നിബിന് കള്ളിക്കാട്
റീജിണല്‍ കാന്‍സര്‍ സെന്ററില്‍ പതിവിലും തിരക്കുള്ള ഒ പി ആണ്. തിരക്കുകള്‍ക്കിടയില്‍ ഭാര്യയുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചു ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ വലിയ പ്രശ്നങ്ങളായി. ഒടുവില്‍ കോടതിയിലെത്തിയപ്പോള്‍ ഇന്നലെ വൈകുന്നേരം കയ്യില്‍ കിട്ടിയ ഡിവോഴ്സിന്റെ വിധിപകര്‍പ്പെടുത്ത് ഒന്നുകൂടി ഡ്യൂട്ടിക്കിടയില്‍ മറിച്ചുനോക്കുന്നതിനിടയിലാണ് പെട്ടെന്നൊരു ചോദ്യം ചെവിയിലെത്തിയത്.
”ഈ മനുഷ്യന്റെ അസുഖം മാറുമോ സാറെ?”
എഴുപതു വയസ്സു കഴിഞ്ഞ ശബ്ദം അങ്ങനെ എന്നോട് ചോദിക്കുമ്പോള്‍ ഞാന്‍ സ്തെതസ്കോപ്പ് കഴുത്തിലിട്ടു മുഖമുയര്‍ത്തി. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവിടെ കീമോയെടുക്കാന്‍ വന്നുപോകുന്ന അവരെ ഞാനൊന്നു നോക്കി.
രോഗി ഭര്‍ത്താവാണ്.. കൂട്ടിരിപ്പ് ഭാര്യയും..ആദ്യം കണ്ടതുപോലെ അയാളന്നും ദേഷ്യത്തിലാണവരോട് ഇടപെടുന്നത്.
മണിയനും ഭാര്യ സുമതിയുമാണ്. മണിയനെ നോക്കി സുമതി അങ്ങനെ അടുത്തുതന്നെ നില്‍പ്പുണ്ട്. ഞാന്‍ കേസ് ഹിസ്റ്ററിയെടുത്തു നോക്കി. ഫൈനല്‍ സ്റ്റേജിലാണ് അസുഖം.
പെറ്റ് സ്കാനിംഗ് റിപ്പോര്‍ട്ടില്‍ അസുഖത്തിന്റെ സ്പ്രെഡിങ് ഒരുപാടുണ്ട്. കീമോ തുടരുന്നതു കൊണ്ടാണ് ഇപ്പോഴും ആയുസ്സ് നില്‍ക്കുന്നതെന്ന് എങ്ങനെയവരോട് പറയും.
ഞാന്‍ പതുക്കെ മറുപടി പറഞ്ഞു.
”മാറും… പേടിക്കണ്ട കേട്ടോ… അല്‍പ്പം കൂടി ട്രീറ്റ്മെന്റുണ്ട്.”
ഇന്നും കീമോ ഉണ്ടല്ലോ. അതുകഴിഞ്ഞു നോക്കാന്നു പറഞ്ഞ് അവരെ കീമോ വാര്‍ഡിലേക്ക് മാറ്റി.
മണിയനെയും കൊണ്ട് സുമതി വാര്‍ഡിലേക്കു നടന്നു. രോഗികള്‍ കുറവായപ്പോള്‍ ഞാനും പിന്നാലെ പോയി വാര്‍ഡിലെത്തി. നോക്കിയപ്പോള്‍ മണിയന് ട്രിപ്പിടാന്‍ സമ്മതിക്കുന്നില്ല. കാര്യം തിരക്കിയ സുമതിയെ നാലഞ്ചു തെറി.
ശബ്ദം കേട്ട നഴ്സുമാര്‍ വന്നു പറഞ്ഞു.
”പേഷ്യന്റിന് ഇനി ചികിത്സ വേണ്ടന്നാ പറയുന്നത്. സണ്ണി ഡോക്ടറൊന്നു പറയുമോ അവരോട്?”
”മ്മ്..” ഞാന്‍ മറുപടി കൊടുത്തു.
അടുത്തേക്കു ചെന്ന ഞാന്‍ അവരോട് എന്റെ റൂമിലേക്ക് വരാന്‍ പറഞ്ഞപ്പോള്‍ തന്നെ മണിയനും സുമതിയുമെന്റെ പിന്നാലെ വന്നു!
ഞാന്‍ മണിയനെ മാത്രം റൂമിലേക്ക് വിളിപ്പിച്ചു. സുമതി പുറത്തു നിന്നു.
”ഞാന്‍ തിരക്കി, എന്താ അമ്മാവന്റെ പ്രശ്നം? ചികിത്സ വേണ്ടാന്ന് പറഞ്ഞോ? കാര്യം എന്താ, ഞാന്‍ കൂടിയൊന്നറിയട്ടെ?”
”ഇല്ലെങ്കില്‍ പിന്നെ ഈ ബോര്‍ഡൊക്കെ വച്ച് ഞാനെന്തിനാ ഡോക്ടര്‍ സണ്ണിയെന്ന പേരില്‍ ഇവിടെയിരിക്കുന്നത്.”
മണിയന് പതുക്കെ എന്നെ നോക്കി.
”സാറേ, എനിക്ക് ചികിത്സ വേണ്ട. കാരണം ഞാന്‍ ജീവിക്കുമോ മരിക്കുമോ എന്നതില്‍ എനിക്കൊരു പേടിയുമില്ല. പക്ഷേ, എനിക്കിനി ഇങ്ങനെ വേദനിക്കാനും വേദനിപ്പിക്കാനും വയ്യ സാറേ.”
”ഇവിടെ നിന്നും കീമോ കഴിഞ്ഞു പോകുമ്പോള്‍ രാത്രിയോടെ വേദന തുടങ്ങും. ശരീരത്തിന്റെ ഓരോ രോമകൂപങ്ങളിലും തൊലിപ്പുറവും വരെ വേദനയാണ്. ഞാനത് സഹിക്കാന്നു വയ്ക്കാം.”
”പക്ഷേ എന്റെ അസുഖത്തിനു കാവലിരിക്കുന്ന സുമതിയെ ഇനി വിഷമിപ്പിക്കാന്‍ വയ്യ സാറേ. കീമോ കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ അവളെനിക്ക് ഉറങ്ങാതെ കാവലിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് പേടിയാ സാറേ. വയസ്സ് എമ്പതു കഴിഞ്ഞു എനിക്ക്. അവള്‍ക്ക് എഴുപത്തി മൂന്നും. സാറിനറിയാം ഞാന്‍ രക്ഷപ്പെടില്ലെന്ന്. പക്ഷേ, പിന്നേം പിന്നേം ഇങ്ങനെ വേദന സഹിച്ചോണ്ട് ആയുസ്സ് കിട്ടിയിട്ട് എന്താ സാറെ കാര്യം?”
”എന്റെ കൊച്ചുമോള് പറയുന്നത് ഈ ആശുപത്രിയില്‍ നിന്ന് കിട്ടുന്നത് നിലവിളി മരുന്നെന്നാ. നിലവിളിക്കാനായുള്ള മരുന്ന്.” ഇത്രയും പറഞ്ഞ് അയാളെന്നെ നോക്കി ചിരിച്ചപ്പോള്‍ ആ കണ്ണുകളില്‍ കണ്ണീര് ഒഴുകുന്നുണ്ടായിരുന്നു.
”ഞാനെന്തായാലും ഉടനെ പോകും. എന്നാ പിന്നെ അതുവരെ കുറച്ചു ദിവസമെങ്കിലും ഇങ്ങനെയങ്ങു പോട്ടെ സാറെ. പിന്നെ ചികിത്സ നിര്‍ത്താന്‍ പറഞ്ഞതിന് മറ്റൊരു കാര്യം കൂടിയുണ്ട്. സുമതിയെ കെട്ടിയതിനുശേഷം അവളെ ഒരു സ്ഥലത്തും കൊണ്ടു പോയിട്ടില്ല. അന്നൊക്കെ ദാരിദ്ര്യമായിരുന്നു. പണത്തിനു വേണ്ടി കഷ്ടപ്പെടുന്നതിനിടയില്‍ ആരേലും ഇങ്ങനെ ധൂര്‍ത്തിനായി പോകുമോന്നുള്ള ചോദ്യം മാത്രമവള്‍ക്ക് തിരിച്ചു കൊടുത്തു.”
”ഇന്ന് ആരോഗ്യം കുറവാണ് യാത്ര ചെയ്യാന്‍. പക്ഷേ ഇന്നെന്തായാലും ഒരുപാടു കാശുണ്ട് കയ്യില്‍. അതിന് ബാക്കിയുള്ള ദിവസമായാലും മാസമായാലും വര്‍ഷമായാലും എനിക്കത് അവള്‍ക്കായി ചെലവഴിക്കണം. അവളന്നു ആഗ്രഹം പറഞ്ഞ സ്ഥലത്തൊക്കെ ഒന്നുപോയി നല്ല ഭക്ഷണമൊക്കെ കഴിച്ച്, അല്‍പ്പം ചുറ്റിയടിച്ചു ഒടുവില്‍ മരിക്കട്ടെ സാറെ. അതാകുമ്പോള്‍ എനിക്കും ഒരു നഷ്ടം തോന്നില്ല. അവളെനിക്കു വേണ്ടിയാ സാറെ ഇതുവരെ ജീവിച്ചത്. ഞാനോ? പണത്തിനു മാത്രമായി ഓടുകയായിരുന്നു. ഒടുവില്‍ പണം നേടിയപ്പോള്‍ ജീവിതം പോയ പോലെയാണ്.”
”അസുഖം എല്ലാവര്ക്കും വരാം മിസ്റ്റര്‍ മണിയന്. വിഷമിക്കണ്ട. നമുക്ക് നോക്കാന്നേ!”
”വേണ്ട ഡോക്ടറെ… മതിയാക്കാം. ഇനി ഒരുപാടു ജീവിക്കാന്‍ ആഗ്രഹമില്ല. കുറച്ചു മതി. അവളോടൊപ്പം ഇഷ്ടമുള്ളതൊക്കെ ചെയ്തങ്ങനെ.”
നിങ്ങളുടെ ഇഷ്ടമെന്ന് പറഞ്ഞ് ഞാന്‍ മണിയന്റെ ബ്ലഡ് റിസള്‍ട്ടുകള്‍ നോക്കി.
”കൗണ്ട് വളരെ കുറഞ്ഞു വരുന്നു. എന്നാല്‍ കീമോ വേണ്ട. കൗണ്ട് കൂട്ടാനുള്ള ഇന്ജെക്ഷന് വേണം. അത് എടുത്തിട്ട് ബാക്കി തീരുമാനിക്കാം. പോരെ.”
”പിന്നെ ഡോക്ടറെ, ഇത് പുറത്തുനിക്കുന്നവള്‍ അറിയണ്ട. അറിഞ്ഞാലവള്‍ വിഷമിക്കും.”
ഞാനതിനു തലയാട്ടി.
പിറകെ സുമതി കയറി വന്നു.
”എന്താ ഡോക്ടറേ ഈ മനുഷ്യന് പറയുന്നത്?”
സുമതി ചോദിച്ചു.
ഞാന്‍ പറഞ്ഞു. ”ഒന്നൂല്ലാ, നിങ്ങളൊരു യാത്രയൊക്കെ പോയി വന്നാല്‍ മതി. ഈ അവസ്ഥയൊക്കെ മാറും.”
അസുഖം മാറാന്‍ അല്ലേ? യാത്ര പോകാം ഡോക്ടറെന്നു സുമതിയുടെ മറുപടി കേട്ടപ്പോള്‍ മണിയന് എന്നെ നോക്കി ചിരിച്ചു.
ഞാന്‍ മണിയനോട് ചോദിച്ചു.
”എവിടെയാ അപ്പോ പോകുന്നത് നിങ്ങള്‍?”
”അമേരിക്ക!”
”ങ്ങേ!”
”ആ ഡോക്ടറെ, ഇവള് പണ്ടേ പറഞ്ഞതാ അവിടെ ഹണിമൂണിന് പോണമെന്ന്. ഇതിപ്പോ ആറുമാസം അവിടെ നിക്കാനുള്ള വിസയെടുക്കാന്‍ ഞാന്‍ പറഞ്ഞിട്ട് ഇങ്ങോട്ട് വന്നതാണ്.”
”അപ്പോ മക്കളും പോരുന്നോ കൂടെ?”
”ഏയ്… ഞങ്ങള്‍ ഹണിമൂണിന് പോകുമ്പോള്‍ മക്കള്‍ വരണ്ട.” അത് ഇവള്‍ക്കിത്തിരി നാണമാണെന്ന് മണിയന് പറഞ്ഞപ്പോള്‍ സുമതി പെട്ടെന്നയാളുടെ തോളില്‍ വിരലുകള്‍ വച്ചൊരു കിഴുക്കുകൊടുത്തു. അയാളതു ആസ്വദിക്കുമ്പോലെ ഒന്ന് നന്നായി ചിരിച്ചു.
അവര്‍ പുറത്തേക്കിറങ്ങിയപ്പോള്‍ നഴ്സ് വന്നു കാര്യം തിരക്കി.
”എന്താ ഡോക്ടറേ ചെയ്യേണ്ടത്?”
”ഒന്നും വേണ്ട.”
”അവര്‍ ജീവിതത്തിലേക്കാണ് പോയത്… ഇനിയുള്ള ദിവസങ്ങള്‍ അവര്‍ ജീവിക്കട്ടെ!”
അപ്പോള്‍ ഈ കേസ്ഷീറ്റില്‍ എന്തുവാ എഴുതേണ്ടതെന്ന് നഴ്സ്.
”അവര്‍ ലൈഫിലേക്ക് തിരിച്ചു നടക്കുന്നുവെന്നു എഴുതിയേക്കൂ…”
”അല്ല ഡോക്ടര്‍, അത്?”
”അതെ. അവര്‍ നിലവിളിമരുന്നുകളുടെ നരകത്തില്‍ നിന്നും ജീവിതത്തിന്റെ അവസാന സത്യത്തിലേക്ക് മരണത്തിലേക്ക് യാത്രതിരിച്ചുവെന്നതാണ് സത്യം. പക്ഷേ… അതുവരെ കിട്ടുന്ന ഓരോ മിനിട്ടും അയാള്‍ക്കും ആ സ്ത്രീക്കും ഇന്നുവരെ കിട്ടിയ ഓരോ ദിവസത്തെക്കാള്‍ വിലയുണ്ടാകും. അവരത് ആസ്വദിക്കട്ടന്നേ!”
ഇതു കേട്ട നഴ്സ് എന്നെ നോക്കി നിന്നു..
മറുപടി നിര്‍ത്തി ഞാനവരുടെ നടത്തം ശ്രദ്ധിച്ചു, പതിയെ ആത്മഗതം പറഞ്ഞു-ഭാഗ്യവാന്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: