ആലപ്പുഴ: ഊരാളുങ്കല്‍ മോഡലില്‍ ജില്ലയിലും തൊഴിലാളികളുടെ സൊസൈറ്റി രൂപീകരിച്ച് കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തികള്‍ സിപിഎം കയ്യടക്കുന്നു. സിഐടിയു ഉള്‍പ്പടെയുള്ള യൂണിയനുകളില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് സിപിഎം സൊസൈറ്റി തൊഴില്‍ നിഷേധിക്കുന്നത് വിവാദമാകുന്നു. ആലപ്പി ഡിസ്ട്രിക്റ്റ് ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ജില്ലയില്‍ മറ്റൊരു ഊരാളുങ്കലായി മാറുന്നത്.
സംസ്ഥാന തലത്തില്‍ ശതകോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഊരാളുങ്കലാണ് കൂടുതലും ചെയ്യുന്നത്. ചെറുകിട കരാറുകാരെ പൂര്‍ണമായും സര്‍ക്കാര്‍ സഹായത്തോടെ വെട്ടിനിരത്തിയാണ് സിപിഎം ബന്ധമുള്ള ഊരാളുങ്കലിന്റെ കുതിപ്പ്. ഈ മാതൃക പിന്തുടര്ന്ന് ജില്ലയിലും നിര്‍മ്മാണ പ്രവര്‍ത്തികള്‍ കയ്യടക്കുക എന്നതാണ് സിപിഎം നിയന്ത്രിക്കുന്ന സൊസൈറ്റിയുടെ ലക്ഷ്യമെന്നാണ് വിമര്‍ശനം. ഇടതു തൊഴിലാളിയൂണിയനുകള്‍ക്ക് പോലും തൊഴില്‍ നിഷേധിക്കുകയാണ് സിപിഎം സൊസൈറ്റി എന്നതാണ് വിചിത്രം. സിപിഎം ജില്ലാ കമ്മറ്റിയംഗം കെ. ആര്. ഭഗീരഥനാണ് സൊസൈറ്റി പ്രസിഡന്റ്.
ഇന്നലെ ആലപ്പുഴ പവര്‍ ഹൗസ് വാര്‍ഡില്‍ ഇലക്ട്രിസിറ്റി എംപ്ലോയീസ് സഹകരണ സംഘത്തിന്റെ കെട്ടിടം നിര്‍മ്മാണത്തില്‍ പ്രദേശത്തെ ട്രേഡ് യൂണിയനുകളിലെ തൊഴിലാളികള്‍ക്ക് ആലപ്പി ഡിസ്ട്രിക്റ്റ് ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി തൊഴില്‍ നിഷേധിച്ചു.
പരാതിപ്പെട്ട സിഐടിയു, എഐടിയുസി തൊഴിലാളികളോട് നിഷേധ നിലപാടാണ് സിപിഎം സൊസൈറ്റി അധികൃതര്‍ സ്വീകരിച്ചത്. തൊഴില്‍ നിഷേധത്തിന് നഷ്ടപരിഹാരം ചോദിച്ചെങ്കിലും അതിനും തയ്യാറായില്ല.
യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. തൊഴില്‍ വേണമെങ്കില്‍ സിപിഎം സൊസൈറ്റിയില്‍ അംഗത്വം എടുക്കണമെന്നാണ് സിപിഎം നേതാവ് ആവശ്യപ്പെടുന്നത്. നിര്‍മ്മാണ പ്രവര്‍ത്തികളും തൊഴില്‍ രംഗവും സമ്പൂര്‍ണമായി പിടിച്ചെടുക്കുക എന്ന തന്ത്രമാണ് സിപിഎം പയറ്റുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: