അഹമ്മദാബാദ്: രാജസ്ഥാന് റോയല്‍സിന്റെ ജഴ്സിയില്‍ മലയാളി ബാറ്റര്‍ സഞ്ജു സാംസണിന് ഐപിഎല്ലില്‍ 3,000 റണ്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 54 റണ്‍സ് പൂര്‍ത്തിയാക്കിയതോടെയാണ് സഞ്ജു 3,000 ക്ലബ്ബിലെത്തിയത്. രാജസ്ഥാനായി 115 മത്സരങ്ങള്‍ കളിച്ച സഞ്ജു 29.76 ശരാശരിയില്‍ 3,006 റണ്‍സെടുത്തിട്ടുണ്ട്. സ്ട്രൈക്ക് റേറ്റ് 139.10. രണ്ട് സെഞ്ചുറിയും 16 അര്‍ധശതകങ്ങളും നേടി.
അതേസമയം, ഐപിഎല്ലില്‍ സഞ്ജുവിന്റെ ആകെ സമ്പാദ്യം 3,683 റണ്‍സായി. ദല്‍ഹി ക്യാപിറ്റല്‍സിനു കൂടി കളിച്ചതും ചേര്‍ത്താണിത്. ആകെ മൂന്ന് സെഞ്ചുറി, 19 അര്‍ധശതകം. ഉയര്‍ന്ന സ്കോര്‍ 119 റണ്‍സ്. ഐപിഎല്ലിലെ പതിനേഴാമത്തെ ഉയര്‍ന്ന സ്കോററാണ് ഈ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. വിരാട് കോഹ്ലിയാണ് (6,838) ലീഗിലെ ഉയര്‍ന്ന സ്കോറര്‍.
റോയല്‍സിന് ജയം
സഞ്ജുവിന്റെയും ഷിംമ്രോണ്‍ ഹെറ്റ്മെയറുടെയും മികവില്‍ രാജസ്ഥാന് റോയല്‍സ് കഴിഞ്ഞ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി. സ്കോര്‍: ഗുജറാത്ത് ടൈറ്റന്‍സ്-177/7 (20), രാജസ്ഥാന് റോയല്‍സ്-179/7 (19.2). ഗുജറാത്തിനെതിരെ രാജസ്ഥാന്റെ ആദ്യ ജയമാണിത്. കഴിഞ്ഞ സീസണില്‍ ഫൈനലിലുള്‍പ്പെടെ മൂന്ന് കളിയിലും തോറ്റു. നാലാം ജയത്തോടെ എട്ടു പോയിന്റുമായി രാജസ്ഥാന് ഒന്നാമത് തുടരുന്നു.
ടൈറ്റന്‍സിന്റെ 177 റണ്‍സിനെതിരെ ആദ്യം സഞ്ജുവാണ് രാജസ്ഥാന്റെ പോരാട്ടം നയിച്ചത്. 32 പന്തില്‍ മൂന്ന് ഫോറും ആറ് സിക്സും സഹിതം 60 റണ്‍സെടുത്തു. പിന്നീട് ഹെറ്റ്മെയര്‍ പുറത്താകാതെ ജയം പൂര്‍ത്തിയാക്കി. 26 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്സും സഹിതം 56 റണ്‍സ്. ദേവ്ദത്ത് പടിക്കലും (26), ധ്രുവ് ജുറേലും (18) രണ്ടക്കം കണ്ടു. ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്നും റാഷിദ് ഖാന് രണ്ടും ഹാര്‍ദിക് പാണ്ഡ്യ, നൂര്‍ അഹമ്മദ് ഓരോന്നും വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന്റെ ടോപ് സ്കോറര്‍ ഡേവിഡ് മില്ലര്‍ (46), ശുഭ്മന്‍ ഗില്‍ 45 റണ്‍സെടുത്തു. ഹാര്‍ദിക് പാണ്ഡ്യ (28), അഭിനവ് മനോഹര്‍ (27), സായ് സുദര്ശന് (20) എന്നിവരും രണ്ടക്കം കണ്ടു. രാജസ്ഥാനായി സന്ദീപ് ശര്‍മ്മയ്ക്ക് രണ്ട്, ട്രെന്റ് ബോള്‍ട്ട്, ആദം സാമ്പ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: