ഭോപ്പാല്‍: പ്രതിമാസം 30,000 രൂപ സമ്പാദിക്കുന്ന മധ്യപ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്ന് റെയ്ഡില്‍ പിടിച്ചെടുത്തത് കോടികളുടെ സ്വത്ത്. മധ്യപ്രദേശ് പോലീസ് ഹൗസിംഗ് കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇന്‍ചാര്‍ജ് ആയി കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഹേമ മീനയുടെ വീട്ടിലാണ് ലോകയുക്തയുടെ പ്രത്യേക സംഘം തിരച്ചില്‍ നടത്തിയത്.
കേവലം 10വര്‍ഷം മാത്രം ജോലി ചെയ്ത ഈ മുപ്പത്തിയാറുകാരിയുടെ പേരിലും കുടുമ്പത്തിന്റെ പേരിലുമുള്ളത് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ്. 20,000 ചതുരശ്ര അടി ഭൂമി, വിലപിടിപ്പുള്ള ഗിര്‍ ഇനത്തില്‍പ്പെട്ട രണ്ട് ഡസന്‍ കന്നുകാലികള്‍, ഏകദേശം 30 ലക്ഷം രൂപ വിലയുള്ള 98 ഇഞ്ച് ടിവി 7 ആഡംബര കാറുകള്‍ ഉള്‍പ്പെടെ ഇരുപതോളം വാഹനങ്ങളുമാണ് കണ്ടെത്തിയത്. അഴിമതി വിരുദ്ധ സ്‌ക്വാഡിന്റെ തിരച്ചിലില്‍ 100 നായ്‌ക്കള്‍, സമ്പൂര്‍ണ്ണ വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം, മൊബൈല്‍ ജാമറുകള്‍ എന്നിവയും കണ്ടുകിട്ടി.
കഴിഞ്ഞദിവസം സോളാര്‍ പാനലുകള്‍ നന്നാക്കാന്‍ എത്തിയവര്‍ എന്ന വ്യാജേനയാണ് ലോകായുക്ത സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റില്‍ (എസ്പിഇ) നിന്നുള്ള സംഘം മീനയുടെ ബംഗ്ലാവില്‍ പ്രവേശിച്ചത്. ഒരു ദിവസം കൊണ്ട്, ഏകദേശം ഏഴു കോടി രൂപയുടെ ആസ്തിയാണ് സംഘം കണ്ടെത്തിയത്. ഇത് ഹേമയുടെ വരുമാനത്തെകാള്‍ 232 ശതമാനം കൂടുതലാണ്.
പ്രാഥമിക അന്വേഷണത്തില്‍ മീന തന്റെ പിതാവിന്റെ പേരില്‍ 20,000 ചതുരശ്ര അടി കൃഷിഭൂമി വാങ്ങിയെന്നും പിന്നീട് ഒരു കോടിയോളം രൂപ വിലമതിക്കുന്ന വലിയ വീട് നിര്‍മിച്ചുവെന്നും കണ്ടെത്തി. ആഡംബര വസതിക്ക് പുറമെ റെയ്‌സന്‍, വിദിഷ ജില്ലകളിലും ഇവര്‍ക്ക് ഭൂമിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മധ്യപ്രദേശ് പോലീസ് ഹൗസിംഗ് കോര്‍പ്പറേഷന്റെ പ്രോജക്ടുകളില്‍ ഉപയോഗിക്കാനുള്ള സാമഗ്രികള്‍ വീട് പണിയാന്‍ ഉപയോഗിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. കൊയ്‌ത്തു യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാരിച്ച കാര്‍ഷിക യന്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ബില്‍ഖിരിയയിലെ മിസ് മീനയുടെ വസതി ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ തിരച്ചില്‍ നടത്തിയതായി ഭോപ്പാലിലെ ലോകായുക്ത പോലീസ് സൂപ്രണ്ട് മനു വ്യാസ് പറഞ്ഞു. പ്രാഥമിക കണക്കുകള്‍ പ്രകാരം മീനക്ക് ഏകദേശം 7 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്നുള്ള തിരച്ചിലില്‍ കൂടുതല്‍ കണ്ടെത്താനുള്ള സാധ്യതയുമുണ്ട്. ഇതുവരെ പിടിച്ചെടുത്തവയുടെ യഥാര്‍ത്ഥ മൂല്യം നിര്‍ണ്ണയിക്കാന്‍ മറ്റ് വകുപ്പുകളില്‍ നിന്നും സഹായം തേടേണ്ടിവരും. റെയ്ഡിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും വ്യാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: