കൊച്ചി: ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട അധ്യാപകനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ കേരള വിദ്യാഭ്യാസ ചട്ടത്തിലെ (കെഇആര്‍) വ്യവസ്ഥകളോ ചട്ടങ്ങളോ പാലിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പോക്സോ കേസില്‍ കോടതി ശിക്ഷിച്ചതിന് വിദ്യാഭ്യാസ ചട്ടത്തില്‍ പറയുന്ന നടപടിക്രമങ്ങള്‍ പാലിക്കാതെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ കോട്ടയത്തെ എയ്ഡഡ് സ്കൂള്‍ അധ്യാപകനായിരുന്ന മഹേഷ് തമ്പി നല്കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് സോഫി തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വിധി പറഞ്ഞത്.
വിദ്യാര്‍ഥിയെ അശ്ലീല ചിത്രം കാണിച്ചതിനു പോക്സോ കേസില്‍ മഹേഷിനെ കോടതി ആറു വര്‍ഷം കഠിന തടവിനു ശിക്ഷിച്ചിരുന്നു. അപ്പീലില്‍ ശിക്ഷ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചുമില്ല. ഈ സാഹചര്യത്തിലാണ് മഹേഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടത്. ഹര്‍ജി സിംഗിള്‍ബെഞ്ച് തള്ളിയതിനെത്തുടര്‍ന്നാണ് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
ശിക്ഷാ നടപടി സ്വീകരിക്കുന്നതിന് മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്കി കുറ്റാരോപിതനെ കേള്‍ക്കണം, സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതിന് വിദ്യാഭ്യാസ ഡയറക്ടറുടെ മുന്‍കൂര്‍ അനുമതി വേണം എന്നിങ്ങനെ ചട്ടം പാലിക്കാതെയൊണ് പിരിച്ചുവിട്ടതെന്ന് ഹര്ജിക്കാരന് വാദിച്ചു. എന്നാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 311 (2) ല്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മറ്റൊരു അന്വേഷണമോ നടപടികളോ വേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡിവിഷന് ബെഞ്ച് വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: