ന്യൂദല്‍ഹി: നരേന്ദ്രമോദി നയിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ഒമ്പതാം വര്‍ഷത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനൊരിങ്ങി പാര്‍ട്ടി ദേശീയ നേതൃത്ത്വം. മേയ് 30 മുതല്‍ ജൂണ്‍ 30 വരെയാണ് വിവിധ ആഘോഷങ്ങള്‍ നടത്തുക. മോദി സര്‍ക്കാരിന്റെ നേട്ടങ്ങളും നയങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആഘോഷങ്ങള്‍ നടത്തുക.
മൂന്നു തലങ്ങളിലായി നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി മേയ് 30ന് പ്രധാനമന്ത്രി ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുകയും മഹാറാലിക്കു നേതൃത്വം നല്‍കുകയും ചെയ്യും. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ നയിക്കുന്ന 51 റാലികള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടത്തും. രാജ്യത്തെ 396 ലോക്സഭാ മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രിയുടെയും ദേശീയ വക്താവിന്റെയും സാന്നിധ്യത്തില്‍ യോഗങ്ങളും ചേരും.
ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിരവധി പരിപാടികളും സംഘടിപ്പിക്കും. ബിജെപി മുഖ്യമന്ത്രിമാരും പ്രമുഖ നേതാക്കളും എംപിമാരും എംഎല്‍എമാരുമടക്കമുള്ളവര്‍ യോഗങ്ങളില്‍ ജനങ്ങളുമായി സംവദിക്കും. ഓരോ ലോക്സഭാ മണ്ഡലങ്ങളിലും 250 കുടുംബങ്ങള്‍ എന്ന കണക്കില്‍ ഒരു ലക്ഷം കുടുംബങ്ങളുമായി പ്രധാനമന്ത്രി സംവദിക്കും.
വികാസ് കീര്‍ത്തി എന്ന ആദ്യത്തെ തലത്തില്‍ ഓരോ ലോക്സഭാ മണ്ഡലങ്ങളിലെ പ്രമുഖന്മാരും സമൂഹമാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്നവരുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തും. രണ്ടാമത്തെ തലത്തില്‍ അസംബ്ലി തലത്തില്‍ മുതിര്‍ന്നവര്‍ക്കായി വിരുന്നൊരുക്കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഗുണഭോക്താക്കളുടെ യോഗവും യോഗാദിനാചരണവും നടക്കും. ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്മൃതി ദിനത്തില്‍ 10 ലക്ഷം ബൂത്തുകളിലെ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി സംവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: