ഇടുക്കി: ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിൽ സ്ഥിരം ശല്യക്കാരനായ അരിക്കൊമ്പനെ പിടികൂടുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കുങ്കിയാനകളെ വനംവകുപ്പ് 301 കോളനിയിലേക്ക് മാറ്റി. സിമന്റ് പാലത്ത് കുങ്കിയാനകളെ കാണാൻ സന്ദർശകരുടെ തിരക്കേറിയതും അരിക്കൊമ്പനും ചക്കക്കൊമ്പനും താവളത്തിന് സമീപമെത്തുന്നത് സ്ഥിരമായതുമാണ് ക്യാമ്പ് മാറ്റാൻ വനംവകുപ്പ് തീരുമാനിച്ചത്.
അരിക്കൊമ്പൻ ദൗത്യത്തിനായി കഴിഞ്ഞ 20 നാണ് ആദ്യത്തെ കുങ്കിയാന വിക്രമിനെ ചിന്നക്കനാലിൽ എത്തിച്ചത്. അടുത്ത ദിവസങ്ങളിലായി ബാക്കി മൂന്നു കുങ്കികളുമെത്തി. 26 ദിവസമായിട്ടും ദൗത്യം എന്ന് നടക്കുമെന്ന കാര്യത്തിൽ വ്യക്തതയൊന്നുമില്ല. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതോടെ ദൗത്യം ഇനിയും നീളുമെന്ന കാര്യം ഉറപ്പായി. ഇതോടെ കുങ്കിയാനകൾക്കായി താൽക്കാലിക ക്യാമ്പ് ഒരുക്കി. കുങ്കിയാനകളും ദൗത്യ സംഘാംഗങ്ങളും ജീവനക്കാരുമുൾപ്പെടെ ഇരുപത്തിയഞ്ചോളം പേർക്കുമാണ് ചിന്നക്കനാൽ സിമന്റ്പാലത്ത് ക്യാമ്പൊരുക്കിയത്.
സിമൻറു പാലത്ത് അരിക്കൊമ്പനും ചക്കക്കൊമ്പനുമെത്തുന്നത് പതിവായി. ഇതോടൊപ്പം തുടക്കം മുതൽ തന്നെ ആനകളെ കാണാൻ സഞ്ചാരികളുടെ വൻ തിരക്കായിരുന്നു. അവധിക്കാലമായതോടെ ഈ സഞ്ചാരികളുടെ എണ്ണവും കൂടി. കുങ്കികളെ കാണാനെത്തുന്ന സഞ്ചാരികളെ ആക്രമിക്കാൻ അരിക്കൊമ്പനും കാട്ടാനക്കൂട്ടവും പല തവണ പാഞ്ഞടുത്തിട്ടുണ്ട്. കുങ്കികളെയും സഞ്ചാരികളെയും കാട്ടാന ആക്രമിക്കുന്നത് തടയാൻ വനംവകുപ്പും പാപ്പാന്മാരും ഏറെ പണിപ്പെടുകയാണ്.
അതേസമയം ദൗത്യം നീളുന്നത് വൻ സാമ്പത്തിക ബാധ്യതക്കും വഴിയൊരുക്കിയിട്ടുണ്ട്. ഇതുവരെ പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ചെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: