ദുബായ് : ഇന്ത്യ- യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ( സിഇപിഎ ) ഒന്നാം വാർഷികം ആഘോഷിച്ചു. അബുദാബിയിൽ നടക്കുന്ന വാർഷിക നിക്ഷേപ യോഗത്തിന്റെ (എഐഎം) ഉദ്ഘാടന ദിനത്തിലാണ് ആഘോഷം നടന്നത്. വ്യാവസായിക ഉൽപ്പാദന വർദ്ധനവിലൂടെ ഇന്ത്യ – യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലൂടെ അഭിവൃദ്ധിയുടെ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി അഭിപ്രായപ്പെട്ടു. ‘സിഇപി എ ബിയോണ്ട് ട്രേഡ്’ എന്ന പേരിൽ ഉദ്ഘാടന ദിവസം നടന്ന പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 മെയ് 1 നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സിഇപിഎ കരാർ പ്രവർത്തനക്ഷമമായത്.
സിഇപിഎ നടപ്പിലാക്കിയ ശേഷമുള്ള ആദ്യ 11 മാസത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി എണ്ണ ഇതര വ്യാപാരത്തിന്റെ മൂല്യം 45.5 ബില്യൺ യുഎസ് ഡോളറിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. 2023-ലെ ആദ്യ പാദത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം മുന്നോട്ട് കുതിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. മുൻ പാദത്തേക്കാൾ ഇത് 24.7 ശതമാനം ഉയർന്നതായും, ഇന്ത്യയിലേക്കുള്ള യുഎഇ എണ്ണ ഇതര കയറ്റുമതി 33 ശതമാനം ഉയർന്നതായും അദ്ദേഹം അറിയിച്ചു.
ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ഒഴുക്ക് വർദ്ധിപ്പിക്കുക എന്നതാണ് ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പ്രധാന ലക്ഷ്യം. വ്യാവസായിക ഉൽപ്പാദനം വർദ്ധിപ്പിക്കുക, പ്രധാന കയറ്റുമതി മേഖലകളെ ഉത്തേജിപ്പിക്കുക എന്നതെല്ലാം കരാറിന്റെ ഭാഗങ്ങളാണ്. സ്വകാര്യ മേഖലകൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും കൂടുതൽ അഭിവൃദ്ധി നൽകുന്നതിനും ഇരു രാജ്യങ്ങളുടെ പങ്കാളിത്തം ഏറെ ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ തടസ്സങ്ങൾ നീക്കുകയും വ്യാപാര ബന്ധങ്ങൾ സുഗമമാക്കുകയും പരസ്പര വിശ്വാസം വളർത്തിയെടുക്കുകയും ചെയ്യുന്നത് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിപ്പിക്കുന്നതായി കഴിഞ്ഞ ഒരു വർഷമായി ഇരുരാജ്യങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എഐഎം, അഡ്നോക്, അഡ് നെക് , ഇന്ത്യൻ പീപ്പിൾസ് ഫോറം, ടെക്സ്മാസ് എന്നിവരുമായി സഹകരിച്ച് കൊണ്ടാണ് യു എ ഇ സാമ്പത്തിക മന്ത്രാലയം ‘ സി ഇ പി എ ബിയോണ്ട് ട്രേഡ്’ സംഘടിപ്പിച്ചത്. യുഎഇയിലെയും ഇന്ത്യയിലെയും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും, വ്യാപാര പ്രതിനിധികളും, വ്യവസായ പ്രമുഖരും, സംരംഭകരും പരിപാടിയിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: