കൃഷ്ണ പി. നായര്‍
സ്വാതന്ത്ര്യസമരകാലഘട്ടത്തിനു രണ്ട് വര്‍ഷം മുന്നിലെ ബ്രിട്ടീഷ്- സന്താള്ഗോത്ര പോരാട്ട ചരിത്രം മുപ്പതിലധികം വനിതകള്‍ അമ്പതോളം വ്യത്യസ്ത കഥാപാത്രങ്ങളുമായി 71 വര്‍ഷം പൂര്‍ത്തിയാക്കുന്ന കൊല്‍ക്കത്തയിലെ പ്രഥമ മലയാളി സംഘടന 2023 മെയ് ഏഴിന് അരങ്ങിലെത്തിക്കുന്നു.
1855-56 കാലത്ത് വനനിയമം കൊണ്ടുവന്ന് സന്താള്‍ ഗോത്രജനതയുടെ ആവാസവ്യവസ്ഥയെ തകിടംമറിച്ച് താറുമാറാക്കി സഞ്ചാര സ്വാതന്ത്ര്യം വരെ നിഷേധിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കിരാത ഭരണത്തെ സന്താളുകള്‍ സ്വന്തം സൈന്യം രൂപീകരിച്ച് അമ്പും വില്ലും മഴുവുമായി പോരാട്ടത്തിനിറങ്ങുകയും ബ്രിട്ടീഷ് സിപ്പായി സൈന്യത്തെ വിറപ്പിക്കുകയും ചെയ്ത ചരിത്ര ഏടുകളാണ് ഉദ്വേഗജനകമായി ദൃശ്യചാരുതയോടെ ‘കൊല്‍ക്കത്ത കേരളീയ മഹിള സമാജം’ ഒന്നര മണിക്കൂറുളള നാടകമായി അവതരിപ്പിക്കുന്നത്.
സന്താള്‍ പോരാട്ടത്തിന് നേതൃത്വം നല്കി വീരചരമം പ്രാപിച്ച മുര്‍മുര്‍ ഗോത്ര പുരോഹിതന്റെ മക്കളായ സിദ്ധു, കാനു, ചാന്ദ്, ഭൈരവ്, ഫുലോം, ജാനു സഹോദരങ്ങളുടെ നേതൃത്വത്തില്‍ നടന്ന വിപ്ലവകരമായ ചരിത്രമാണ് അഭിനയമുഹൂര്‍ത്തങ്ങളുമായി വനിതകള്‍ പാട്ടും നൃത്തവും യുദ്ധ തന്ത്രങ്ങളുമായി അരങ്ങില്‍ അവതരിപ്പിക്കുന്നത്.
സന്താള്‍ ഗോത്രഗ്രാമങ്ങളില്‍ പോയി അന്വേഷണം നടത്തിയും, ശാന്തിനികേതനും കൊല്‍ക്കത്ത നാഷണല്‍ ലൈബ്രറിയും ഉള്‍പ്പെടെയുളള റിസര്‍ച്ച് കേന്ദ്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുമാണ് ‘സന്താള്‍ ഹുല്‍’ നാടകം രൂപപ്പെടുത്തിയതെന്ന് നാടകത്തിന്റെ ചീഫ് കോ- ഓര്‍ഡിനേറ്ററും കെഎംഎസ്സിന്റെ സെക്രട്ടറിയുമായ കൃഷ്ണ പി. നായര്‍ അറിയിച്ചു.
പ്രമുഖ നാടക സംവിധായകന് രവി തൈക്കാടാണ് ‘സന്താള്‍ ഹുല്‍’ നാടകത്തിന്റെ രചനയും ഡിസൈനും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.
അടുക്കളയിലും ഓഫീസുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വീട്ടമ്മമാരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന അമ്പതോളം വനിതകള്‍ നാടകത്തിന്റെ അരങ്ങിലും അണിയറയിലും മൂന്നുമാസമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കഴിഞ്ഞ വര്‍ഷം ‘സോനാഗച്ചി’ വിഷയമാക്കി ഇതേ ടീം അവതരിപ്പിച്ച ‘സ്വര്‍ണ്ണമരം’ നാടകം വന്‍ വിജയമായിരുന്നു.
ബിഹാല ശരദ് സദനില്‍ ഇന്ന് (മെയ് 7) വൈകുന്നേരം 6 മണിക്കാണ് ‘സന്താള്‍ ഹുല്‍’ നാടകം കൊല്‍ക്കത്ത കേരളീയ മഹിള സമാജം അവതരിപ്പിക്കുന്നത്.
പ്രവേശനം നിയന്ത്രിത പാസ്സ് മൂലമെന്ന് പ്രസിഡണ്ട് പ്രഭാ മേനോന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: