തിരുവല്ല: യഥാസമയം വൃത്തിയാക്കാതെ കാടുപിടിച്ചു കിടക്കുന്ന സ്വകാര്യവ്യക്തികളുടെ പറമ്പുകളില്‍ ഇനി തദ്ദേശ സ്ഥാപനങ്ങള്‍ ശക്തമായി ഇടപെടും. തദ്ദേശഭരണ വകുപ്പ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ആറ് കോര്‍പ്പറേഷന്‍ മേയര്‍മാര്‍ക്കും 87 മുനിസിപ്പാലിറ്റി ചെയര്‍മാന്‍മാര്‍ക്കും തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും കൈമാറി. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി.
പരിപാലിക്കാതെ കാടുകയറി കിടന്ന അയല്‍പക്കത്തെ പറമ്പില്‍ നിന്നുള്ള പാമ്പു കടിയേറ്റ് തൃശ്ശൂരിലെ പൊയ്യ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മൂന്നു വയസുകാരന്‍ 2021 മാര്‍ച്ച് 24ന് മരണമടഞ്ഞ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി എത്തിയതും കോടതി വിധി അനുസരിച്ചുള്ള സര്‍ക്കാരിന്റെ ഈ ഉത്തരവും.
പുതിയ ഉത്തരവ് ഏതാനും ദിവസം മുമ്പാണ് ഇറങ്ങിയത്. ഇതുപ്രകാരം വ്യക്തിക്കോ കൃഷിക്കോ ആപത്തുണ്ടാകാന്‍ ഇടയുണ്ടെന്ന് ബോധ്യമാകുന്ന സ്വകാര്യപറമ്പിലെ വൃക്ഷം, ശാഖ, കാടുകള്‍, ഹാനികരമായ സസ്യലതാദികള്‍ എന്നിവ വെട്ടിനീക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും മറ്റും നിര്‍ദേശം നല്കുന്നു.
വിഷകരമായ ഇഴജന്തുക്കളും മറ്റ് ഉപദ്രവകാരികളായ മൃഗങ്ങളും ഉണ്ടെങ്കില്‍ അവയെ ഒഴിവാക്കാനായി വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നതാണ് പ്രധാന ശിപാര്‍ശ. ഇതിനായി ആദ്യം ആസ്തിയുടെ ഉടമയോടോ കൈവശക്കാരനോടോ നോട്ടീസ് മുഖാന്തിരം ആവശ്യപ്പെടണം. അനുസരിക്കാത്ത പക്ഷം തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി നടപടിയെടുക്കും.
ഇതിന് ചെലവാകുന്ന തുക ആ വസ്തുവിന്റെ ഉടമയില്‍ നിന്നും കൈവശക്കാരനില്‍ നിന്നും ഈടാക്കും. 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷന്‍ 412, 426-430, 440 എന്നിവ പ്രകാരം സമാന രീതിയില്‍ അധികാരം നഗരസഭകള്‍ക്കും നല്കിയിട്ടുണ്ട്. ഉടമകള്‍ക്ക് നോട്ടീസയയ്‌ക്കലും ചെലവ് ഈടാക്കലുമടക്കം നടപടികള്‍ അടുത്ത മാസം ആരംഭിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: