ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശില്‍ 254 4ജി മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. അരുണാചല്‍ പ്രദേശിലെ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച വാര്‍ത്തയാണ് ഇതെന്ന് കേന്ദ്രമന്ത്രിയുടെ ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അരുണാചല്‍ പ്രദേശില്‍ 254 4ജി മൊബൈല്‍ ടവറുകള്‍ രാജ്യത്തിന് സമര്‍പ്പിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി കിരണ്‍ റിജിജു ട്വീറ്റുകളിലൂടെ അറിയിച്ചു. 336 വിദൂര ഗ്രാമങ്ങളിലേക്കുള്ള ഈ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു മറുപടിയായാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.
കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവാണ് അരുണാചല്‍ പ്രദേശില്‍ 254 4ജി മൊബൈല്‍ ടവറുകള്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്തത്. ഇവയില്‍ ഭൂരിഭാഗവും വിദേശ ടെലികോം നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കാന്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലാണ്. കേന്ദ്ര നിയമനീതി മന്ത്രി കിരണ്‍ റിജിജു, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഈ 254 ടവറുകള്‍ 336 ഗ്രാമങ്ങളില്‍ 4ജി കവറേജ് നല്‍കും. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായണ് നിരവധി പ്രദേശങ്ങളില്‍ കണ്ക്ടിവിട്ടി ലഭിക്കുന്നത്. 70,000ത്തിലധികം ആളുകള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അരുണാചല്‍ പ്രദേശിലെ 3,721 ലധികം ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി നല്‍കുന്നതിന് 2605 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.
അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ് കാരണം ജനസംഖ്യ കുറയുന്നത് ഒരു പ്രധാന ആശങ്കയായി മാറിയെന്ന് റിജിജു പറഞ്ഞു. കുടിവെള്ളം, വൈദ്യുതി, റോഡുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്രദേശങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും ഇപ്പോള്‍ എത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അരുണാചല്‍ പ്രദേശ് ചൈനയുമായി 1,080 കിലോമീറ്ററും മ്യാന്മറുമായി 520 കിലോമീറ്ററും ഭൂട്ടാനുമായി 217 കിലോമീറ്ററും അതിര്‍ത്തി പങ്കിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: