ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രിയില്‍ 301 കോളനിയിലെത്തിയ കാട്ടാന കോളനി നിവാസി ആയ ലീലാ ചന്ദ്രന്റെ വീടിന്റെ കതകും വീടിനോട് ചേര്‍ന്നുള്ള ഷെഡും തകര്‍ത്തു. സംഭവസമയത്ത് ഇവർ വീട്ടിലുണ്ടായിരുന്നില്ല. ചക്കക്കൊമ്പൻ എന്ന ആനയാണ് ആക്രമണം നടത്തിയതെന്നാണ് വനം വകുപ്പിന്റെ നിഗമനം.
ഏതാനും ദിവസം മുമ്പ് സമീപത്തെ മറ്റൊരു വീടും കാട്ടാന ഇടിച്ചു തകര്‍ത്തിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു ലീല ചന്ദ്രന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡും വീടിന്റെ മുന്‍വശത്തെ വാതിലും കാട്ടാന തകര്‍ത്തത്. ചക്കക്കൊമ്പന് അടക്കമുള്ള കാട്ടാനകള്‍ ഇന്നലെ കോളനിക്ക് സമീപം തമ്പടിച്ചിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് കാട്ടാനയെ തുരത്തിയത്. ലീല ചന്ദ്രന് ഒറ്റയ്ക്കായിരുന്നതിനാല്‍ സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നു. അതിനാല്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല.
അരിക്കൊമ്പന് ദൗത്യത്തിനായി എത്തിച്ച കുങ്കിയാനകളെ 301 കോളനി ഭാഗത്തേക്ക് മാറ്റിയിരുന്നു. വാച്ചര്‍മാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ ഉണ്ടെങ്കിലും 301 കോളനി നിവാസികള്‍ക്ക് ആനപ്പേടിയില്‍ ഇപ്പോഴും കിടന്നുറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണം എന്ന കോടതി നിര്‍ദേശം നിലനില്‍ക്കുമ്പോഴും കാട്ടാന ആക്രമണങ്ങള്‍ക്ക് തടയിടാന്‍ വനം വകുപ്പിന് കഴിയുന്നില്ല.
ആക്രമണം തുടരുന്ന സാഹചര്യത്തിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: