ന്യൂദല്‍ഹി: കേന്ദ്രസായുധ പോലീസ് സേനകളിലേക്കുള്ള കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കുപിന്നാലെ സ്റ്റാഫ് സെലക്ഷന് കമ്മീഷന് മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് (എസ്എസ്സി എംടിഎസ്), കമ്പയിന്റ് ഹയര്‍ സെക്കണ്ടറി ലെവല്‍ പരീക്ഷ (സിഎച്ച്എസ്എല്‍ഇ) പരീക്ഷകള്‍ മലയാളത്തില്‍ എഴുതാന്‍ അനുമതി നല്കി കേന്ദ്രം.
ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ മലയാളമുള്‍പ്പെടെ 13 പ്രാദേശിക ഭാഷകളില്‍ പരീക്ഷ എഴുതാനാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് അംഗീകാരം നല്കിയിരി ക്കുന്നത്. കേന്ദ്രപേഴ്സണല് സഹമന്ത്രി ജിതേന്ദ്ര സിങാണ് ഇക്കാര്യം അറിയിച്ചത്.
ജോലിക്ക് അപേക്ഷിക്കാന്‍ എല്ലാവര്ക്കും തുല്യഅവസരം ലഭിക്കുന്നുവെന്നും ഭാഷാ തടസ്സം കാരണം ആര്‍ക്കും അവകാശം നിഷേധിക്കപ്പെടുകയോ ചെയ്യരുതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് നടപടിയെന്ന് സിങ് പറഞ്ഞു.
നടപടിയെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് ഭാഷാ തടസ്സങ്ങളില്ലാതെ ഓരോ യുവാക്കള്‍ക്കും ഒരു തുല്യഅവസരം പ്രദാനം ചെയ്യുമെന്ന് വ്യക്തമാക്കി. പ്രാദേശിക ഭാഷകള്‍ക്കുള്ള ഊന്നല്‍, യുവാക്കള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വിശാലമായ ക്യാന്‍വാസും പൂര്‍ണ്ണശക്തിയും നല്‍കുവെന്നും മോദി ട്വീറ്റ് ചെയ്തു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇംഗ്ലീഷും ഹിന്ദിയും ഒഴികെയുള്ള ഭാഷകളില്‍ എസ്എസ്സി പരീക്ഷകള്‍ നടത്തണമെന്ന് നിരന്തരമായ ആവശ്യമുയര്‍ന്നിരുന്നു. ഈ തീരുമാനം ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ മാതൃഭാഷയില്‍ പരീക്ഷയില്‍ പങ്കെടുക്കുന്നതിനും അവരുടെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും കാരണമാകുമെന്ന് പേഴ്സണല്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മലയാളത്തിനുപുറമെ കന്നഡ, തമിഴ്, തെലുങ്ക്, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി (മെയ്തിയും), കൊങ്കണി എന്നീ 13 പ്രാദേശിക ഭാഷകളില്‍ പരീക്ഷ എഴുതാം. എംടിഎസ് പരീക്ഷയുടെ വിജ്ഞാപനം എസ്എസ്സി നേരത്തെ പുറപ്പെടുവിച്ചിട്ടുണ്ട്. സിഎച്ച്എസ്എല്‍ഇ പരീക്ഷയ്ക്കുള്ള വിജ്ഞാപനം മെയ്ജൂണ്‍ മാസങ്ങളില്‍ പുറപ്പെടുവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: