തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പ് കേരളത്തിലാണെന്നും ‘വന്യജീവികളോട് ക്രൂരത’ എന്നതാണ് കേരളത്തിന്റെ നയമെന്നും മുന്‍കേന്ദ്ര മന്ത്രി മേനക ഗാന്ധി. മൃഗങ്ങളോടുള്ള സമീപനത്തില്‍ രാജ്യാന്തര തലത്തില്‍ കേരളം ഇന്ത്യയെ നാണംകെടുത്തുകയാണെന്നും മേനക ഗാന്ധി പറഞ്ഞു.
വെള്ളനാട് കിണറ്റിൽ വീണ കരടി മുങ്ങിച്ചത്ത സംഭവത്തിലാണ് കേരളാ വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മേനക ഗാന്ധി രംഗത്തെത്തിയത്. കിണറ്റില്‍ വീണ കരടിയെ മയക്കുവെടി വെയ്ക്കാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ബുധനാഴ്ച രാത്രിയായിരുന്നു കണ്ണംപ്പള്ളി സ്വദേശി പ്രഭാകരന്റെ വീടിന് സമീപത്തായി കോഴികളെ പിടിക്കാനെത്തിയ കരടി കിണറ്റില്‍ വീണത്. രണ്ട് കോഴിയെ കരടി പിടികൂടിയിരുന്നു. മൂന്നാമതൊരു കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ കരടി കിണറ്റില്‍ വീണു.
വാസ്തവത്തില്‍ മണിക്കൂറുകളായി കിണറ്റില്‍ വീണുപോയ കരടി അവശനായിത്തീര്‍ന്നിരുന്നു. എന്നാല്‍ കരടിയെ പുറത്ത് എടുത്താല്‍ അക്രമാസക്തമാവുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഭയന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മയക്കുവെടി വെയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ നേരത്തെ അവശനായ കരടി മയക്കുവെടി കൂടി ഏറ്റതോടെ വെള്ളത്തില്‍ മുങ്ങിച്ചാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: