തിരുവനന്തപുരം : നൂറ് കോടി രൂപ മാത്രം ആവശ്യമായിരുന്ന എഐ ക്യാമറ പദ്ധതിക്കായി 232 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. 132 കോടിയുടെ അഴിമതിയാണ് ഉണ്ടായിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ചുള്ള രേഖകളും ചെന്നിത്തല പുറത്തുവിട്ടിട്ടുണ്ട്.
എഐ ക്യാമറ അഴിമതിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഇതുവരെ സാധിച്ചിട്ടില്ല. വ്യവസായമന്ത്രി കെല്‍ട്രോണിനെ വെള്ളപൂശി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുന്ന വിചിത്രമായ നടപടിയാണ് ഉണ്ടായത്. അഴിമതിക്കെതിരെ പുകമറ സൃഷ്ടിച്ച്, ആരോപണങ്ങളില്‍ നിന്നും ഒഴിവാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കെല്‍ട്രോണ്‍ പുറത്തുവിട്ട രേഖകള്‍ പരിശോധിച്ചാല്‍ ക്രമക്കേട് വ്യക്തമാകും.
രണ്ട് ദിവസം മുമ്പാണ് ഈ രേഖകള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ളത്. പ്രധാനപ്പെട്ട പല രേഖകളും മറച്ച് പൊതുയിടത്തിലുള്ള രേഖകളാണ് കെല്‍ട്രോണ്‍ വിശദീകരിക്കുന്നത്. ‘പത്ത് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമാണ് ടെന്‍ഡറില്‍ പങ്കെടുക്കേണ്ട കമ്പനിക്ക് വേണ്ടത്. എന്നാല്‍ കെല്‍ട്രോണ്‍ വിളിച്ച ടെന്‍ഡറില്‍ പങ്കെടുത്ത അക്ഷര എന്റര്‍പ്രൈസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തത് 2017-ലാണ്. ഈ കമ്പനിക്ക് വേണ്ടത്ര പ്രവര്‍ത്തി പരിചയം ഇല്ലെന്നും വ്യക്തമാണ്. ടെക്നിക്കല്‍ ഇവാല്യുവേഷന് സമ്മറി റിപ്പോര്‍ട്ട്, ഫിനാന്‍ഷ്യല്‍ ബിഡ് ഇവാല്യുവേഷന് സമ്മറി എന്നിങ്ങനെ തട്ടിക്കൂട്ട് റിപ്പോര്‍ട്ടുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഗുരുതര വീഴ്ചകളാണ് എഐ ക്യാമറ സ്ഥാപിക്കുന്നതില്‍ ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതിനിടെ എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഗതാഗത കമ്മിഷണറോട് മന്ത്രി ആന്റണി രാജു വിശദീകരണം തേടി. എഐ ക്യാമറ സ്ഥാപിക്കുന്നതില്‍ ധന വകുപ്പിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാനാണ് ഗതാഗത വകുപ്പ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: