അജി ബുധനൂര്‍
തികച്ചും ഒരു സ്വകാര്യസ്ഥാപനം. മദ്രസകളുമായോ പള്ളികളുമായോ ഒരു ബന്ധവുമില്ലാത്ത സര്‍വ്വ തന്ത്രസ്വതന്ത്ര സ്ഥാപനം. ബാലരാമപുരം ഇടമനക്കുഴി ഖദീജത്തുല്‍ ഖുബ്ര വനിതാ അറബിക് കോളജിന്റെ അവസ്ഥ അങ്ങനെയാണെന്നാണ് ഇപ്പോള്‍ പറയുന്നത്. അവിടെയാണ് ബീമാപള്ളി സ്വദേശി 17 കാരി അസ്മിയമോളും പഠിച്ചിരുന്നത്. ശനിയാഴ്ച പകല്‍ അവള് തൂങ്ങി മരിച്ചതായി പറയുന്നു. എനിക്കിവിടെ താമസിക്കാന്‍ പറ്റില്ലെന്ന് പലതവണ വീട്ടില്‍ അറിയിച്ചിരുന്നതായി പറയുന്നു. ചെറിയ പെരുന്നാളിന് വീട്ടിലേക്ക് പോകുമ്പോള്‍ ഇനി ഞാന്‍ മടങ്ങിയെത്തില്ലെന്ന് അടുത്ത കൂട്ടുകാരോട് പറഞ്ഞിരുന്നത്രെ. കോളജ് ഹോസ്റ്റലിലെ ലൈബ്രറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പരാതിപ്പെട്ടതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതല്ലാതെ പ്രഖ്യാപിത വനിതാ കൂട്ടായ്മക്കാരെ ആരെയും മഷിയിട്ട് നോക്കിയിട്ടും കണ്ടെത്താനായില്ല.
മദ്രസാ അധ്യാപകനും ഉസ്താദിനുമെതിരെയാണ് ആരോപണമെന്നതിനാല്‍ ജമാഅത്ത് ഭാരവാഹികള്‍ നിഷേധിച്ചാലും ശക്തമായി അന്വേഷിക്കാന്‍ പോലീസിന് ധൈര്യം പോരാ. അതിനവരെ കുറ്റപ്പെടുത്താനൊക്കില്ലല്ലോ. അസ്മിയ മരിക്കുമ്പോള്‍ 35 കുട്ടികള്‍ അവിടെ ഉണ്ടായിരുന്നെങ്കിലും പത്തോളം പേരെ ചോദ്യം ചെയ്തതായി വരുത്തിത്തീര്‍ത്ത് കേസ് ഒതുക്കുമെന്ന ഭീതിയാണ് പരക്കെ. തലേദിവസം വെള്ളിയാഴ്ച രാത്രി ഉമ്മയെ ഫോണില്‍ വിളിച്ച് പൊട്ടിക്കരഞ്ഞതായി പറയുന്നു. രക്ഷിക്കണേ, രക്ഷിക്കണേ എന്ന് പറഞ്ഞാണ് കരച്ചില്. ശനിയാഴ്ച രാവിലെ തന്നെ മതപഠന സ്ഥാപനത്തില്‍ ഉമ്മ വന്നെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് കാണാനനുവദിച്ചില്ല. കുളിമുറിയിലാണെന്നും കാണാന്‍ പറ്റില്ലെന്നും ഉച്ചയ്ക്ക് ശേഷം വന്നാല്‍ മതിയെന്നുമൊക്കെയുമുള്ള ‘ലൊട്ട്ലോടുക്ക്’ ന്യായങ്ങള്‍ നിരത്തിയാണ് ഉമ്മയെ മടക്കിയത്. വൈകിട്ടോടെയാണ് അസ്മിയമോള്‍ മരിച്ചത്.
ഇത് സ്വാഭാവിക മരണമല്ലെന്ന് ഒറ്റനോട്ടത്തില്‍ സര്‍വ്വര്‍ക്കും ബോധ്യമാകുന്നതാണ്. എന്നിട്ടും സ്ഥാപന ഉടമകള്‍ പോലീസിനെ അറിയിച്ചില്ല. ആശുപത്രി അധികൃതരാണ് പോലീസിന് വിവരം നല്‍കിയത്. പോലീസിനെ അറിയിക്കാന്‍ ബന്ധുക്കളും സ്ഥാപന അധികൃതരും തമ്മില്‍ വാക്കേറ്റം വരെ നടന്നു. ബീമാപള്ളിക്കാരല്ലെ ആരോടും പറയില്ല ആരും തന്നെ അറിയാനും പോകുന്നില്ലെന്നാണ് കരുതിയത്. അറിഞ്ഞ സ്ഥലത്തെയും തലസ്ഥാനത്തെയും അന്തിണികളോ ഫെമിനിസ്റ്റുകളോ ‘ക മാ’ എന്നൊരക്ഷരം മിണ്ടിയിട്ടില്ല. ആകെ പ്രതികരിച്ചത് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് മാത്രം. പോലീസ് നടപടി ശക്തമായി സ്വീകരിക്കണമെന്ന് രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പതിനേഴുകാരി സുന്ദരിയും മിടുമിടുക്കിയുമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാകുന്ന കുട്ടിയുടെ മരണത്തില്‍ അന്തിച്ചര്‍ച്ച നടന്നില്ല. വാര്‍ത്താ മാധ്യമങ്ങള്‍ പോലും അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ല. ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും ലോംഗ് മാര്‍ച്ചും സമ്മേളനവും നടത്തിയില്ല. ഇന്ന് ബിജെപി ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് നടത്തുന്ന പ്രകടനം മാത്രമായി ഒരു പ്രത്യക്ഷ സമരം. മത പഠനകേന്ദ്രമായതിനാല് പേടിയാണോ അതോ പ്രീണനമാണോ? രണ്ടും സംശയിക്കുന്നതില്‍ തെറ്റില്ല. ഇത് കേരളമാണ് എന്ന് വീമ്പടിക്കുന്നവരെ ആരെയും കാണാനില്ല. കണ്ടുപിടിക്കാനും കഴിയുന്നില്ല.
മൗനമാണ് വിദ്വാന് ഭൂഷണമെന്ന ന്യായമാണ് എല്ലാവര്‍ക്കുമെന്ന് തോന്നുന്നു. ഇത് ഇവിടെയായാല്‍ അങ്ങനെയാണ്. അങ്ങെവിടെയെങ്കിലുമാണെങ്കില് എന്താകും അവസ്ഥ. വലിയ പൊട്ടിട്ട് വായ മലര്‍ക്കെ തുറന്ന് വലിയ വര്‍ത്തമാനം വിളമ്പുന്ന അക്കച്ചിമാരേയും അമ്മമാരെയും മഷിയിട്ടുനോക്കിയിട്ടും കണ്ടുപിടിക്കാന്‍ കഴിയുന്നില്ല. ഫെമിനിസം തകര്‍ന്നേ ഏന്നാര്ത്തട്ടഹസിക്കാന് ഒരു പാവാടതാങ്ങികളെയും കാണാനില്ല. ഒരു ഹൈന്ദവസ്ഥാപനത്തിലാണിത് നടന്നതെങ്കില്‍ കിടന്നുറങ്ങാന്‍ പറ്റുമായിരുന്നോ? നേരത്തെ കര്‍ണാടകയിലെ ഒരു സ്ഥാപനത്തില്‍ ഫീസ് നല്കാന് കഴിയാത്തതില്‍ മനം നൊന്ത് ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തപ്പോള്‍ കേരളത്തിലും അതിന്റെ കോളിളക്കം കണ്ടതാണ്. യുപിയില്‍ ഒരു ബലാല്‍സംഗം നടന്നപ്പോള്‍, ദല്‍ഹിയില്‍ ബലാല്‍സംഗം ചെയ്ത് കൊന്നപ്പോള്‍ കേരളം കാണിച്ച ജാഗ്രത എവിടെപ്പോയി എന്ന ചോദ്യമാണ് പരക്കെ.
കേരളത്തില്‍ കത്തിയ മെഴുകുതിരികളും കോലം കത്തിക്കലും ഇനി ഒരിക്കലും തിരിച്ചുവരാതായോ? എവിടെ പോയി നവോത്ഥാന മതിലുകള്‍, എല്ലാം തകര്‍ന്നടിഞ്ഞോ? നീതിബോധം എന്നത് കേരളത്തില്‍ നിന്നും പടികടന്നോ? വേട്ടക്കാരനും ഇരയും ഒരേ മതക്കാരനായാല്‍ മിണ്ടാട്ടമില്ല. എന്തും നടന്നോട്ടെയെന്ന ന്യായം. ഇസ്ലാമിക പ്രീണനത്തിലും മേലെ ഒരു പരുന്തും പറക്കേണ്ട എന്നാവുമോ കേരളത്തിന്റെ തീരുമാനം. കണ്ട ഭാവവും കേട്ട ഭാവവും നടിക്കാത്തവരുടെ കണ്ണു തുറപ്പിക്കാന്‍ ആളുണ്ടാകുന്ന കാലം വിദൂരത്തല്ലെന്നോര്ക്കണം. അസ്മിയയുടെ മരണം ഒറ്റപ്പെട്ടതെന്ന ന്യായം നിരത്താന്‍ ആളുണ്ടായേക്കാം. പക്ഷെ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.
കൊല്ലത്ത് ഒരു യുവഡോക്ടറായ വന്ദനദാസ് കൊല്ലപ്പെട്ടപ്പോള്‍ ഒറ്റപ്പെട്ട സംഭവമെന്ന ന്യായം പറഞ്ഞവരെല്ലാം കണ്ണടച്ച് ഇരുട്ടാക്കാനാണ് നോക്കുന്നത്. കൊല്ലത്ത് വന്ദനയെങ്കില്‍ തിരുവനന്തപുരം ബാലരാമപുരത്ത് അസ്മിയ. ഓരോ സ്ഥലത്ത് ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ എഴുതിത്തള്ളാന്‍ ന്യായങ്ങള്‍ പറയുമായിരിക്കാം. ഇടമനക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് ഒരു അംഗീകാരവുമില്ല. അല്‍ അമല്‍ മദ്രസയെന്നാണ് പേര്. നടത്തിപ്പുകാര്‍ക്ക് തൊപ്പിയും തലേക്കെട്ടുമുണ്ടെങ്കില് പരിശോധനയില്ല. അതൊക്കെയാണ് നടക്കുന്നത്.
സംഭവദിവസം വൈകിട്ട് നാലരയോടെ മകളെക്കാണാന്‍ ഉമ്മ സ്ഥാപനത്തില്‍ വന്നെങ്കിലും ഏറെ നേരം കാത്തിരുന്നിട്ടും കുട്ടിയെ ജീവനോടെ കാണാനായില്ല. ഒടുവില്‍ സഹപാഠികള്‍ ഒന്നടങ്കം പരതിയപ്പോഴാണ് ഹോസ്റ്റലിലെ ലൈബ്രറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഒരുമ്മയ്ക്കും ഈ ഗതി ഉണ്ടാകരുത്. ഒരു കുട്ടിയും ഇങ്ങനെ മരിക്കുന്ന സാഹചര്യമുണ്ടാകരുത്. അതിനായി പ്രയത്നിക്കാന്‍ ആളുണ്ടാകുമോ എന്നാണ് കാണേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: