തൃശൂർ: കുന്നംകുളത്ത് ബസ് ജീവനക്കാരന് മുങ്ങിമരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. കൈപ്പറമ്പ് സ്വദേശി രാജേഷാണ് പുഴയില്‍ മുങ്ങിമരിച്ചത്. 2019 നവംബർ 18നായിരുന്നു സംഭവം. കേസിൽ രാജേഷിന്റെ കൂടെയുണ്ടായിരുന്ന വരന്തരപ്പിള്ളി സ്വദേശി സലീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
രാജേഷിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ നാല് വർഷങ്ങൾക്ക് ശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. നിരന്തരമായി നടന്ന ചോദ്യം ചെയ്യലിലൂടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
വർഷങ്ങളായി സലീഷ് നിരീക്ഷണത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവ സമയത്ത് രാജേഷും സലീഷും മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ പുഴയരികിൽ വെച്ച് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രാജേഷിനെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സലീഷിനെ പലവട്ടം ചോദ്യം ചെയ്തിരുന്നുവെങ്കിലും ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: