മണ്ണാര്‍ക്കാട്: ടൂറിസം സാധ്യത ഏറെയുള്ള മണ്ണാര്‍ക്കാട് ടൂറിസം മേഖല എന്ന പ്രഖ്യാപനം പാഴ്വാക്കാവുന്നു. കേരള ഭൂപടത്തില്‍ സ്ഥാനം പിടച്ച സൈലന്റ്വാലി, കാഞ്ഞിരപ്പുഴ, ശിരുവാണി, കുന്തിപ്പുഴയിലെ കുരുത്തിച്ചാല്‍ എന്നിവ കോര്‍ത്തിണക്കി ടൂറിസം മേഖല ആക്കുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു. ലോകരാജ്യങ്ങളുടെ വരെ ശ്രദ്ധ നേടിയ സൈലന്റ്വാലി നാഷണല്‍ പാര്‍ക്കില്‍ പോലും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാണ്.
ലോകത്ത് മറ്റെവിടേയും കാണപ്പെടാത്ത ആയിരത്തിലധികം സസ്യങ്ങളുണ്ട് ഇവിടെ. കൂടാതെ 966 ഇനം പൂക്കളും 108 ഇനം ഓര്‍ക്കിഡുകളും ഉണ്ടെന്നാണ് വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന പഠനത്തിലെ നിഗമനം. 2018 ലെ പ്രളയത്തില്‍ ഇവിടെത്തെ റോഡ്യൂള് ഒലിച്ചുപോയിരുന്നു. എന്നാല്‍ 11 കോടി ചില വഴിച്ച് സൈലന്റ്വാലിയിലേക്ക് പോകുന്നതിനുവേണ്ടി 21 കിലോമീറ്റര്‍ വീല്‍ട്രാക്ക്, റിട്ടേലിങ് വാള്, ഗാബി മോണ്വാള് എന്നിവ നിര്‍മിച്ചതെന്നും കഴിഞ്ഞ ഏപ്രില്‍ മാസം വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തതായും സൈലന്റ്വാലി വൈല്‍ഡ് ലൈഫ് വാര്ഡന് എസ്. വിനോദ് ജന്മഭൂമിയോടു പറഞ്ഞു.
സൈലന്റ്വാലിയെപ്പോലെത്തന്നെ തിങ്ങിയ കാടും കാട്ടാറുകളും ധാരാളം വന്യജീവികളുമുള്ള ടൂറിസം സാധ്യതാ കേന്ദ്രമാണ് ശിരുവാണി മുത്തിക്കുളം നിക്ഷിപ്ത വനപ്രദേശം. പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹിതമായ ശിരുവാണി ഭൂമിയിലെ സ്വര്‍ഗമാണെന്ന് ഇവിടെ സന്ദര്‍ശിച്ചവര്‍ പറയുന്നുണ്ടെങ്കിലും സന്ദര്‍ശന അനുമതി ലഭിക്കുന്നില്ലെന്ന് വിനോദസഞ്ചാരികള്‍ പറയുന്നു. വനംവകുപ്പിന്റെ അധീനതയിലുളള ഈ പ്രദേശത്തേക്ക് റോഡുസൗകര്യം കുറവാണെന്നും സുരക്ഷ കാര്യങ്ങള്‍ ഉറപ്പുവരുത്തിയാല്‍ മാത്രമേ ടൂറിസം അനുവദിക്കാന്‍ കഴിയൂ എന്നും വനംവകുപ്പും പറയുന്നു.
തമിഴ്നാട് സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മിച്ച ശിരുവാണി ഡാമിലെ തെളിനീര് ഏഷ്യയില്‍ തന്നെ രണ്ടാം സ്ഥാനത്താണ്. സൈലന്റ്വാലിയിലുള്ളതു പോലെ ഇവിടേയും ധാരാളം വന്യജീവികളുണ്ട്.
മുക്കാലിയില്‍ നിന്ന് 23 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സൈലന്റ്വാലിയില് എത്തും. മണ്ണാര്‍ക്കാട് നിന്ന് 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം എന്നിവയിലെത്താം. അവിടെ നിന്ന് 16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശിരുവാണിയില്‍ എത്താം കഴിയും. കാഞ്ഞിരപ്പുഴ ഉദ്യാനം 2021 ഒക്ടോബറില്‍ ഇറിഗേഷന്‍ വകുപ്പ് ഏറ്റെടുക്കുകയും 2022 ഏപ്രിലില്‍ കുട്ടികളുടെ പാര്‍ക്ക് നവീകരിച്ച് വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തിരുന്നു.
ടൂറിസത്തിന് ഏറെ സാധ്യതയുള്ള മറ്റൊരു പ്രദേശമാണ് മീന്‍വല്ലം വെള്ളച്ചാട്ടവും മിനി വൈദ്യുത പദ്ധതിയും. മണ്ണാര്‍ക്കാട് താലൂക്കിന്റെ വിവിധ ഭാഗങ്ങള്‍ക്ക് വെള്ളവും വെളിച്ചവും നല്കുന്ന വിവിധയിനം പദ്ധതികളായ പാത്രക്കടവ് പദ്ധതി, കോട്ടോപ്പാടം, അലനല്ലൂര്‍, തച്ചനാട്ടുക്കര പഞ്ചായത്തുകള്‍ക്ക് വെള്ളവും വെളിച്ചവും നല്കാനുതകുന്ന പദ്ധതികളിലൊന്നാണ് ചെമ്പുക്കട്ടി പദ്ധതി, എടത്തനാട്ടുക്കരയിലെ വെള്ളച്ചാട്ടപ്പാറ, എന്നിവയെല്ലാം മണ്ണാര്‍ക്കാട്ടെ ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചവയാണ്.
സര്‍ക്കാരിന് കോടികള്‍ വരുമാനമുണ്ടാക്കാന്‍ കഴിയുന്ന ഇതെല്ലാം കോര്‍ത്തിണക്കി ‘മണ്ണാര്‍ക്കാട് ടൂറിസം’ മേഖല രൂപപ്പെടുത്തിയാല്‍ ഈരംഗത്ത് ഇത് ഒരു പൊന്‍തൂവലായി മാറും. കേന്ദ്ര സര്‍ക്കാര്‍ ടൂറിസം മേഖലക്കും മറ്റുമായി കോടികള്‍ നല്‍കുന്നുണ്ട്. എന്നാല്‍ അത് വേണ്ടരീതിയില്‍ വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുന്നില്ലെന്ന ആരോപണമാണ് സഞ്ചാരികളില്‍ നിന്നുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: