ജ്യോതിഷ ഭൂഷണം
എസ്. ശ്രീനിവാസ് അയ്യര്‍
‘നീയറിയുമോ വായനക്കാരാ! നീറുമെന്നുള്ളിലെ നക്ഷത്രവീര്യം?’ എന്നൊരു കവി ചോദിച്ചിട്ടുണ്ട്. പക്ഷേ നമുക്ക്, നക്ഷത്രവീര്യത്തെക്കുറിച്ച് അത്രയൊന്നും അറിയില്ല. അറിയുന്നത്, നക്ഷത്രങ്ങളുടെ പലതരം വിഭജനങ്ങളും മറ്റുമാണ്. ആ തരംതിരിക്കലുകള്‍ക്ക് നാം ചില വ്യാഖ്യാനങ്ങള്‍ ചമയ്ക്കുകയാണ്. വിവിധ നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ സമാനമായ ചില പ്രവര്‍ത്തനരീതികളും നമുക്ക് പരിചിതമാണ്. അത്രമാത്രം!
‘ദേവഗണം’ എന്ന വിഭാഗത്തില്‍ ഒമ്പത് നക്ഷത്രങ്ങള്‍ വരുന്നു. അസുര, മനുഷ്യ ഗണങ്ങളാണ് മൂന്ന് ഗണങ്ങളിലെ മറ്റ് രണ്ട് വിഭാഗങ്ങള്‍. അവയിലുമുണ്ട്, ഒമ്പത് നക്ഷത്രങ്ങള്‍. അങ്ങനെ ഇരുപത്തിയേഴ് നക്ഷത്രങ്ങള്‍ മൂന്ന് സമവിഭക്ത ഗണങ്ങളാവുന്നു.
ദേവന്മാരുടെ പര്യായശബ്ദങ്ങള്‍ എല്ലാം തന്നെ ദേവഗണനക്ഷത്രങ്ങളെ വിശേഷിപ്പിക്കുമ്പോള്‍ സ്വീകരിച്ചിരിക്കുന്നതായി കാണാം. സുരഗണം, അമരഗണം എന്നിവ അത്തരം നാമങ്ങളാണ്. മനുഷ്യഗണത്തെ മര്ത്ത്യഗണം, നരഗണം, മനുജഗണം എന്നിങ്ങനെയും, അസുരഗണത്തെ രാക്ഷസഗണം, ദൈത്യഗണം എന്നിങ്ങനെയും ഒക്കെ വിശേഷിപ്പിക്കുന്നത് പോലെയാണിതും.
അശ്വതി, മകയിരം, പുണര്‍തം, പൂയം, അത്തം, ചോതി, അനിഴം, തിരുവോണം, രേവതി ഇവ ഒമ്പതും ദേവഗണനക്ഷത്രങ്ങള്. ഇവയില്‍ മകയിരവും പുണര്‍തവും ഒഴികെ മറ്റുള്ളവ ഏഴും ഏകരാശി നക്ഷത്രങ്ങള്‍. നാലുപാദങ്ങളും ഒരു രാശിയില്‍ വരുന്നവ എന്നര്‍ത്ഥം. മകയിരം, ഇടവം- മിഥുനം രാശികളിലായും, പുണര്‍തം മിഥുനം- കര്‍ക്കടകം രാശികളിലായും മുറിഞ്ഞുവരുന്നു. അതിനാല്‍ അവയെ ‘മുറി നക്ഷത്രങ്ങള്‍’, ‘ഖണ്ഡ നക്ഷത്രങ്ങള്‍’ എന്നിങ്ങനെയും വിശേഷിപ്പിക്കുന്നുണ്ട്.
‘സ്ത്രീപുരുഷ നക്ഷത്രങ്ങള്‍’ എന്ന വിഭജനം നോക്കിയാല്‍ ദേവഗണത്തിലെ അശ്വതി, പൂയം, ചോതി, തിരുവോണം എന്നിവ നാലും പുരുഷ നക്ഷത്രങ്ങളാണ്. മറ്റുള്ളവയഞ്ചും സ്ത്രീനാളുകളും.
ഉന്നതങ്ങളായ ആശയങ്ങളുടെ ദേവരഥത്തില് സഞ്ചരിക്കുന്നവരത്രെ, ദേവഗണക്കാര്‍. ആദര്‍ശം മുറുകെ പിടിക്കും. ‘ആകാശകുസുമം’ തലയില്‍ ചൂടാന്‍ ആഗ്രഹിക്കുന്നവരാണ് എന്നിങ്ങനെ അതിനെ പരിഹസിച്ചേക്കാം, മറ്റുള്ളവര്‍. പ്രായോഗികമായി പരാജയപ്പെടുന്നവര്‍ എന്നതരത്തിലും ദേവഗണനക്കാരെക്കുറിച്ച് പറയാറുണ്ട്. സ്വപ്നങ്ങളുടെ തണുവണിഞ്ഞ, എന്നാല്‍ വര്‍ണ്ണശബളിമ കോലുന്ന ദന്തഗോപുരങ്ങളിലാണ് അവരുടെ മാനസിക വ്യാപാരം അധികവും. യാഥാര്‍ത്ഥ്യങ്ങളുടെ പൊരിവെയില് ഏല്ക്കുമ്പോള് തൊട്ടാവാടികളെന്നോണം പരിക്ലാന്തരും ദുര്ബലരുമായിത്തീരുന്നു. എപ്പോഴും നേര്‍വഴികളും പുഷ്പം വിതറിയ രാജവഴികളും മാത്രം ആഗ്രഹിക്കുന്നു. പക്ഷേ കല്ലും മുള്ളും കരടും മുരടും കൂടി നിറഞ്ഞതാണല്ലോ ജീവിതപ്പാത. അതിനാല്‍ എളുപ്പം പരാജയപ്പെടുന്നു; പിന്‍വാങ്ങുന്നു.
സമരമുഖത്തുനിന്നും ഒഴിഞ്ഞു നില്ക്കാന് താല്പര്യപ്പെടുന്നവരാണ് ഇവര്‍. ഫലം എന്തുമാകട്ടെ, തോറ്റാലും ജയിച്ചാലും ഒരു പോര്‍മുഖം തുറക്കണമല്ലോ. അതിന്നിവര് ഒരുമ്പെട്ടുകാണാറില്ല. മാനത്ത് മഴക്കോളിന്റെ മേചകകാന്തി കലരുമ്പോള്‍ തന്നെ വീട്ടിനകത്തിരുന്ന് കുടചൂടുന്നവരും ആയേക്കാം. ചുരുക്കത്തില്‍ ‘സമാധാനപ്രേമികള്‍’ എന്ന ആ പഴയവിശേഷണം ഇണങ്ങിയേക്കും, ദേവഗണക്കാര്ക്ക്. ശാന്തം, പാവം!
സത്വവും രജസ്സും തമസ്സുമായി പിരിയുന്ന ത്രിഗുണങ്ങളില്‍ സാത്വികതയോട് ഒട്ടൊക്കെ ഇണങ്ങി നില്പ്പവരാണ് ദേവഗണക്കാര്‍. രജസ്സും തമസ്സും ഇല്ലെന്നല്ല. എല്ലാവരിലും ത്രിഗുണങ്ങളുണ്ടെന്നാണ് ആര്‍ഷജ്ഞാനികള്‍ വ്യക്തമാക്കുന്നത്. ദേവഗണക്കാരില് നേരിയതോതില്‍ കൂടാം, സത്വഗുണം എന്നുമാത്രം. പക്ഷേ, അതിനുമുണ്ട്, വലിയ പരിധികളും പരിമിതികളും.
ദേവനെ മനുഷ്യനാക്കുന്നതും മനുഷ്യനെ ദേവനാക്കുന്നതും മിക്കവാറും സാഹചര്യങ്ങളാണ്. ചുറ്റുപാടുകളുടെ സമ്മര്‍ദ്ദങ്ങള്‍ ഒരുക്കുന്ന വലക്കണ്ണികളില്‍ കുരുങ്ങി ജീവിതം ചോദ്യചിഹ്നമായി മാറുന്നത് മണ്ണില്‍ പിറന്നവരുടെയെല്ലാം ശിരോലിഖിതമാണ്. എന്നിരുന്നാലും, പേര് അര്‍ത്ഥമാക്കുന്നതുപോലെ ജ്യോതിഷം ഒരു വെളിച്ചമാണ്. അതിലെ എല്ലാ പ്രകാശബിന്ദുക്കളുടേയും ആശയം, ആഴം, വ്യാപ്തി നാം മുഴുവനായി അറിഞ്ഞു കൊള്ളണം എന്നില്ല…
പ്രതികരിക്കാൻ ഇവിടെ എഴുതുക: