉള്ളതിനാല്‍ പഴയ 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. പഴയ 2000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുകയുമാവാമെന്ന് റിസര്‍വ്വ് ബാങ്ക് പറയുന്നു.
2000 രൂപ നോട്ട് എന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ പറ്റുമോ ?
തീര്‍ച്ചയായും. പൊതു ജനത്തിന് 2000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാം. അതല്ലെങ്കില്‍ 2000 രൂപ നോട്ട് നല്കി മറ്റ് നോട്ടുകള്‍ വാങ്ങാം.
എത്ര 2000 രൂപ നോട്ടുകള്‍ വരെ എന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കാം?
സാധാരണ നിലയില്‍ തന്നെ 2000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാം. ഇതിന് നിയന്ത്രണമില്ല.
2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ ചെന്ന് മാറ്റിയെടുക്കാനാവുമോ?
മെയ് 23 മുതല്‍ പഴയ 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നല്കി മാറ്റിയെടുക്കാം.
എത് തീയതി വരെ 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനാവും ?
മെയ് 23 മുതല്‍ 2000 രൂപ നോട്ടുകള്‍ കൈമാറാന്‍ കഴിയും. സെപ്തംബര്‍ 30 ആണ് 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാവുന്ന അവസാന തീയതി. സെപ്തംബര്‍ 30 വരെ എല്ലാ ബാങ്കുകളിലും 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം.
ഒറ്റയടിക്ക് എത്ര 2000 രൂപ നോട്ടുകള്‍ വരെ ബാങ്കില്‍ മാറ്റിയെടുക്കാനാകും?
ഒരു തവണ 20,000 രൂപയ്ക്കുള്ള 2000 രൂപ നോട്ടുകള്‍ (പത്തെണ്ണം) വരെ മാത്രമേ സാധാരണ നിക്ഷേപകര്‍ക്ക് ബാങ്കില്‍ നിന്നും മാറ്റിയെടുക്കാനാവൂ.
പഴയ 2000 രൂപ നോട്ടുകള്‍ എവിടെ മാറ്റിയെടുക്കാം?
ഏത് ബാങ്കിലും മാറ്റിയെടുക്കാം. ഇക്കാര്യത്തില്ബാങ്കുകള്ക്ക് റിസര്‍വ്വ് ബാങ്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബാങ്കിന് പുറമെ എവിടെയെല്ലാം പോയി 2000 രൂപ നോട്ട് മാറ്റിയെടുക്കാം?
റിസര്‍വ്വ് ബാങ്കിന്റെ റീജ്യണല്‍ ഓഫീസുകളിലും മെയ് 23 മുതല്‍ സെപ്തംബര്‍ 30 വരെ മാറ്റിയെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: