തിരുവനന്തപുരം: തമ്പാനൂര്‍ റയില്‍വേസ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഫ്ളാറ്റ് ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രയിനിന് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടി. ഗവര്‍ണറും മുഖ്യമന്ത്രിയും റയില്‍വേമന്ത്രിയും എം പിയും കയ്യടിച്ചു. രണ്ട് പഌറ്റ് ഫോമുകളിലായി തടിച്ചുകിടിയ കുട്ടികള്‍ ദേശീയ പതാക വീശി. മുതിര്‍ന്നവര്‍ കൈവീശി. കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് കുതിച്ചു പാഞ്ഞു. ചരിത്രത്തിലേക്ക്. സംസ്ഥാനത്തിന്റെ വികസനകുതിപ്പിന് പുതിയ അധ്യായം കുറിച്ച് രാജ്യത്തിന്റെ അഭിമാന തീവണ്ടി കേരളത്തിന്റെ പാതയിലൂടെ ഓടി.
അതിരാവിലെ മുതല്‍ തമ്പാനൂര്‍ പരിസരം ഉത്സവമയമായിരുന്നു. ചരിത്രയാത്രയില്‍ പങ്കാളിയാകാന്‍ അവസരം ലഭിച്ച മാധ്യമ പ്രവര്‍ത്തകരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ രാവിലെ തന്നെ ആകാംക്ഷാ മനസ്സുമായി സ്റ്റേഷനിലെത്തി. 10. 30 നായിരുന്നു ഫഌഗ് ഓഫ് നിശ്ചയിച്ചിരുന്നെങ്കിലും 20 മിനിറ്റ് വൈകിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. മുന്നിലെ രണ്ടു ബോഗികളില്‍ തെരഞ്ഞെടുത്ത സ്ക്കൂള് കുട്ടികളായിരുന്നു യാത്രക്കാര്‍. വന്ന ഉടന്‍ പ്രധാനമന്ത്രി നേരെ കുട്ടികള്‍ ഇരുന്ന ബോഗിയിലേക്ക് കയറി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ശശി തരൂര്‍ എംപി എന്നിവരും ഒപ്പം കയറി. ഒരു ബോഗിയിലുണ്ടായിരുന്ന മുഴുവന്‍ കുട്ടികളുടേയും അടുത്തെത്തി പ്രധാനമന്ത്രി കുശലാന്വേഷണം നടത്തി. ആശയങ്ങള്‍ പങ്കുവെച്ചും കവിത ചൊല്ലിയും വരച്ച ചിത്രങ്ങളില്‍ കയ്യൊപ്പു ചോദിച്ചും കുട്ടികള്‍ മികവ് കാട്ടി. പ്രചോദനം നല്കുന്ന പ്രതികരണം പ്രധാനമന്ത്രിക്ക് ഓരോരുത്തരില്‍നിന്നും ലഭിച്ചു.
കുട്ടികളുമായി സംവദിച്ച ശേഷം പുറത്തിറങ്ങിയ നരേന്ദ്രമോദി ഒന്നാം നമ്പര്‍ ഫഌറ്റ് ഫോമില്‍ തയ്യാറാക്കിയിരുന്ന പ്രത്യേക വേദിയിലേക്ക്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഥകളി ശില്പം പ്രധാനമന്ത്രിക്ക് നല്കി. തുടര്‍ന്ന് പച്ചക്കൊടിയും. കൊടി കൈമാറിയപ്പോള്‍ തന്നെ സ്റ്റേഷനില്‍ തടിച്ചുകിടിയ ജനങ്ങള്‍ ആരവം മുഴക്കി. ‘വന്ദേഭാരതം കീ ജയും മോദീ കീ ജയും’ മുഴങ്ങി. പ്രധാനമന്ത്രി പച്ചക്കൊടി വീശിയതോടെ ആരവം ഉച്ഛസ്ഥായിയിലായി. സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് കുതിച്ചു.
കന്നിയാത്രയ്ക്ക് വിദ്യാര്‍ത്ഥികളുടേയും മാധ്യമപ്രവര്‍ത്തകരുടേയും സംഘത്തെ കൂടാതെ രാഷ്ട്രീയ സാംസക്കാരിക സാമ്പത്തിക രംഗത്തെ പ്രമുഖരും എത്തി. ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, ,എസ്ബിഐ മുന്‍ ചീഫ് ജനറല്‍ മാനേജരും സാമ്പത്തിക വിദഗ്ധനുമായ ആദി കേശവന്, നിംസ് എംഡി ഫൈസല്‍ ഖാന്, പങ്കജകസ്തൂരി എംഡി ഡോ.ജെ.ഹരീന്ദ്രന്‍ നായര്‍, മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, നടന് വിവേക് ഗോപന്,പോത്തന്‍കോട് ആശ്രമം സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി പ്രമുഖ വ്ളോഗര്‍മാര്‍ എന്നിവര്‍ കന്നിയാത്രിയില്‍ പങ്കാളികളായി.
ജോര്‍ജ് ഓണക്കൂര്‍, ഭീമാ ഗോവിന്ദന്, ജി രാജ്മോഹന്‍, ഗോശാല വിഷ്ണു വാസുദേവന്‍, ബിജെപി നേതാക്കളായ ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്, കെ സുരേന്ദ്രന്, സി ശിവന്‍കുട്ടി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിന് സാക്ഷിയാകാനെത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: