തിരുവനന്തപുരം: സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ‘കേരളാ സ്റ്റോറി’ ആദ്യ ദിനം 7.5 കോടി രൂപ നേടിയെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ തലത്തില്‍ നേടിയ വരുമാനമാണിത്. അഡ്വാന്‍സ് ബുക്കിങ്ങിനേക്കാള്‍ തിയറ്ററില്‍ എത്തിയുള്ള സ്പോട്ട് ബുക്കിങ്ങാണ് ദ കേരള സ്റ്റോറിക്ക് കൂടുതല്‍ ലഭിച്ചത്. സിംഗിള്‍ സ്ക്രീനുകളില്‍ നിന്നുള്ള കളക്ഷനും കൂടുതലാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇരട്ടി വരുമാനം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്.
പിവിആര്‍, ഇനോക്സ്, സിനിപോളിസ് എന്നീ മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് നാല് കോടി രൂപയാണ് ലഭിച്ചത്. അക്ഷയ് കുമാറിന്റെ സെൽഫി (2.55 കോടി രൂപ), കാർത്തിക് ആര്യന്റെ ഷെഹ്സാദ (6 കോടി രൂപ), വിവാദമായ ദി കാശ്മീർ ഫയൽസ് (3.5 കോടി രൂപ) എന്നിവയേക്കാൾ മികച്ച ഓപ്പണിംഗ് ആണ് കേരള സ്റ്റോറി ആദ്യ ദിനത്തിൽ നേടിയത്.
സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് ഉണ്ടായ വിവാദമാണ് ദ കേരള സ്റ്റോറിയിലേക്ക് കൂടുതല്‍ ശ്രദ്ധ പതിയാന്‍ കാരണമായത്. ഇത് തിയറ്ററുകളില്‍ കൂടുതല്‍ പേര് എത്താന്‍ കാരണമായി. വരും ആഴ്ചകളില്‍ കൂടുതല്‍ പേര് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം സിനിമയെക്കുറിച്ച് കൂടുതല്‍ വിവാദങ്ങള്‍ ഉയരുകയാണ്. കേരളത്തില്‍ സിപിഎമ്മും ഡിവൈഎഫ് ഐയും കോണ്‍ഗ്രസും ഒരേ സ്വരത്തില്‍ സിനിമയ്ക്കെതിരെ നീങ്ങുന്നതോടെ കൂടുതല്‍ ശ്രദ്ധയും താല്പര്യവും സിനിമ നേടുകയാണ്. രാഷ്ട്രീയ സമ്മര്‍ദ്ദവും ഭീഷണികളും മൂലം കേരളത്തില്‍ ചില തിയറ്ററുകളില്‍ സിനിമ പ്രദര്‍ശനം മുടങ്ങുന്നുണ്ടെങ്കിലും കൂടുതല്‍ തിയറ്ററുകളില്‍ സിനിമ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. സിനിമ തടയാന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ സിനിമ കൂടുതല്‍ പേരുടെ ശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു.
ഹിന്ദി സിനിമയെടുത്താല്‍, 2023ല്‍ ഏറ്റവുമധികം ആദ്യദിന വരുമാനം നേടിയ അഞ്ചാമത്തെ സിനിമയാണ് ദ കേരള സ്റ്റോറി. പത്താന്, കിസ് കാ ഭായി കിസി കാ ജാന്‍, തൂ ജൂത്തി മേ മക്കാര്‍, ഭോല എന്നിവയാണ് ദ കേരള സ്റ്റോറിയേക്കാള്‍ കൂടുതലായി ആദ്യദിനത്തില്‍ വരുമാനം നേടിയ നാല് ഹിന്ദി സിനിമകള്‍.
ആസൂത്രിതമായി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട യുവതികളുടെ കഥ പറയുന്ന ബോളിവുഡ് ചിത്രമായ ‘ദ കേരള സ്റ്റോറി’ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. കുടുംബവുമായി വന്ന് ഓരോരുത്തരും കണ്ടിരിക്കേണ്ട സിനിമയാണന്നു പ്രേക്ഷകരുടെ അഭിപ്രായം.
കേരളത്തില്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘കേരള സ്റ്റോറി’യുടെ പല ഷോകളും തിയറ്ററുകള്‍ സമ്മര്‍ദ്ദം മൂലം റദ്ദാക്കിയിരുന്നു. പിവിആറിന്റെ കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്ക്രീനുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ റദ്ദാക്കിയിരുന്നു. കൊച്ചിയിലെ ലുലു മാള്‍, ഒബറോണ്‍ മാള്‍, തിരുവനന്തപുരം ലുലു മാള്‍ എന്നിവിടങ്ങളിലുള്ള പിവിആര്‍ സ്ക്രീനുകളിലെ പ്രദര്‍ശനങ്ങളും റദ്ദാക്കപ്പെട്ടിരുന്നു. ചുരുക്കം തിയേറ്ററുകകളിലെ പ്രദർശനത്തിൽ നിന്നുമാണ് 7.5 കോടി രൂപ നേടിയത്. ……
പ്രതികരിക്കാൻ ഇവിടെ എഴുതുക: