ആലപ്പുഴ : വ്യാജ രേഖകള്‍ ഉപയോഗിച്ച് അഭിഭാഷകയായി സേവനം അനുഷ്ഠിച്ച സെസി സേവ്യര്‍ കീഴടങ്ങി. ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് സെസി കീഴടങ്ങിയത്. വ്യാജ രേഖ ചമച്ച് പ്രാക്ടീസ് നടത്തിയെന്ന ആരോപണത്തില്‍ കേസെടുത്തതിന് പിന്നാലെ മാസങ്ങളായി സെസി ഒളിവില്‍ കഴിയുകയായിരുന്നു. രാമങ്കര സ്വദേശിയാണ് ഇവര്‍.
നിയമ ബിരുദം നേടാതെ മറ്റൊരാളുടെ എന്റോള്‍മെന്റ് നമ്പറിലാണ് സെസി രണ്ട് വര്‍ഷത്തോളമായി അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിരുന്നത്. ഇവര്‍ ബാര്‍ അസോസിയേഷന് തെരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു. കൂടാതെ നിരവധി കേസുകളില്‍ അഭിഭാഷക കമ്മീഷനായും നിയമിതയായിട്ടുണ്ട്. കോടതിയില്‍ കീഴടങ്ങിയ ഹാജരായ സെസിയെ റിമാന്‍ഡ് ചെയ്തു.
വ്യാജ രേഖ ഉപയോഗിച്ചാണ് സെസി ജോലി പ്രാക്ടീസ് ചെയ്യുന്നതെന്ന അജ്ഞാത കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുകൊണ്ടുവന്നത്. കത്തിന്റെ അടിസ്ഥാനത്തില്‍ സെസിയുടെ യോഗ്യത തെളിയിക്കാന്‍ ബാര്‍ അസോസിയേഷന് ആവശ്യപ്പെട്ടു. എന്നാല്‍ സെസി രേഖകള്‍ നല്കാന് തയ്യാറായില്ല. ഇതോടെ സെസിയെ ബാര്‍ അസോസിയേഷനില്‍ നിന്നും പുറത്താക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ബാര്‍ അസോസിയേഷനിലെ രേഖകള്‍ കൈക്കലാക്കിയതിന് മോഷണക്കുറ്റവും, വഞ്ചനാക്കുറ്റം, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സെസിക്കെതിരെ കേസെടുത്തിരിക്കുന്നത്. അതിനിടെ കോടതിയില്‍ കീഴടങ്ങാന്‍ ഒരുതവണ എത്തിയിരുന്നെങ്കിലും പോലീസുണ്ടായിരുന്നതിനാല് കോടതി വളപ്പിലെ പിറകുവശത്തെ ഗേറ്റ് വഴി മുങ്ങി. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും പൊതുസമൂഹത്തെയും നീതിന്യായ വ്യവസ്ഥയെയും വഞ്ചിച്ച സെസി സേവ്യര്‍, അടിയന്തരമായി കീഴടങ്ങണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജാമ്യഹര്‍ജി തള്ളുകയായിരുന്നു. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: