ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരാക്കി. അല്‍ ഖ്വാദിര്‍ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട് വാദം കേട്ട കോടതി ഇമ്രാനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ ഇമ്രാനും ഭാര്യയും 50 ബില്യണ്‍ ഡോളര്‍ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. ഇമ്രാനെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി ഇസ്ലാമാബാദിലെ ഹൈക്കോടതി റോഡില്‍ വന്‍ സുരക്ഷാസംവിധാനമാണ് ഒരുക്കിയിരുന്നത്.
ഇമ്രാന് ഖാന് അറസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ കലാപം അടിച്ചൊതുക്കുന്നതിനായി പഞ്ചാബ് പ്രവിശ്യയില്‍ പാകിസ്ഥാന് കരസേനയെ നിയോഗിച്ചിരിക്കുകയാണ്. കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര് അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. 130 പോലീസുകാര്‍ക്ക് പരിക്കേറ്റതായും 25 പോലീസ് വാഹനങ്ങള്‍ കത്തിച്ചതായും പഞ്ചാബ് പോലീസ് പറയുന്നു
ഇമ്രാനെ പുറത്തുവിടുന്നതുവരെ നിലവിലെ പ്രക്ഷോഭം രാജ്യവ്യാപകമായി തുടരുമെന്ന് ഇതുസംബന്ധിച്ച് ട്വിറ്ററിലൂടെ നല്കിയ അറിയിപ്പില്‍ പിടിഐ പാര്‍ട്ടി വ്യക്തമാക്കി. ഇമ്രാന് ഖാന്റെ അറസ്റ്റ് ശരിവച്ച ഇസ്ലാമാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പിടിഐ സീനിയര്‍ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി വ്യക്തമാക്കി. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ തീരുമാനം വിചിത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: