കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റെണ്ണത്തില്‍ കുറവു വന്നതോടെ, തെക്കേ ഇന്ത്യയില്‍ ബിജെപി ഇല്ലാതായെന്നാണ് പ്രതിപക്ഷ കക്ഷികളുടെയും മാധ്യമങ്ങളുടെയും മുറവിളി.
തെക്കേ ഇന്ത്യന്‍ സംസ്ഥനങ്ങളായ, കര്‍ണാടകം, കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ബിജെപിയുടെ വോട്ട് ക്രമാനുഗതമായി വളരുകയാണെന്ന് മനസ്സിലാകും. ഒരു കാലഘട്ടത്തില്‍ ഈ സംസ്ഥാനങ്ങളില്‍ ശക്തമായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും ചിത്രത്തിലേയില്ല. കേരളം ഒഴിച്ച് ഒരു സംസ്ഥാനത്തും സാന്നിധ്യം അറിയിക്കാന്‍ പോലും സിപിഎമ്മിനും ആയിട്ടില്ല. ബിജെപി മാത്രമാണ് ഈ സംസ്ഥാനങ്ങളിലെല്ലാം വളരുന്നത്.
കര്‍ണാടക
1989ല്‍ നാലു സീറ്റും 4.14 ശതമാനം വോട്ടുമായാണ് കര്‍ണാടക നിയമസഭയിലേക്ക് ബിജെപി എത്തുന്നത്. അന്ന് 178 സീറ്റും 43.76 ശതമാനവുമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചിരുന്നത്. ജനതാദളിന് 24 സീറ്റും 27.08 ശതമാനം വോട്ടും. ജനതാപാര്‍ട്ടിക്ക് രണ്ടു സീറ്റും 11.34 ശതമാനം വോട്ടും.
34 വര്‍ഷം പിന്നിടുമ്പോള്‍ 2023ല്‍ ബിജെപിയുടെ വോട്ട് ശതമാനം 36. കോണ്‍ഗ്രസ്-42.9, ജെഡിഎസ്-13.3. 1989 മുതല്‍ പരിശോധിച്ചാല്‍ 2013ല്‍ ബി.എസ്. യെദിയൂരപ്പ ബിജെപി വിട്ട് കെജെപി രൂപീകരിച്ച് മത്സരിച്ചപ്പോള്‍ മാത്രമാണ് ബിജെപിയുടെ വോട്ടില്‍ കാര്യമായ കുറവുണ്ടായത്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റെണ്ണത്തില്‍ വലിയ കുറവു സംഭവിച്ചെങ്കിലും 0.35 ശതമാനം വോട്ടന്റെ കുറവു മാത്രമാണ് ഉണ്ടായത്.
4.74 ശതമാനം വോട്ട് കോണ്‍ഗ്രസിനു കൂടിയപ്പോള്‍ ജെഡിഎസിന് 5.01 ശതമാനം വോട്ട് കുറഞ്ഞു. ഇതില്‍ നിന്ന് ബിജെപിയെ പരാജയപ്പെടുത്താന്‍ ജെഡിഎസ് വോട്ട് വലിയ തോതില്‍ കോണ്‍ഗ്രസിലേക്ക് എത്തിയെന്ന് മനസ്സിലാക്കാന്‍ സാധിക്കും. 1989ലെ 4.14 ശതമാനത്തില്‍ നിന്ന് 2023ല്‍ 36 ശതമാനത്തില്‍ ബിജെപി എത്തിനില്‍ക്കുന്നു. കോണ്‍ഗ്രസ് 43.76ശതമാനത്തില്‍ നിന്ന് 42.9ശതമാനത്തില്‍ എത്തി. 27.08 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന ജെഡിഎസ് 13.3ശതമാനത്തില്‍ എത്തി.
ബിജെപിക്ക് ഏറ്റവും അധികം സീറ്റ് ലഭിച്ചത് 2008ല്‍ ആയിരുന്നു-110. അപ്പോള്‍ പോലും വോട്ട് വിഹിതം 33.86 ശതമാനമായിരുന്നു. ഏറ്റവും അധികം വോട്ട് ലഭിച്ചത് 2018ല്‍ ആയിരുന്നു. 36.35ശതമാനം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റില്‍ 38 കുറവു സംഭവിച്ചിട്ടും വോട്ട് ശതമാനത്തില്‍ 0.35ശതമാനം മാത്രമാണ് കുറവ്. പല തെരഞ്ഞെടുപ്പുകളിലും സീറ്റെണ്ണത്തില്‍ വ്യത്യാസം സംഭവിച്ചിട്ടുണ്ടെങ്കിലും വോട്ട് ശതമാനം വര്‍ധിക്കുകയായിരുന്നു.
അതേസമയം, 1989ല്‍ 178 സീറ്റും 43.76 ശതമാനം വോട്ടും ലഭിച്ച കോണ്‍ഗ്രസ്, പിന്നീടൊരിക്കലും ഈ നിലവാരത്തിലേക്ക് എത്തിയിട്ടില്ല. 1999ലും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും മാത്രമാണ് വോട്ട് ശതമാനം 40 ശതമാനത്തിനു മുകളിലെത്തിയത്. 1994ല്‍ 26.95 ശതമാനത്തിലേക്കും 34 സീറ്റിലേക്കും കൂപ്പുകുത്തിയിരുന്നു.
കര്‍ണാടക രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനമായിരുന്നു ജനതാദള്‍. പിന്നീട് പല വിഭാഗങ്ങളായെങ്കിലും എച്ച്.ഡി. ദേവഗൗഡ നേതൃത്വം നല്കുന്ന ജനതാദള്‍ (എസ്) ആണ് കര്‍ണാടകത്തില്‍ ശക്തം. 1994ല്‍ 115 സീറ്റും 33.54 ശതമാനം വോട്ടും നേടി വ്യക്തമായ ഭൂരിപക്ഷത്തില്‍ ജനതാദള്‍ അധികാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഒരിക്കലും അവര്‍ക്ക് പ്രതാപകാലത്തേക്ക് എത്താന്‍ സാധിച്ചിട്ടില്ല. 1999ല്‍ ജനതാദള്‍ രണ്ടായി ജെഡിയു, ജെഡിഎസ് ആയി മത്സരിച്ചു. 18, 10 സീറ്റുകളാണ് യഥാക്രമം ലഭിച്ചത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ ജെഡിഎസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2004ല്‍ ഒഴിച്ചാല്‍ 50 സീറ്റിന് മുകളില്‍ എത്തിയിട്ടില്ല. 33.54 ശതമാനത്തില്‍ നിന്ന് 13.3 ശതമാനത്തിലേക്ക് വോട്ട് ശതമാനം കൂപ്പുകുത്തി.
ബിജെപി |
||||
വര്‍ഷം | സീറ്റ് | വ്യത്യാസം | ശതമാനം | വ്യത്യാസം |
1989 | 4 | – | 4.14 | – |
1994 | 40 | 36 (+) | 16.99 | 12.85 (+) |
1999 | 44 | 4 (+) | 20.69 | 3.7 (+) |
2004 | 79 | 35 (+) | 28.33 | 7.64 (+) |
2008 | 110 | 31 (+) | 33.86 | 5.53 (+) |
2013 | 40 | 70 (-) | 19.9 | 13.9 (-) |
2018 | 104 | 64 (+) | 36.35 | 16.3 (+) |
2023 | 66 | 36 (-) | 36 | 0.35 (-) |
കോണ്‍ഗ്രസ് |
||||
വര്‍ഷം | സീറ്റ് | വ്യത്യാസം | ശതമാനം | വ്യത്യാസം |
1989 | 178 | – | 43.76 | – |
1994 | 34 | 43 (-) | 26.95 | 16.55 (-) |
1999 | 132 | 98 (+) | 40.84 | 13.89 (+) |
2004 | 65 | 67 (-) | 35.27 | 5.57 (-) |
2008 | 80 | 15 (+) | 34.76 | 0.51 (-) |
2013 | 122 | 43 (+) | 36.6 | 1.8 (+) |
2018 | 80 | 42 (-) | 38.14 | 1.4 (+) |
2023 | 135 | 55 (+) | 42.9 | 5.01 (+) |
ജെഡിഎസ് |
||||
വര്‍ഷം | സീറ്റ് | വ്യത്യാസം | ശതമാനം | വ്യത്യാസം |
1989 | 24 | – | 27.08 | – |
1994 | 115 | 91 (+) | 33.54 | 6.46 (+) |
1999 | 28 | 87 (-) | 23.95 | 9.59 (-) |
2004 | 58 | 30 (+) | 20.77 | 3.18 (-) |
2008 | 28 | 30 (-) | 18.96 | 1.81 (-) |
2013 | 40 | 12 (+) | 20.2 | 1.24 (+) |
2018 | 37 | 3 (+) | 18.3 | 1.9 (-) |
2023 | 19 | 18 (-) | 13.3 | 5 (-) |
കേരളം
1996 മുതലാണ് കേരള രാഷ്ട്രീയത്തില്‍ ബിജെപി സജീവ സാന്നിധ്യമായത്. 1996ല്‍ 5.48 വോട്ട് ശതമാനമായിരുന്നത്, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12.36 ശതമാനത്തില്‍ എത്തി. 2016ലാണ് ഏറ്റവും അധികം വോട്ട് വിഹിതം ലഭിച്ചത്-14.96 ശതമാനം. ഈ വര്‍ഷം ഒ. രാജഗോപാല്‍ നേമത്തു നിന്ന് ആദ്യമായി നിയമസഭയില്‍ എത്തി.
അതേസമയം 1996 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും കാര്യമായ വോട്ട് വര്‍ധന ഉണ്ടായിട്ടില്ല. രണ്ടാം തവണ അധികാരത്തില്‍ എത്തിയെങ്കിലും എല്‍ഡിഎഫിന് 1996നേക്കാള്‍ വോട്ടു വിഹിതം കുറവാണ് 2021ല്‍ ലഭിച്ചിരിക്കുന്നത്. യുഡിഎഫിന് വലിയ വോട്ടു വിഹിതമാണ് നഷ്ടമായിരിക്കുന്നത്.
പാര്‍ട്ടി അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ബിജെപിയുടെ വോട്ടില്‍ വലിയ വര്‍ധനയാണ് ഉണ്ടായത്. 5.48ല്‍ നിന്ന് 14.96ല്‍ വരെയെത്തി. എന്നാല്‍, 1996ല്‍ 21.59ശതമാനം വോട്ടുണ്ടായിരുന്ന സിപിഎമ്മിന് 2021ല്‍ 25.38 ശതമാനമാണ് വോട്ട്. കോണ്‍ഗ്രസിന് 1996ല്‍ ലഭിച്ചത് 30.43 ശതമാനം വോട്ടായിരുന്നു. 2021ല്‍ അത് 25.12 ആയി കുറഞ്ഞു.
1996 മുതല്‍ നിയമസഭ തെരഞ്ഞെടുപ്പുകളിലെ വോട്ട് ശതമാനം. സീറ്റ് ബ്രായ്ക്കറ്റില്‍
വര്‍ഷം | എല്‍ഡിഎഫ് | യുഡിഎഫ് | ബിജെപി |
1996 | 45.86 (80) | 44.84 (59) | 5.48 |
2001 | 43.70 (40) | 49.05 (99) | 5.02 |
2006 | 48.63 (98) | 42.98 (42) | 4.86 |
2011 | 44.94 (68) | 45.83 (72) | 6.03 |
2016 | 43.48 (91) | 38.81 (47) | 14.96 (1) |
2021 | 45.43 (99) | 39.47 (41) | 12.36 |
തമിഴ്നാട്
ദ്രാവിഡ പാര്‍ട്ടികള്‍ ശക്തമായ തമിഴ്നാട്ടിലും ബിജെപിയുടേത് സ്ഥായിയായ നിലയാണ്. 2006 മുതലുള്ള കണക്കു പരിശോധിച്ചാല്‍ 2.01-2.86 ശതമാനമാണ് ബിജെപിയുടെ ശരാശരിവോട്ട്. 1967ലെ തെരഞ്ഞെടുപ്പില്‍ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തൂത്തുവാരുന്നതുവരെ, സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ ഇരുപത് വര്‍ഷക്കാലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തമിഴ്നാട്ടില്‍ ഭരണകക്ഷിയായിരുന്നു. ഇതിനു ശേഷം സംസ്ഥാനത്തെ രണ്ട് പ്രധാന ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയും എഐഎഡിഎംകെ (ഓള് ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) പാര്‍ട്ടികള്‍ക്കിടയില്‍ അധികാരം മാറി. നിലവില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമാണ്. 2021ലെ തെരഞ്ഞെടുപ്പില്‍ 7.69 വോട്ട് ശതമാനമാണ് ലഭിച്ചത്. സിപിഎമ്മിന് 0.85 ശതമാനം മാത്രമാണ് വോട്ട്. 1996ല്‍ 1.8 ശതമാനം വോട്ടുണ്ടായിരുന്നു.
ആന്ധ്രപ്രദേശ്
ആന്ധ്രപ്രദേശില്‍ ഓരോ തെരഞ്ഞെടുപ്പിലും ബിജെപി നില മെച്ചപ്പെടുത്തുന്നു. 1.70 ശതമാനമായിരുന്ന വോട്ട് നില 4.13 ശതമാനത്തില്‍ വരെയെത്തി. എന്നാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമാണ്. 2004ല്‍ 38.56 ശതമാനം വോട്ടും 125 സീറ്റു കരസ്ഥമാക്കി സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ്, 2009 ല്‍ 156 സീറ്റുമായി (36.55ശതമാനം) അധികാരം നിലനിര്‍ത്തി. എന്നാല്‍, പിന്നീട് കോണ്‍ഗ്രസ് തകരുന്നതാണ് കണ്ടത്. 2019ല്‍ നടന്ന അവസാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 1.17 ശതമാനം വോട്ടുശതമാനം മാത്രം. ഒരു സീറ്റിലും വിജയിച്ചില്ല. സിപിഎമ്മിന്റെ അവസ്ഥയും ദയനീയമാണ്. 1.84 ശതമാനം വോട്ടും ഒന്‍പതു സീറ്റും ഉണ്ടായിരുന്ന സിപിഎമ്മിന് 2019ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 0.32 ശതമാനം വോട്ട് നേടാന്‍ മാത്രമാണ് സാധിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ് 157 സീറ്റുമായി (49.95ശതമാനം) സംസ്ഥാനത്ത് അധികാരത്തിലുള്ളത്. തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) 23 സീറ്റുമായി (39.17 ശതമാനം) പ്രതിപക്ഷത്തുണ്ട്.
തെലങ്കാന
ആന്ധ്രപ്രദേശ് സംസ്ഥാനത്തെ വിഭജിച്ച് 2014 ജൂണ്‍ രണ്ടിനാണ് തെലങ്കാന സംസ്ഥാനം നിലവില്‍ വന്നത്. 2014ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തെലങ്കാന രാഷ്ട്രസമിതിക്ക് 35.3 ശതമാനം വോട്ടും 63 സീറ്റും ലഭിച്ച് അധികാലത്തിലെത്തി. ബിജെപിക്ക് 7.1 ശതമാനം വോട്ടും അഞ്ച് സീറ്റും ലഭിച്ചു. കോണ്‍ഗ്രസിന് 25.2 ശതമാനം വോട്ടും 21 സീറ്റുമായിരുന്നു. സിപിഎമ്മിന് അരശതമാനം വോട്ടു നേടാന്‍ പോലുമായില്ല. 2018ല്‍ നടന്ന അവസാന നിയമസഭ തെരഞ്ഞെടുപ്പില്‍ ടിആര്‍എസിന് 119 സീറ്റ് (46.9), കോണ്‍ഗ്രസ് 99 (28.4) ലഭിച്ചു. ബിജെപിയുടെ വോട്ട് 7.1ശതമാനത്തില്‍ തന്നെ നിലനിര്‍ത്താനായി. സിപിഎമ്മിന് 0.4 ശതമാനം വോട്ടുമാത്രമാണ് നേടാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: