ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം തിരുവുത്സവപ്രഭയിലാണ്. കൊടിയേറ്റും ആറാട്ടും ഉള്‍പ്പെടെ 11 ദിവസം നീളുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവം ആനക്കമ്പക്കാരുടേയും മേളക്കമ്പക്കാരുടേയും കഥകളിക്കമ്പക്കാരുടേയും അവസാനതാവളമാണ്.
മേടമാസത്തില്‍ ഉത്രം നാളില്‍ കൊടികയറി തിരുവോണം നാളില്‍ ആറാട്ടോടെ കൊടിയിറങ്ങുന്ന സംഗമേശന്റെ തിരുവുത്സവം അന്യമാകാത്ത ആചാരവിശുദ്ധിയാലും ആട്ടക്കഥകളുടെ ദൃശ്യശ്രാവ്യമനോഹാരിതയാലും കരിവീരന്‍മാരുടെ കറുപ്പഴകാലും ശുദ്ധപഞ്ചാരിയുടെ ചെമ്പടവട്ടങ്ങളാലും ഏറെ ശ്രദ്ധേയമാണ്. കൊടിപ്പുറത്തുവിളക്കുമുതല്‍ പള്ളിവേട്ട ദിവസം ശിവേലിയുള്‍പ്പെടെ 16 മുഴുനീളന്‍ പഞ്ചാരിയാണ് ഇവിടെ കൊട്ടിക്കയറുന്നത്. ഉത്സവനാളുകളില്‍ രാവിലെ ശ്രീഭൂതബലിക്കുശേഷമാണ് കിഴക്കേനടപ്പുരയില്‍ ശുദ്ധപഞ്ചാരിക്കു കാലമിടുന്നത്. ഉത്സവത്തിന്റെ ആദ്യദിനങ്ങളില്‍ രണ്ടും മൂന്നും മണിക്കൂറുകള്‍ മാത്രമുള്ള പഞ്ചാരി ഉത്സവം മുറുകുന്നതോടെ ‘പഞ്ചാരി തുടങ്ങിയാല്‍ പത്തുനാഴിക’’എന്ന ചൊല്ലിനെ അന്വര്‍ഥമാക്കും വിധമാണ് ശിവേലി. കൈയ്യും കോലും ഉപയോഗിച്ചുമാത്രമാണ് ഇവിടെ പതികാലംമുതലുള്ള പഞ്ചാരി കൊട്ടുക. പടിഞ്ഞാറേ നടപ്പുരയില്‍ പഞ്ചാരി അഞ്ചാംകാലം കലാശിപ്പിച്ച് ചെമ്പടകൊട്ടി കുലീപിനിതീര്‍ഥക്കരയിലൂടെ കിഴക്കേ നടപ്പുരയിലെത്തിയാണ് മേളം തീര് കൊട്ടുന്നത്. ഇക്കുറി ഉത്സവമേളത്തിന് ഓരോ ദിവസവും ഓരോ പ്രമാണിമാരാണ് മേളം നയിക്കുന്നത്.
ഉത്രം നാളില്‍ കൊടികയറി കഴിഞ്ഞാല്‍ കൂത്തമ്പലത്തില്‍ കൂടിയാട്ടത്തിലെ ഒരു ചെറിയ ഭാഗം അരങ്ങേറികൊണ്ട് കലോത്സവത്തിന്റെ നാന്ദി കുറിക്കുന്നു. കൊടിപ്പുറത്തുവിളക്കുമുതല്‍ പള്ളിവേട്ടയുടെ തലെന്നാള്‍ വരെ ‘വിളക്കിനെഴുന്നള്ളത്തുണ്ട്. ഇതില്‍ ഏറ്റവും ദൈര്‍ഘ്യമേറുന്നതും ഭക്തരുടെ ഏറ്റവും വലിയ തിരക്കനുഭവപ്പെടുന്നതും പള്ളിവേട്ടയുടെ തലേദിവസം നടക്കുന്ന വലിയ വിളക്കിനാണ്. ഈ രാത്രിയിലാണ് ശ്രീരാമപട്ടാഭിഷേകം കഥകളി അരങ്ങേറുന്നത്. കൊടിപുറത്തു വിളക്കിന്റെ പിറ്റേന്ന് രാവിലെ മുതല്‍ പള്ളിവേട്ട നാള്‍ പകല്‍ വരെ ദിവസവും ശീവേലിയെഴുന്നെള്ളിപ്പുണ്ട്. ശീവേലിക്കും വിളക്കിനും 17 ആനയും പഞ്ചാരിമേളവും അകമ്പടി സേവിക്കും. തിടമ്പേറ്റിയ ആനയുടെ ഇരുവശവും കുട്ടിയാനകള്‍ ഇവിടത്തെ പ്രത്യേകതയാണ്. പതിനേഴ് ആനകളില്‍ ഏഴ് ആനകളുടെ നെറ്റിപ്പട്ടം തങ്കം കൊണ്ടുനിര്‍മിച്ചതും മറ്റ് പത്ത് ആനകളുടേത് വെള്ളികൊണ്ടുള്ളതുമാണ്. മറ്റൊരു ക്ഷേത്രത്തിലും കാണാനാവാത്ത സവിശേഷതയാണിത്.
പള്ളിവേട്ടദിവസം രാത്രി ഒരു കിലോമീറ്റര്‍ കിഴക്കുഭാഗത്തുള്ള ആല്‍ത്തറയിലാണ് പള്ളിവേട്ട നടക്കുന്നത്. ആദ്യം ഒരു ആന കഴുത്തിലെ മണിപോലും കിലുങ്ങി ശബ്ദമുണ്ടാക്കാതെ ആല്‍ത്തറയിലെത്തുന്നു. ചടങ്ങ് കഴിഞ്ഞാല്‍ അഞ്ച് ആനയുമായി പഞ്ചവാദ്യത്തോടെ തിരിച്ചെഴുന്നള്ളത്ത്. കുട്ടംകുളത്തിനു സമീപം എത്തിയാല്‍ വെടിക്കെട്ടും തുടര്‍ന്ന് പാണ്ടിമേളവും ഉണ്ടായിരിക്കും. പിറ്റേന്ന് പൂജകഴിഞ്ഞ് ശ്രീഭൂതബലി കഴിഞ്ഞ് മൂന്ന് ആനയുടെ അകമ്പടിയോടെ ആറാട്ടിനു യാത്രയാകുന്നു. ആറാട്ട് ഓരോവര്‍ഷവും ഇടവിട്ട് ചാലക്കുടിയിലെ കൂടപ്പുഴക്കടവിലോ കുറുമാലിപ്പുഴയിലെ രാപ്പാള്‍ കടവിലോ ആയിരിക്കും. ഇക്കുറി മേയ് 12 ന് രാപ്പാള്‍ കടവിലാണ് ആറാട്ട്.
ഉത്സവനാളുകളില്‍ ക്ഷേത്രകലകളുടെ സംഗമഭൂമിയാണ് സംഗമേശസന്നിധി. രാവിലെ ശീവേലി കഴിഞ്ഞാല്‍ കിഴക്കെ നടപുരയില്‍ ഓട്ടന്‍തുള്ളല്‍ സന്ധ്യയ്‌ക്ക് നടപ്പുരയില്‍ സന്ധ്യാവേലയായി മദ്ദളക്കേളി, കൊമ്പ്പറ്റ് , കൂത്തമ്പലത്തില്‍ ചാക്യാര്‍കൂത്ത്, പടിഞ്ഞാറേ നടപുരയില്‍ കുറത്തിയാട്ടം, പാഠകം എന്നിവയും ഉണ്ടാകും. വിളക്കിന്റെ മേളത്തിനുമുമ്പായി കേളി, കുറുംകുഴല്‍പറ്റ് എന്നിവയുണ്ട്. വിളക്കെഴുന്നള്ളിപ്പ്കഴിഞ്ഞാല്‍ പുലരും വരെ കഥകളിയാണ്. രാവിലേയും വൈകിട്ടും ശ്രീഭൂതബലിയോടനുബന്ധിച്ചുള്ള ‘മാതൃക്കല്‍ ദര്‍ശനം’ ഏറെ പ്രാധാന്യമുള്ളതാണ്. താമരമാല സംഗമേശന് ഏറെ സവിശേഷമാണ്. മഴ പെയ്യാതിരിക്കാന്‍ കൂടല്‍മാണിക്യസ്വാമിക്ക് താമരമാല വഴിപാട് കഴിക്കുന്നതും പതിവാണ്.
ഉണ്ണായിവാര്യരും സംഗമേശനും
നളചരിതം ആട്ടകഥയിലൂടെ കേരളഭാഷാസാഹിത്യത്തില്‍ അനശ്വരപ്രതിഷ്ഠ നേടിയ ഉണ്ണായിവാര്യര്‍ കൂടല്‍മാണിക്യസ്വാമിയുടെ ഒരുത്തമഭക്തനായിരുന്നു. ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിനു സമീപത്തുള്ള അകത്തൂട്ട് വാര്യത്താണദ്ദേഹത്തിന്റെ ജനനം. ദേവനു മാലക്കെട്ടല്‍ അകത്തൂട്ട് വാരിയത്തെക്കായതിനാല്‍ ബാല്യകാലം മുതല്‍ ഭഗവാനെ സേവിക്കാന്‍ ഉണ്ണായിവാര്യര്‍ക്ക് സാധിച്ചു. നിത്യവും താമര, തുളസി, തെച്ചി എന്നീ പുഷ്പങ്ങള്‍കൊണ്ട് മാലകെട്ടി സംഗമേശന് സമര്‍പ്പിച്ചിരുന്ന അദ്ദേഹത്തിനു സ്‌തോത്രരൂപത്തിലുള്ള ഒരു മാല ഭഗവാന്‍ സമര്‍പ്പിക്കണമെന്ന് ഒരാഗ്രഹം തോന്നി. അതിന്റെ ഫലമാണ് സ്‌തോത്രകാവ്യമായ ‘ശ്രീരാമപഞ്ചശതി’. ശ്രീ സംഗമേശനെ അഭിസംബോധന ചെയ്ത്‌കൊണ്ട് അമ്പത് ദശകങ്ങളിലൂടെ അഞ്ഞൂറ്റിമുപ്പത്തിനാലു ശ്ലോകങ്ങളെകൊണ്ട് സ്തുതിക്കുന്ന അതിമനോഹരമായ സ്‌തോത്രകാവ്യമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: