കൊച്ചി : കൊല്ലം കൊട്ടാരക്കരയില്‍ യുവ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അക്രമാസക്തനായ ആളെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ വേണ്ടത്ര സുരക്ഷാ ഉറപ്പു വരുത്തേണ്ടതല്ലേയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വേണ്ടത്ര സുരക്ഷ ഉറപ്പുവരുത്താത്തതില്‍ സര്‍ക്കാരിനേയും പോലീസിനേയും ഹൈക്കോടതി കുറ്റപ്പെടുത്തി.
ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. ഡോക്ടറുടെ കൊലപാതകം ദുഃഖകരമായ സംഭവം. രാജ്യത്ത് ഇത്തരത്തില്‍ ഒന്ന് വേറെ എവിടെയങ്കിലും ഉണ്ടായിട്ടുണ്ടോ. ഇത് ഇനിയും ആവര്‍ത്തിക്കില്ലെന്ന് പറയാന്‍ സാധിക്കുമോ, അക്രമണോത്സുകത പ്രകടിപ്പിക്കുന്ന ഒരാളെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി. വേണ്ടത്ര ജാഗ്രത കാണിച്ചില്ല. പ്രതി ആക്രമം കാണിച്ചത് പോലീസിന്റെ മുമ്പില്‍വെച്ച്. പോലീസിന്റെ കയ്യില്‍ തോക്ക് ഉണ്ടായിരുന്നില്ലേ. യുവ ഡോക്ടറുടെ ജീവനാണ് നഷ്ടപ്പെട്ടത്.ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം നല്കാന് സാധിക്കില്ലെങ്കില്‍ അടച്ചിടണമെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
ഡോ. വന്ദന ദാസിന്റെ കൊലപാതകവും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബുധനാഴ്ച ഉച്ചക്ക് ഹൈക്കോടതി പ്രത്യക സിറ്റിങ് നടത്തിയതാണ് ഇന്ന്. വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യ- സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് മുന്നിലായി ഡോക്ടര്‍മാരുടെ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുന്ന വന്ദനയുടെ മൃതദേഹം അവിടെ അല്‍പ്പനേരം പൊതുദര്‍ശനത്തിനും വെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: