മനോജ് പൊന്‍കുന്നം
ഭാരതത്തിന്റെ വടക്കേ അറ്റത്തു ഹിമാലയ മലനിരകളോട് ചേര്‍ന്ന് ജമ്മുകശ്മീരില്‍ അതിപുരാതനമായ ഒരു ക്ഷേത്രമുണ്ട്. ശങ്കരാചാര്യ കുന്നുകള്‍ എന്നറിയപ്പെടുന്ന മലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന ശങ്കരാചാര്യ ക്ഷേത്രം. പെര്‍മിയന്‍ കാലഘട്ടത്തില്‍ ഒരു അഗ്നിപര്‍വത സ്ഫോടനത്തില്‍ രൂപപ്പെട്ടതെന്ന് വിശ്വസിക്കുന്ന ശ്രീനഗറിലെ സബര്‍വന്‍ മലനിരകളിലാണ് ക്ഷേത്രമുള്ളത്.
ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് വ്യക്തമായ രേഖകള്‍ ഒന്നുമില്ലെങ്കിലും കല്‍ഹണന്റെ രാജതരംഗിണിയില്‍ അതേക്കുറിച്ചു പരാമര്‍ശമുണ്ട്. അദ്ദേഹം ഈ മലയെ ഗോപാദ്രി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
കശ്മീര്‍ ഭരിച്ചിരുന്ന ഗോപാദിത്യ മഹാരാജാവ് ആര്യദേശത്തുനിന്നും വന്ന ബ്രാഹ്മണര്‍ക്ക് ഈ മലയുടെ താഴ് വാരം അഗ്രഹാരങ്ങള്‍ നിര്‍മിച്ചു താമസിക്കുവാന്‍ നല്കിയത്രേ.
ആ താഴ്വാരം ഇന്ന് ഗോപ്കര്‍ എന്ന് അറിയപ്പെടുന്നു, ഏതാണ്ട് ബിസി 371ല്‍ ആണ് അവരുടെ ആരാധനക്കായി അദ്ദേഹം സബര്‍വന്‍ മലനിരകള്‍ക്ക് മുകളില്‍, താഴ്വരയില് നിന്നും ആയിരം അടി ഉയരത്തില്‍ ഈ ക്ഷേത്രം നിര്‍മിച്ചു ശിവലിംഗ പ്രതിഷ്ഠ നടത്തിയത് എന്ന് വിശ്വസിക്കപ്പെടുന്നു.
എന്നാല്‍ ബിസി 200 ല്‍ മഹാനായ അശോക ചക്രവര്‍ത്തിയുടെ മകനായ ജലൗക, ഇതൊരു ബുദ്ധക്ഷേത്രമാക്കി പുനര്നിര്മ്മിച്ചത്രേ.
ഒരുകാലത്തു ക്ഷയിച്ചു പോയിരുന്ന ഭാരതത്തിലെ ഹിന്ദുമതത്തിന് നവോത്ഥാനത്തിന്റെ പുത്തനുണര്‍വ്വ് നല്കിയ സംന്യാസിയും തത്ത്വചിന്തകനുമായ ശങ്കരാചാര്യര്‍ എട്ടാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം സന്ദര്‍ശിച്ചു. ഹൈന്ദവ സംസ്ക്കാരം പുനഃസ്ഥാപിക്കുന്നതിനായി അദ്ദേഹം ക്ഷേത്രത്തില്‍ വളരെക്കാലം താമസിച്ചു കഠിനമായ തപസ്സനുഷ്ഠിക്കുകയും ചെയ്തു. ഒരു കാലത്ത് ബുദ്ധമത ആരാധനാലയമായി മാറിയിരുന്ന ക്ഷേത്രത്തെ വീണ്ടും ഹിന്ദു ക്ഷേത്രമാക്കി മാറ്റിയത് അദ്ദേഹമാണ്. അദ്ദേഹം ആരാധിച്ചിരുന്ന ശിവലിംഗം ഇന്നും ക്ഷേത്രത്തിലുണ്ട്. ശങ്കരാചാര്യരുടെ സന്ദര്‍ശനത്തോടെയാണ് ഈ മലയും ക്ഷേത്രവും ആ പേരില്‍ അറിയപ്പെടുവാന്‍ തുടങ്ങിയത്.
എന്നാല്‍ ബുദ്ധമതക്കാര്‍ക്കിടയില്‍ ഇത് പര്പഹാര് എന്ന് വിളിക്കുന്ന ജ്യേസ്തേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിന് ലോകമെമ്പാടും ധാരാളം ഭക്തര്‍ ഉണ്ട്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ തിരക്കേറിയ സ്ഥലമാണിത്.
ഏതാണ്ട് ഇരുപതടി ഉയരത്തില്‍ അഷ്ടഭൂജാകൃതിയിലുന്ന നിര്‍മിതിക്കു മുകളില്‍ ചതുരാകൃതിയിലാണ് ക്ഷേത്രത്തിന്റെ അടിത്തറയുള്ളത്. കല്ലുകള്‍ മാത്രമാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മലമുകളിലുള്ള ക്ഷേത്രത്തിലേക്ക് കരിങ്കല്‍ പടികളുണ്ട്. ഏതാണ്ട് 240 പടികള്‍ കയറുമ്പോള്‍ നമ്മള് ഒരു പ്ലാറ്റ്ഫോമില്‍ എത്തിച്ചേരും. അവിടെ നിന്നും ഒരു ഡസന്‍ പടികള്‍ കൂടി കയറണം ക്ഷേത്രത്തിലേക്ക്. അതിന്റെ മട്ടുപ്പാവിലേക്ക് എത്താന്‍ രണ്ട് ചുവരുകള്ക്കിടയിലൂടിയുള്ള ഒരു കല്ഗോവണിയുണ്ട്.
ഈ പടികളുടെ വേലിച്ചുവരുകളില് ചില ലിഖിതങ്ങളുണ്ട്. അത്തരം മറ്റ് ലിഖിതങ്ങളും ക്ഷേത്രത്തിനുള്ളില്‍ കാണാം, അവ ഷാജഹാന്റെ കാലത്തേതാണ്. പ്രധാന ശ്രീകോവിലിന്റെ ആകൃതിയിലുള്ള വൃത്താകൃതിയിലുള്ള മുറി മുഴുവന്‍ താഴ്വരയുടെയും ലോകപ്രശസ്തമായ ദാല്‍ തടാകത്തിന്റെയും അതിമനോഹരമായ കാഴ്ച പ്രദാനം ചെയ്യുന്നു, മഹാരാജ ഗുലാബ് സിംഗ് ആണ് ക്ഷേത്രത്തിന്റെ പ്രധാന ഹാളിലേക്കുള്ള കല്‍പ്പടവുകള്‍ നിര്‍മ്മിച്ചത്. ഇവിടെ വസിക്കുന്ന സംന്യാസിമാര്‍ക്കായി നിര്‍മ്മിച്ച രണ്ട് ചെറിയ ദേവാലയങ്ങളും ക്ഷേത്ര ഘടനയിലുണ്ട്.
കശ്മീരിലെ ഏറ്റവും പ്രധാന തീര്‍ത്ഥാടനമായ അമര്‍നാഥ് യാത്രയ്ക്കിടെ തീര്‍ത്ഥാടകര്‍ ഈ ക്ഷേത്രവും സന്ദര്ശിച്ചുവരുന്നു. ഇന്ന് ദേശീയ പ്രാധാന്യമുള്ള സ്മാരകമായ ക്ഷേത്രവും അതിനടുത്തുള്ള ഭൂമിയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിച്ചിരിക്കുന്നു .
പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ ഇതിന്റെ ചുമതല ധര്‍മ്മാര്‍ത്ഥ ട്രസ്റ്റിനാണ്. അവസാനത്തെ കശ്മീര്‍ മഹാരാജാവായിരുന്ന ഹരിസിങ്ങിന്റെ മകനായ ഡോ. കരണ്‍ സിംഗ് ആണ് ധര്‍മാര്‍ത്ഥ ട്രസ്റ്റിന്റെ ഏക ചെയര്‍പേഴ്സണ്‍ ട്രസ്റ്റി.
പൂര്‍വകാലത്ത് മുഗളന്മാരുടെയും ആധുനിക കാലത്ത് ഭീകരവാദികളുടെയും കടന്നുകയറ്റത്തില്‍ തകരാതെ തലയുയര്‍ത്തി നില്ക്കുന്ന ക്ഷേത്രം ഇന്ന് സഞ്ചാരികളുടെയും ചരിത്രാന്വേഷിക്കളുടെയും പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. പ്രഭാതങ്ങളില്‍ ശങ്കരന് മലനിരകളില്‍ നിന്നും ഒഴുകിയെത്തുന്ന ശങ്കര സ്തുതികള്‍ ഏതൊരു ഹൈന്ദവനിലും അഭിമാനം ജനിപ്പിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: