തൊണ്ണൂറു കഴിഞ്ഞു ഗുരുവായൂര്‍ സത്യഗ്രഹത്തിന്. വൈക്കം സത്യഗ്രഹത്തിന് നൂറും. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഭരണ-നടത്തിപ്പിന് ആദ്യ ചട്ടം നിലവില്‍വന്നിട്ട് 51 വര്‍ഷവും കഴിഞ്ഞു. കാലം മാറി, സാഹചര്യങ്ങള്‍ മാറി, ആവശ്യങ്ങള്‍ മാറി. ഈ സാഹചര്യത്തില്‍ ഗുരുവായൂര്‍ ദേവസ്വം ആക്ടില്‍ അടിസ്ഥാനപരമായി ചില മാറ്റങ്ങള്‍ വരേണ്ടതില്ലേ? ഉണ്ട്.
ഗുരുവായൂരിലെ ഭരണ-നിര്‍വഹണത്തിനുള്ള സംവിധാനം ഇപ്പോഴത്തെ ക്രമത്തലാക്കിയത് 1978 ലെ ഗുരുവായൂര്‍ ദേവസ്വം ആക്ടിലൂടെയാണ്. 1978 ലെ ചട്ടം 14 ന്റെ ലക്ഷ്യം അതിന്റെ പ്രാരംഭത്തില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ: ‘ഗുരുവായൂര്‍ ദേവസ്വത്തിന്റെ നേരാംവണ്ണമുള്ള ഭരണ നടത്തിപ്പിന് വ്യവസ്ഥയുണ്ടാക്കാനുള്ള ചട്ടം’ എന്ന്. ആക്ടിന്റെ ആമുഖം ഏകദേശം ഇങ്ങനെ: ‘ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം വിശാലമായ വസ്തുവകകളുള്ള, ഏറെ ധര്മ്മസഹായങ്ങള് ചെയ്യുന്ന, ഇന്ത്യയെമ്പാടുമുള്ള ലക്ഷക്കണക്കിന് വിശ്വാസികള്‍ അവരുടെ മതവിശ്വാസത്തിനും ദൈവ വിശ്വാസത്തിനും ആശ്രയിക്കുന്ന, ഏറെ പുരാതനമായ, വളരെ പ്രത്യേകതകളുള്ള ക്ഷേത്രമാണ്.
മദ്രാസ് ഹൈക്കോടതി 1930ല്‍ 211, 212 നമ്പര്‍ അപ്പീലുകളില്‍ ക്ഷേത്രത്തിന്റെ നടത്തിപ്പുകാര്യത്തിനായി നിര്‍ദേശിച്ചത് പ്രകാരം ദക്ഷിണ മലബാര്‍ ജില്ലാ കോടതി, 1938 ലെ ഒഎസ് നമ്പര്‍ ഒന്ന് പ്രകാരം ക്ഷേത്രത്തിന്റെ നിയന്ത്രണവും നടത്തിപ്പും സ്വത്ത് സംരക്ഷണവും ധര്‍മ്മ പ്രവര്‍ത്തനങ്ങളും പാരമ്പര്യ ട്രസ്റ്റികളായ കോഴിക്കോട് സാമൂതിരി രാജാവ്, ഗുരുവായൂര്‍ മല്ലിശ്ശേരി ഇല്ലം കാര്‍ണവര്‍ എന്നിവരുടെ ചുമതലയിലാക്കി. എന്നാല്‍, കാലക്രമത്തില്‍ മേല്‍പ്പറഞ്ഞ നടത്തിപ്പുകളിലൊക്കെ വീഴ്ചവരികയും ‘ലക്ഷ്യം നേടാന്‍ നല്ലതല്ലാത്ത മാര്‍ഗം സ്വീകരിക്കുക’യും ചെയ്യുന്നുവെന്ന് വിലയിരുത്തുകയും ചെയ്തതിനെ തുടര്‍ന്ന് പൊതുജന താല്പര്യം മുന്‍നിര്‍ത്തി കാര്യങ്ങളുടെ നിജസ്ഥിതി കണക്കാക്കി, മേല്പറഞ്ഞ ലക്ഷ്യത്തിന് മെച്ചപ്പെട്ട ഭരണ സംവിധാനം ഉണ്ടാക്കാനാണ് 1971 ല്‍ ഗുരുവയൂര് ദേവസ്വം ആക്ട് കൊണ്ടുവന്നത്.
എന്നാല്‍, കേരള ഹൈക്കോടതി 1973ല്‍ 314 ാം നമ്പര്‍ ഒറിജിനല്‍ പെറ്റീഷന് (ഒഎസ്) തീര്‍പ്പാക്കുമ്പോള്‍ 1971 ലെ ചട്ടം നടപ്പാക്കുന്നത് ഭരണഘടനയുടെ 25, 26 വകുപ്പുകളുടെ ലംഘനമാണെന്ന് കണ്ടെത്തി റദ്ദാക്കി. എന്നാല്‍ വീണ്ടും പഴയ ട്രസ്റ്റികളുടെ ഭരണ സംവിധാനത്തിലേക്ക് വിടാതെ പുതിയ ചട്ടം ഉണ്ടാക്കിയതാണ് 1978 ലെ ഗുരുവായൂര്‍ ദേവസ്വം ആക്ട് 1978.’ (1978 മാര്‍ച്ച് 18ന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടി, 1978 മാര്‍ച്ച് 19ന് അസാധാണ ഗസറ്റ് നമ്പര്‍ 193 ആയി പ്രസിദ്ധീകരിച്ചതിലെ വിവരങ്ങളില്‍നിന്ന്)
ലക്ഷ്യം
രാജ്യവ്യാപകമായി അനേകലക്ഷങ്ങള്‍ മതപരമായും വിശ്വാസപരമായും ആശ്രയിക്കുന്ന, വിശാലമായ സ്വത്തുള്ള, ധര്‍മ്മ പ്രവര്‍ത്തനമുള്ള പുരാതന ക്ഷേത്രം അതിന്റെ ലക്ഷ്യപൂര്‍ത്തിക്ക് നേരാംവണ്ണം നിലനില്ക്കുക, നില നിര്‍ത്തുക എന്നതാണ് അടിസ്ഥാന ലക്ഷ്യം. അത് സാധിക്കാത്ത ഘട്ടത്തില്‍ അതിന്റെ നിലവിലെ ഘടനയിലും രീതിയിലും പരിവര്‍ത്തനം വരുത്തുക എന്നത് ആവശ്യമാണ്. അതുകൊണ്ടാണ് ട്രസ്റ്റികളില്‍നിന്ന് നടത്തിപ്പധികാരം മാറ്റാന്‍ ചട്ടമുണ്ടാക്കിയത്. അതിലെ പോരായ്മകൊണ്ടാണ് കോടതി അത് റദ്ദാക്കിയത്, അത് മനസ്സിലാക്കിയാണ് ചട്ടം പുതുക്കിയത്. എന്നിട്ടോ?
ചട്ടം പരിഷ്കരിച്ച് (1978 ല്‍) 45 വര്‍ഷം പിന്നിടുമ്പോള്‍ അതേ ചോദ്യം ഉയരുകയാണ്. ഈ വ്യവസ്ഥകള്‍ മതിയോ. ഇത് പൂര്‍ണമാണോ, പര്യാപ്തമെങ്കിലുമാണോ? ഹൈക്കോടതിതന്നെ എത്രതവണ നിലവിലെ ഭരണ സംവിധാനത്തിന്റെ ചെയ്തികള്‍ റദ്ദാക്കിയിട്ടുണ്ട്? എത്രതവണ ശാസിച്ചിട്ടുണ്ട്? തിരുത്തിച്ചിട്ടുണ്ട്? ചട്ടം അപ്പാടെ റദ്ദാക്കാന്‍ തയാറായില്ല എന്നതൊഴിച്ചാല്‍, ഓരോ സംഭവത്തിലും അവസരങ്ങളിലും കോടതി എടുത്ത നിലപാടുകള്‍, പറഞ്ഞ അഭിപ്രായങ്ങള്‍, പുറപ്പെടുവിച്ച ഉത്തരവുകള്‍ പറഞ്ഞത് ഇതാണ്: പോരാ, ഇത് പോരാ. അവിടെയാണ് ഇതല്ലെങ്കില്‍ എന്താണ് മാര്‍ഗം എന്ന ചോദ്യം ഉയരുന്നത്.
ദേവസ്വം ബോര്ഡുകളെല്ലാംതന്നെ കോടതികയറുന്ന കാലമാണ്. കാരണം, അടിസ്ഥാനപരമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡുകളുടെ പൊതുസ്വഭാവം തന്നെ. ജനാധിപത്യം, മതേതരത്വം, ആരാധനാസ്വാതന്ത്ര്യം ഇവ മൂന്നുംകൂടി രഞ്ജിപ്പിച്ചുകൊണ്ടുപോകാന് നിക്ഷിപ്ത രാഷ്ട്രീയ താല്പര്യമുള്ള ഭരണകൂടങ്ങള്‍ക്ക് നയിക്കുന്ന സര്‍ക്കാരുകള്‍ക്ക് കഴിയില്ല. അതുകൊണ്ടുതന്നെ ദേവസ്വം ഭരണം ഏത് സര്‍ക്കാരുകള്‍ക്കും ദൈവത്തിനും വിശ്വാസികള്‍ക്കും നിരക്കുന്ന തരത്തില്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല എന്നാണ് ഇതുവരെയുള്ള അനുഭവം. ശബരിമല പോലുള്ള വലിയ ക്ഷേത്രങ്ങള്‍ ഉള്‍പ്പെട്ട തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കാര്യത്തിലായാലും വസ്തുവകകളും സ്വത്തുക്കളും ഏറെയുള്ള ക്ഷേത്രങ്ങള്‍ (അവയില്‍ പലതും അന്യാധീനമായിപ്പോയിരിക്കുന്നെങ്കിലും) ഉള്‍പ്പെട്ട മലബാര്‍ ദേവസ്വം ബോര്‍ഡായാലും ഗുരുവായൂര്‍ ദേവസ്വം പോലുള്ളവയായാലും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഭരിക്കുമ്പോള്‍ അവിടെയെല്ലാം രാഷ്ട്രീയ താല്പര്യങ്ങള്ക്കാകുന്നു മുന്‍ഗണന. അതുകൊണ്ടുതന്നെ ക്ഷേത്രങ്ങളുടെ ഭരണ-നിയന്ത്രണ കാര്യങ്ങളിലെല്ലാം നിത്യേന എന്നവണ്ണം ‘ലക്ഷ്യം നേടാന്‍ നല്ലതല്ലാത്ത മാര്‍ഗം സ്വീകരിക്കു’ന്നതിന്റെ തെളിവുകള്‍ പുറത്തുവരികയും ചെയ്യുന്നു.
ഗുരുവായൂര്‍ ദേവസ്വം ആക്ട് 1971 ആദ്യം അവതരിപ്പിച്ചപ്പോള്‍ സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരായിരുന്നു. കോണ്‍ഗ്രസായിരുന്നു പ്രതിപക്ഷത്ത്. 1978 ല്‍ പുതുക്കി അവതരിപ്പിച്ച് പാസാക്കിയപ്പോഴും അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. അന്ന് കോണ്‍ഗ്രസ് പിന്തുണയിലായിരുന്നു കമ്മ്യൂണിസ്റ്റ് ഭരണം. അതായത് ഗുരുവായൂര്‍ ഭരണ നിയന്ത്രണത്തിന്റെ കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും ഒരേപോലെ തല്‍പ്പരരായിരുന്നു; സമാനമനസ്കരും. കമ്മ്യൂണിസ്റ്റുകള്‍ കൂടുതല്‍ താല്പര്യം കാണിച്ചിരുന്നു. ദേവസ്വം എന്ന ‘ദേവ സ്വത്ത്’ ഭരിക്കാനുള്ള ഈശ്വര വിശ്വാസികളല്ലാത്തവരുടെ താല്പര്യമെന്നൊക്കെപ്പോലും ഇതിനെ വിലയിരുത്താം.
സ്ഥിതി
‘ലക്ഷ്യം നേടാന്‍ നല്ലതല്ലാത്ത മാര്‍ഗം സ്വീകരിക്കു’ന്നുവെന്ന കാരണത്താല്‍ നിയന്ത്രണത്തിന് നിയമം ഉണ്ടാക്കിയിട്ട് അതുപ്രകാരം ഭരിക്കുന്ന ഇന്നത്തെ സര്‍ക്കാര്‍ സംവിധാനമായ ദേവസ്വം ബോര്‍ഡിന്റെ ഭരണവും ‘നല്ലതല്ലാത്ത’ വഴിയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളില്നിന്ന് വലിയ സാമ്പത്തിക വരുമാനം ബോര്‍ഡിന് ലഭിക്കുന്നുണ്ട്. പക്ഷേ ഇനിയും വിശ്വാസികള്‍ക്ക് ആശ്വാസകരമായ ദര്‍ശന സൗകര്യമോ സംവിധാനമോ ഉണ്ടാക്കിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ക്ഷേത്രത്തിന്റെ സുരക്ഷാ കാര്യത്തില്‍ വിവിധ സുരക്ഷാ ഏജന്‍സികള്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കിയിട്ടില്ല. ക്ഷേത്രനഗരിക്ക് അവശ്യം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ കഴിഞ്ഞിട്ടില്ല. ക്ഷേത്രസ്വത്തുക്കള്‍ ശരിയാംവണ്ണം സംരക്ഷിക്കാനോ നിര്‍ദ്ദിഷ്ട ധര്‍മ്മ-സേവന പ്രവര്‍ത്തനങ്ങള്‍ യഥാവിധി നടപ്പാക്കാനോ ബോര്‍ഡിനായിട്ടില്ല. ഇതു സംബന്ധിച്ച ഒട്ടേറെ പരാതികള്‍ അധികൃതര്‍ക്കും സര്‍ക്കാരിനും ഹൈക്കോടതിക്കും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.
പരിഹാരം കാണാന്‍ സമര്‍പ്പിക്കപ്പെട്ട വിവിധ പദ്ധതികള്‍ റിപ്പോര്‍ട്ടുകളായി ശേഷിക്കുകയാണ്. നടപ്പാക്കാവുന്നതെന്ന് ബോര്‍ഡ് പരിശോധിച്ച് ഉറപ്പാക്കിയ പദ്ധതികള്‍ സര്‍ക്കാര്‍ അനുമതിയില്ലാത്തതിനാല്‍ മുടങ്ങുന്നു.
ഗുരുവായൂര്‍ ക്ഷേത്ര നഗരിയിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് മാലിന്യ സംസ്കരണമാണ്. അതിന് പരിഹാരം കണ്ടെത്തി, ക്ഷേത്രത്തിലേക്കാവശ്യമായ മുഴുവന്‍ വൈദ്യുതിയും അതിലൂടെ ഉല്‍പ്പാദിപ്പിക്കാനും അധിക വൈദ്യുതി കെഎസ്ഇബിക്ക് നല്‍കാനുമുള്ള പദ്ധതി റിപ്പോര്‍ട്ട് ദേവസ്വത്തിന്റെ പക്കലുണ്ട്. പക്ഷേ, നടപ്പാക്കുന്നില്ല. ഭക്തര്‍ക്ക് തിരുപ്പതി പോലുള്ള പ്രമുഖ തീര്‍ത്ഥാടന കേന്ദ്രത്തിലേതിന് സമാനമായി ദര്‍ശനത്തിന് ക്യൂ സംവിധാനം നിര്‍മ്മിക്കാന്‍ കൊടുത്ത റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് തീരെ അശാസ്ത്രീയവും തെല്ലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ സംവിധാനം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിനുള്ളിലെ പൂജാ-വഴിപാട് നിര്‍മ്മാണ സംവിധാനങ്ങളില്‍ പലതും അപര്യാപ്തമാണെന്ന് പലകാലങ്ങളിലെ ക്ഷേത്രം തന്ത്രിയും മേല്‍ശാന്തിയും മറ്റ് ജീവനക്കാരില്‍ ചിലരും പറയുന്നു. ക്ഷേത്രം വകയായ, മിണ്ടാപ്രാണികളായ ആനകള്‍ക്കും പശുക്കള്‍ക്കും നല്കുന്ന സംരക്ഷണം പോലും അതി ദയനീയമാണ്. പുന്നത്തൂര്‍ ആനക്കോട്ടയിലെ ആനകള്‍ക്ക് മതിയായ സംരക്ഷണം നല്കി, അവയെ പാര്‍പ്പിക്കാനുള്ള സംവിധാനത്തിന് 461 കോടി രൂപയുടെ പദ്ധതി റിപ്പോര്‍ട്ട് ബോര്‍ഡിന് ലഭിച്ചു. പദ്ധതിയുടെ സാധ്യത പഠിച്ച ബോര്‍ഡ് സ്ഥലമേറ്റെടുക്കാന്വരെ ആസൂത്രണങ്ങള്‍ ചെയ്തു. പക്ഷേ, മറ്റു പല പദ്ധതികളും പോലെ ഇതും സര്‍ക്കാര്‍തലത്തില്‍ തടയപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറത്ത് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കാവശ്യമായ പശുവിന്പാല് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് പശുക്കളെ വളര്‍ത്താനുള്ള ഗോശാലയുടെ സ്ഥിതി അതിദയനീയമാണ്. അങ്ങനെ എണ്ണിപ്പറഞ്ഞാല്‍ ഒട്ടേറെ.
നടപടികള്‍ക്ക് സര്‍ക്കാര്‍ തടയിടുന്നുവെന്നാല് അതിന്റെ ശരിയായ അര്‍ത്ഥം രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നുവെന്നാണെന്ന് ക്ഷേത്രഭരണ സംവിധാനങ്ങള്‍ ഏറെക്കാലമായി അടുത്തറിയുന്നവര്‍ വിശദീകരിക്കുന്നു. സര്‍ക്കാരിനെക്കൊണ്ട് സമ്മതിപ്പിക്കാന്‍ പാര്‍ട്ടിയുടെ തീരുമാനം വരണം. അതിന് ഭരണകക്ഷി ആരായാലും അവര്‍ക്ക് ‘കിട്ടേണ്ടത്’ കിട്ടണം. അതിന്മേലുള്ള തീരുമാനം വൈകുന്നതാണ് പദ്ധതികള്‍ വൈകാനോ ഉപേക്ഷിക്കാനോ ഇടയാക്കുന്നത്. ആന സംരക്ഷണ പദ്ധതി, മാലിന്യ സംസ്കരണ പദ്ധതി തുടങ്ങിയവയുടെ കാര്യത്തില്‍ ഇത് കൃത്യമാണ്. ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുന്നതിന് ആര് ഭരണത്തിലിരിക്കുന്നുവോ അവരുടെ രാഷ്ട്രീയ താല്പര്യങ്ങള്ക്ക് അനുസരിച്ചേ നടക്കൂ.
പരിഹാരം
അതായത്, സര്‍ക്കാര്‍ ഉണ്ടാക്കിയ ചട്ടത്തിലാണ് അപാകത. ബോര്‍ഡ് സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കാനാണ്. സര്‍ക്കാര്‍ തീരുമാനം വരുന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ചാണ്. ഇതിന് പരിഹാരം, പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, 1978 ലെ ആക്ട് ഭേദഗതി ചെയ്യുകയാണ്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെ, കൂടുതല്‍ രാഷ്ട്രീയ മുക്തമാക്കി, സര്‍ക്കാര്‍ ഇടപെടല്‍ കുറച്ച്, പാര്‍ട്ടികളുടെ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കണം. ഇതിന് ജമ്മുകശ്മീരിലെ വൈഷ്ണവ ദേവി ക്ഷേത്രത്തിന്റെ മാതൃകയില്‍ ട്രസ്റ്റ് ഉണ്ടാക്കണമെന്ന നിര്‍ദ്ദേശം ചില പ്രമുഖരില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. സാമൂതിരി രാജാവും മല്ലിശ്ശേരി കാര്‍ണവരും തന്ത്രിയും ദേവസ്വം പ്രതിനിധിയും അഞ്ച് പേരും ഉള്‍പ്പെടെ ഒമ്പതു പേര് ചേര്‍ന്നതാണ് ഗുരുവായൂര്‍ ഭരണസമിതി. അവരുടെ ആദ്യ യോഗമാണ് ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത്. ഇതെല്ലാം രാഷ്ട്രീയ തീരുമാനങ്ങളാണ്. അതായത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഭരണമാണ് നേരിട്ടല്ലെങ്കിലും സംഭവിക്കുക. എന്നാല്‍ ഒമ്പതംഗ സമിതി ഭരിക്കുന്ന വൈഷ്ണവ ദേവി ട്രസ്റ്റിന്റെ ഫണ്ട് വിനിയോഗം, ഭരണ തീരുമാനം തുടങ്ങി സര്‍വാധികാരങ്ങളോടെ ഗവര്‍ണറായിരിക്കും ചെയര്‍മാനായി നയിക്കുക. പുറമേ ഒമ്പതുപേര്‍. അവരില്‍ രണ്ടുപേര്‍ ഹിന്ദുമതത്തിനും സംസ്കാരത്തിനും പോഷണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാകും. രണ്ട് സ്ത്രീകളുണ്ടാവും, അവര്‍ ഹിന്ദുമത-സംസ്കാര-സാമൂഹ്യ പ്രവര്ത്തകരാവും. സ്ത്രീക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാകും. ഇവര്‍ നാലുപേരുടെ യോഗ്യത ഗവര്‍ണറാണ് വിലയിരുത്തുക. മൂന്നുപേര്‍ ഭരണ നിര്‍വഹണം, നിയമപരിജ്ഞാനം, ധനകാര്യ ഇടപാട് എന്നീ രംഗങ്ങളില്‍ വിദഗ്ധരായിരിക്കും. രണ്ടുപേര്‍ ജമ്മു കശ്മീരിലെ പ്രധാന ഹിന്ദു വ്യക്തികളായിരിക്കും. അതായത് രാഷ്ട്രീയ പക്ഷവും നേതാക്കളോടുള്ള കൂറുമല്ല യോഗ്യതയുടെ മാനദണ്ഡമെന്നര്‍ത്ഥം. മലയാളിയായ മെട്രോമാന് ഇ. ശ്രീധരന് വൈഷ്ണവ ദേവി ക്ഷേത്ര ബോര്‍ഡില്‍ ഒമ്പതുവര്‍ഷം ട്രസ്റ്റിയായിരുന്നു. അദ്ദേഹത്തിന്റെ സാങ്കേതിക വൈദഗ്ധ്യം വിനിയോഗിക്കാനായിരുന്നു അന്നത്തെ ഗവര്‍ണര്‍ ജഗ്മോഹന് ശ്രീധരനെ നിയോഗിച്ചത്. നിശ്ചയമായും ശ്രീധരന്റെ സാംസ്കാരിക-സാമൂഹ്യ പ്രവര്‍ത്തനവും ഹിന്ദു സമൂഹ സേവനവും പരിഗണിച്ചിട്ടുണ്ടാവും.
അവസരം
ഗുരുവായൂര്‍ ആക്ട് പരിഷ്കരണത്തിന് ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് അവസരമാണ്. ഹൈന്ദവ വിശ്വാസികള്‍ക്ക് യഥാര്‍ത്ഥ ആശ്വാസമേകാന്‍. ഇതിന് വൈഷ്ണവി ദേവി ട്രസ്റ്റ് മാതൃകയാക്കാവുന്നതാണ്. ഇ. ശ്രീധരനെപ്പോലുള്ളവരില്നിന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശം വാങ്ങാവുന്നതാണ്. ക്ഷേത്രങ്ങളില്‍നിന്ന് പിന്മാറി മതരാഹിത്യമോ മതേതരത്വമെങ്കിലുമോ തെളിയിക്കാന്‍ മികച്ച അവസരവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: