ഹര്‍ദീപ് എസ് പുരി
കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി
അന്താരാഷ്ട്ര എണ്ണ – വാതക വിലയിലെ ചാഞ്ചാട്ടത്തില്‍ നിന്ന് രാജ്യത്തെ ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ കേന്ദ്രഗവണ്മെന്റ് നിരവധി നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. 2021 ജനുവരിക്കും 2023 ഫെബ്രുവരിക്കും ഇടയില്‍ അന്താരാഷ്ട്ര വാതകവിലയില്‍ 228% വര്‍ധനയുണ്ടായിട്ടും, ഇന്ത്യയില്‍ സിഎന്‍ജി വിലയിലെ വര്‍ധന, ആഗോളവര്ധനയുടെ മൂന്നിലൊന്ന് എന്ന നിലയില്‍, 83% ആയി പരിമിതപ്പെടുത്തി. വിലക്കയറ്റത്തെ വിമര്‍ശിക്കാനുള്ള ധൃതിയില്‍, മറ്റ് പ്രധാന സമ്പദ്വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, കടുത്ത വിലക്കയറ്റത്തില്‍നിന്ന് പൗരന്മാരെ സംരക്ഷിക്കാന്‍ ഇന്ത്യ എത്ര നന്നായി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നുവെന്നു മനസിലാക്കാന്‍ രാഷ്ട്രീയ എതിരാളികളായ വിമര്‍ശകര്‍ പരാജയപ്പെടുന്നു.
നിയന്ത്രിത വിലസംവിധാനത്തില് (എപിഎം) ഗാര്‍ഹിക വാതകവിഹിതം വര്‍ധിപ്പിക്കുക, മുന്‍ഗണനേതര മേഖലകളില്‍ നിന്ന് ഗതാഗതത്തിലേക്കും ഗാര്‍ഹിക വിഭാഗങ്ങളിലേക്കും വാതകം വഴിതിരിച്ചുവിടുക തുടങ്ങിയ സജീവമായ നടപടികളിലൂടെയുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള ഭരണമാണ് ഇത് സാധ്യമാക്കിയത്. നിര്‍ണായകമായ എപിഎം ഗ്യാസ് വിലനിര്‍ണയ പരിഷ്കാരങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള സമീപകാല മന്ത്രിസഭാ തീരുമാനം ഈ ലക്ഷ്യത്തെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകും. ഈ പരിഷ്കാരങ്ങള്‍ രണ്ട് പ്രധാന ലക്ഷ്യങ്ങളാണു കൈവരിക്കുന്നത്. ഒന്നാമതായി, വിലയുടെ കാര്യത്തിലുള്ള കടുത്ത അസ്ഥിരതയില്‍ നിന്ന് ഇന്ത്യക്കാരെ സംരക്ഷിക്കുക; വാതകാധിഷ്ഠിത മേഖലകളില്‍ പദ്ധതിച്ചെലവിലെ ആസൂത്രിത നിക്ഷേപങ്ങള്‍ക്ക് വ്യക്തത നല്‍കുക. രണ്ടാമതായി, പര്യവേഷണത്തിലും ഉല്‍പ്പാദനത്തിലും (ഇ ആന്‍ഡ് പി) കൂടുതല്‍ നവീകരണങ്ങളും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുക.
2014ലെ പുതിയ ഗാര്‍ഹിക വാതക വിലനിര്‍ണയ മാര്‍ഗനിര്‍ദേശങ്ങളുടെ പരിമിതികളില്‍ നിന്നാണ് ഈ യുക്തിസഹമാക്കലിന്റെയും പരിഷ്കരണങ്ങളുടെയും (ആര്&ആര്) ആവശ്യം ഉടലെടുത്തത്. ഇത് അടുത്തിടെ വരെ, നാല് അന്താരാഷ്ട്ര കേന്ദ്രങ്ങളിലെ വാതകത്തിന്റെ ശരാശരി വിലയെ അടിസ്ഥാനമാക്കിയാണ് എപിഎം വില നിര്‍ണയിച്ചിരുന്നത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി രണ്ട് ഉല്‍പ്പാദക രാജ്യങ്ങളുടെ വാതക ഹബ് വിലകളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടും ഈ വിലകളുടെ കൈമാറ്റം ഗണ്യമായ കാലതാമസത്തോടെ (69 മാസം) വലിയ തോതില്‍ അസ്ഥിരമായി തുടര്‍ന്നു.
ഉദാഹരണത്തിന്, 2020 ഒക്ടോബറിനും 2021 സെപ്റ്റംബറിനും ഇടയിലുള്ള എപിഎം വില 1.79 ഡോളര്‍/എംഎംബിടിയു ആയി തുടര്‍ന്നു. ഇത് നോമിനേഷന് ഫീല്ഡുകള്ക്കുള്ള ഉല്‍പ്പാദനത്തിന്റെ നാമമാത്ര ചെലവായ 3.5 ഡോളര്‍/എംഎംബിടിയു-വിലും വളരെ താഴെയാണ്. ഈ കാലയളവില്‍, പടിഞ്ഞാറന്‍ ഇന്ത്യയില്‍ എല്‍എന്‍ജി വില ശരാശരി 11 ഡോളര്‍/എംഎംബിടിയു ആയിരുന്നു. ചുരുക്കത്തില്‍, ആഭ്യന്തര ഉല്‍പ്പാദനത്തിന് എല്‍എന്‍ജി വിലയുടെ 20% ല്‍ താഴെയാണ് വില ലഭിച്ചത്. എന്നിരുന്നാലും, റഷ്യ-യുക്രൈന് പ്രതിസന്ധിക്ക് ശേഷം അന്താരാഷ്ട്ര ഹബ് വിലയിലുണ്ടായ 400% വിലക്കയറ്റം കാരണം ഇതേ എപിഎം വിലകള്‍ 2021 സെപ്റ്റംബറിലെ 1.79 ഡോളര്‍/എംഎംബിടിയു-വില്‍ നിന്ന് 2022 ഒക്ടോബറില്‍ 8.57 ഡോളര്‍/എംഎംബിടിയു ആയി ഉയര്‍ന്നു. ഇത് രാസവളം, വൈദ്യുതി, സിറ്റി ഗ്യാസ് വിതരണ (സിജിഡി) മേഖലകള്‍ എന്നിവയ്ക്ക് വലിയ ദുരിതം സമ്മാനിച്ചു.
ഗാര്‍ഹിക വാതക ഉപഭോക്താക്കളെയും ദേശീയ എണ്ണ കമ്പനികളെയും വിലയിലെ ഇത്തരം ചാഞ്ചാട്ടങ്ങളില്‍ നിന്നു സംരക്ഷിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചു. ഇന്ത്യന്‍ ക്രൂഡ് ബാസ്കറ്റ് വിലയുടെ 10% വരെ എപിഎം വിലകള്‍ പ്രതിമാസ അടിസ്ഥാനത്തില്‍ നിര്‍ണയിക്കും. കൂടാതെ നോമിനേഷന് ഫീല്‍ഡുകള്‍ക്ക് ഉയര്‍ന്ന പരിധിയായി 6.5 ഡോളര്‍/എംഎംബിടിയു എന്ന നിലയിലും കുറഞ്ഞ പരിധിയായി 4.5 ഡോളര്‍/എംഎംബിടിയു എന്ന നിലയിലും നിശ്ചയിക്കും. കഴിഞ്ഞ 20 വര്‍ഷത്തെ ഇന്ത്യന്‍ ക്രൂഡ് വിലയുടെ (ഏകദേശം 65 ഡോളര്‍/ബിബിഎല്‍) 10% ആണ് പരിധി നിര്‍ണയിച്ചിരിക്കുന്നത്. അതേസമയം കുറഞ്ഞവില നിര്‍ണയിക്കുന്നതിന് നോമിനേഷന് ഫീല്‍ഡുകളില്‍ നിന്നുള്ള വാതക ഉല്‍പ്പാദനത്തിന് ഏകദേശം 3.5 ഡോളര്‍/എംഎംബിടിയു എന്ന നാമമാത്ര ഉല്പാദനച്ചെലവ് പരിഗണിക്കുന്നു.
ഇന്ത്യയിലെ മിക്ക ദീര്‍ഘകാല എല്‍എന്‍ജി കരാറുകളുടെയും ചരിവ് ബ്രെന്റിനേക്കാള്‍ 13% മുകളിലാണ്. എല്‍എന്‍ജി കരാറുകളിലെ ദ്രവീകരണം, ഗതാഗതം, റീഗ്യാസിഫിക്കേഷന്‍ എന്നിവയുടെ ചെലവുകള്‍ കണക്കിലെടുക്കുമ്പോള്‍, ഗാര്‍ഹിക വാതകത്തിന്റെ ഇടിവ് എപിഎം വിലയ്ക്ക് 10% ആയി നിജപ്പെടുത്തിയിട്ടുണ്ട്.
ഈ പരിഷ്കാരങ്ങള്‍ക്ക് ശേഷം, വീടുകള്‍ക്കുള്ള പാചക ഇന്ധനത്തിന്റെ (പിഎന്‍ജി) ശരാശരി ചെലവ് ഏകദേശം 10 ശതമാനവും സിഎന്‍ജി വാഹന ഉടമകള്‍ക്ക് 6-7 ശതമാനവും കുറഞ്ഞു. ഓരോ വര്‍ഷവും 2000 കോടി രൂപയിലധികം പ്രതീക്ഷിക്കുന്ന വളം സബ്സിഡി കുറയ്ക്കുന്നതാണ് മറ്റൊരു നിര്‍ണായക നേട്ടം.
സമ്പൂര്‍ണമായ നോമിനേഷന് ഫീല്‍ഡുകള്‍ക്ക് തറവില നല്കി ഇ&പി മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ഈ പരിഷ്കാരങ്ങള്‍ സഹായിക്കും. അതോടൊപ്പം, നോമിനേഷന് ഫീല്‍ഡുകളുടെ പുതിയ കിണറുകള്‍ക്ക് 20 ശതമാനം ഉയര്‍ന്നവിലയും ലഭിക്കും. ഒഎന്‍ജിസി, ഓയില്‍ എന്നിവയില്‍ നിന്നുള്ള ഉല്‍പ്പാദനത്തിന്റെ പരിധി ആദ്യ രണ്ട് വര്‍ഷങ്ങളില്‍ അതേപടി തുടരും. തുടര്‍ന്ന് ഏതുതരത്തിലുള്ള വിലക്കയറ്റവും ക്രമീകരിക്കുന്നതിന് ഓരോ വര്‍ഷവും 0.25 ഡോളര്‍/എംഎംബിടിയു വര്‍ധിപ്പിക്കും. 2019 ഫെബ്രുവരിക്കുശേഷം സമര്‍പ്പിച്ച ഫീല്‍ഡ് ഡെവലപ്മെന്റ് പ്ലാനുകളില്‍നിന്ന് പരിധിവിലയോ പുതിയ വാതക ഉല്‍പ്പാദനമോ ഉള്ള, പുതിയ എക്സ്പ്ലൊറേഷന്‍ ലൈസന്‍സിങ് പോളിസ് ഫീല്‍ഡുകളുടെ സ്വകാര്യ ഓപ്പറേറ്റര്‍മാരെയോ, ഉയര്‍ന്ന മര്‍ദവും ഉയര്‍ന്ന താപനിലയുമുള്ള ഫീല്ഡുകളെയോ പരിഷ്കാരങ്ങള്‍ ബാധിക്കില്ല. അവര്‍ക്ക് വിപണന, വിലനിര്‍ണയ സ്വാതന്ത്ര്യം തുടരും.
മന്ത്രിസഭയുടെ തീരുമാനങ്ങള്‍ക്ക് വിപണികളില്‍നിന്നും വിദഗ്ധരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നിരുന്നാലും, ചില നിരീക്ഷകര്‍ ഈ പരിഷ്കാരങ്ങളെക്കുറിച്ച് പത്രലേഖനത്തില്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. പരിഷ്കാരങ്ങള്‍ നടപ്പാക്കിയില്ലായിരുന്നെങ്കില്‍, യുഎസ് ആസ്ഥാനമായുള്ള ഹെന്റി ഹബ് വിലയിലും റഷ്യന്‍ വാതകവിലയിലും അടുത്തിടെയുണ്ടായ കുറവ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്തേനെയെന്ന് അവരുടെ ലേഖനം പറയുന്നു. 2014 ഫോര്‍മുലയില്‍ നാല് ഹബ്ബുകള്‍ ഉണ്ടായിരുന്നുവെന്നും ഒരു ഹബ്ബിന്റെ വില, അതായത്, ബ്രിട്ടീഷ് ആസ്ഥാനമായുള്ള വെര്‍ച്വല്‍ ട്രേഡിങ് സോണ്‍ നാഷണല്‍ ബാലന്‍സിങ് പോയിന്റ് (എന്‍ബിപി), ഇപ്പോഴും 12 ഡോളര്‍/എംഎംബിടിയു എന്ന പരിധിയിലാണെന്നും അവര്‍ പരാമര്‍ശിക്കാന്‍ മറക്കുന്നു. കൂടാതെ, നിലവിലെ വിലകള്‍ 2023 ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള അടുത്ത വിലനിര്‍ണയ ചക്രത്തില്‍ മാത്രമേ എപിഎം വിലകളെ ബാധിക്കുകയുള്ളൂ. ഫോര്‍മുലയിലെ സമീപകാല മാറ്റം, ഉപഭോക്താക്കള്‍ക്ക് കാലതാമസമേതുമില്ലാതെ ആനുകൂല്യം കൈമാറുന്നുവെന്ന് ഉറപ്പാക്കുന്നു. കാരണം വില ഇപ്പോള്‍ അര്‍ധവാര്‍ഷിക അടിസ്ഥാനത്തിലല്ല, പ്രതിമാസ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കുക.
ഖത്തര്‍ എല്‍എന്‍ജി ഒഴികെയുള്ള, ഇന്ത്യയിലേക്കുള്ള എല്‍എന്‍ജി കയറ്റുമതിക്ക് ആഭ്യന്തര വാതകത്തിന്റെ നിലവിലെ ഉയര്‍ന്ന വില, തുടര്‍ച്ചയായി ഉയര്‍ന്ന വില ഉറപ്പാക്കുന്നുവെന്ന് മേല്‍പ്പറഞ്ഞ ലേഖനം എടുത്തുകാണിക്കുന്നു. ഗാര്‍ഹിക വാതക വിലകള്‍ക്ക് ദീര്‍ഘകാല എല്‍എന്‍ജി കരാറുകളുമായോ എല്‍എന്‍ജിയുടെ തത്സമയ വാങ്ങലുമായോ ബന്ധമേതുമില്ല. നിശ്ചലമായ വാതക ഊര്‍ജ നിലയങ്ങളെക്കുറിച്ചും ആശങ്ക ഉയര്‍ന്നിരുന്നു. കഴിഞ്ഞ അര്‍ധവാര്‍ഷിക വിലയായ 8.57 ഡോളര്‍/എംഎംബിടിയുവില്‍, ചില ഊര്‍ജ നിലയങ്ങള്‍ കരാര്‍ ചെയ്ത വാതകം എടുക്കുന്നത് നിര്‍ത്തി. ഇത് വാതക വില്‍പ്പന-വാങ്ങല്‍ കരാറുകള്‍ (ജിഎസ്പിഎ) പ്രകാരം എടുക്കുകയോ പണമടയ്ക്കുകയോ ചെയ്യുന്ന ബാധ്യതകളുടെ പ്രശ്നങ്ങളിലേക്കു നയിച്ചു. 6.5 ഡോളര്‍/എംഎംബിടിയു എന്ന പുതിയ പരിധി വരുന്നതോടെ, വാതക ഊര്‍ജ നിലയങ്ങള്‍ക്ക് വളരെയധികം ആശ്വാസം ലഭിക്കും.
ദുഷ്കരമായ പ്രദേശങ്ങളില്‍ (ആഴക്കടല്‍, എച്ച്പി-എച്ച്ടി ഫീല്‍ഡുകള്‍) നിന്നുള്ള വാതക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്, എല്‍എന്‍ജി പോലെയുള്ള ഇറക്കുമതി ചെയ്ത ബദല്‍ ഇന്ധനങ്ങള്‍ക്കും ഇറക്കുമതി ചെയ്ത ഇന്ധന എണ്ണയുടെ തറവിലയ്ക്കും എച്ച്ടിഎച്ച്പി ഉയര്‍ന്നപരിധി വില നിശ്ചയിക്കണമെന്ന് 2016 മാര്‍ച്ചില്‍ ഗവണ്മെന്റ് വിജ്ഞാപനം ചെയ്തിരുന്നു. ഈ ഗവണ്മെന്റിന് മുമ്പ്, ഈ മേഖലകളില്‍ നിന്നുള്ള ഉല്‍പ്പാദനം ലാഭകരമായി കണക്കാക്കപ്പെട്ടിരുന്നില്ല. ഇന്ന്, ദുഷ്കരമായ പ്രദേശങ്ങളില്‍ നിന്നുള്ള ഉല്‍പ്പാദനം മൊത്തത്തിലുള്ള ഗാര്‍ഹിക വാതക ഉല്‍പ്പാദനത്തിന്റെ ഏകദേശം 20% എത്തിയിരിക്കുന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് 30% ആകുമെന്നു പ്രതീക്ഷിക്കുന്നു. ഈ മേഖലകളില്‍ നിന്നുള്ള ഉല്‍പ്പാദനത്തിന്റെ സ്വഭാവം, സങ്കീര്‍ണത, പ്രവര്‍ത്തനക്ഷമത എന്നിവ കണക്കിലെടുക്കുമ്പോള്‍, അവയുടെ ഫോര്‍മുലയില്‍ മാറ്റം വരുത്തിയിട്ടില്ല.
എണ്ണ – വാതക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഇന്ത്യ വികസിപ്പിക്കുകയും, ഉപഭോക്താക്കളുടെയും ഉല്‍പ്പാദകരുടെയും താല്‍പ്പര്യങ്ങള്‍ സന്തുലിതമാക്കുന്നതിന് നയപരിഷ്കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു. 2014 മുതല്‍, ഇന്ത്യ വാതക പൈപ്പ്ലൈന് ശൃംഖലയുടെ നീളം 14,700 കിലോമീറ്ററില്‍ നിന്ന് 2023-ല്‍ 22,000 കിലോമീറ്ററായി ഉയര്‍ത്തി. ഗാര്‍ഹിക കണക്ഷനുകളുടെ എണ്ണം 2014-ലെ 22.28 ലക്ഷത്തില്‍ നിന്ന് 2023-ല്‍ 1.03 കോടിയായി ഉയര്‍ന്നു. ഇന്ത്യയില്‍ സിജിഡി ഉള്‍പ്പെടുന്ന ജില്ലകളുടെ എണ്ണം 2014-ല്‍ 66 ആയിരുന്നത് 2023-ല്‍ 630 ആയി ഉയര്‍ന്നു. സിഎന്‍ജി സ്റ്റേഷനുകള്‍ 2014-ലെ 938-ല്‍ നിന്ന് 2023-ല്‍ 5,283 ആയി ഉയര്‍ന്നു. ഇന്ത്യയുടെ എല്‍എന്‍ജി ടെര്‍മിനല്‍ റീഗ്യാസിഫിക്കേഷന്‍ ശേഷി 2014-ലെ 21.7 എംഎംടിപിഎ-യില്‍ നിന്ന് 42.7 എംഎംടിപിഎ ആയി വര്‍ധിച്ചു. മറ്റൊരു 20 എംഎംടിപിഎ ശേഷി നിര്‍മാണഘട്ടത്തിലാണ്.
പ്രകൃതിവാതകത്തിന്റെ ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍, വിശാലമായ ഊര്‍ജ പരിവര്‍ത്തന ലക്ഷ്യങ്ങളുടെ ഭാഗമായി വാതകാധിഷ്ഠിത സമ്പദ്വ്യവസ്ഥ യാഥാര്‍ഥ്യമാക്കുന്നതിനുള്ള പാതയിലാണ് രാജ്യം. ഇന്ത്യക്കു സംശുദ്ധവും ഹരിതാഭവും സുസ്ഥിരവുമായ ഊര്‍ജഭാവി എന്ന കാഴ്ചപ്പാട് ക്രമാനുഗതമായി യാഥാര്‍ഥ്യമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: