വീണ്ടുമൊരു ചിത്രാപൗര്‍ണമി പൊങ്കാലയ്ക്കൊരുങ്ങുകയാണ് വരമ്പതി കാളിമല ക്ഷേത്രം. കേരള -തമിഴ്നാട് അതിര്‍ത്തിയില്‍ സഹ്യപര്‍വത മലനിരകളിലെ അഗസ്ത്യാര്കൂടത്തിന് അനുബന്ധമായ കൂനിച്ചി കൊണ്ട കെട്ടി മലനിരകളിലാണ് ദക്ഷിണേന്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രമായ വരമ്പതി കാളിമല ക്ഷേത്രമുള്ളത്. ദ്രാവിഡ പൂജാരീതികള്‍ നിലനിന്നിരുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണിത്. വനപ്രദേശമായിരുന്ന ഇവിടെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ വെച്ചാരാധയും, പൂജകളും നടന്നിരുന്നതായി വിശ്വസിക്കപ്പെടുന്നു.
മലയുടെ നെറുകയിലെ ഈ ദേവീസ്ഥാനത്തിന്റെ പഴക്കമെത്രയെന്ന് പഴമക്കാര്‍ക്കു പോലും നിശ്ചയമില്ല. ഐതിഹ്യത്തിലും ചരിത്രത്തിലും ഒരുപോലെ പരാമര്‍ശിക്കുന്ന ദേവസ്ഥാനം അഗസ്ത്യാര്‍ മുനിയുടെ പാദസ്പര്ശത്താല്, പരിപാവനമായി കരുതപ്പെടുന്നു. മലമുകളില്‍ തപസ്സനുഷ്ഠിച്ചിരുന്ന അഗസ്ത്യ മുനിക്ക് ശ്രീധര്‍മ്മശാസ്താവ് ദര്‍ശനം നല്കിയ കഥയാണ് ക്ഷേത്രോല്പത്തിക്ക് നിദാനം. മുനിയുടെ തപശക്തിയാല്‍ മലമുകളില്‍ ഉറവ പൊട്ടിയ തീര്‍ത്ഥം ഏതു വേനലിലും വറ്റാറില്ല. കാളീതീര്‍ത്ഥമെന്നറിയപ്പെടുന്ന ഈ ഉറവയിലെ ജലത്തിന് ഔഷധഗുണമുണ്ടെന്നാണ് കരുതുന്നത്. ഇത് രോഗശമനത്തിന് പവിത്രജലമായി വീടുകളില്‍ സൂക്ഷിക്കാറുണ്ട്.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ പലായനവുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്. നിബിഡവനമായിരുന്ന ശൂലം കുത്തി അപ്പില്‍ വനവാസികളായ കാണിക്കാരുടെ സംരക്ഷണയില്‍ രാജാവ് കഴിഞ്ഞിരുന്ന സമയത്ത്, വനവാസി ബാലന്റെ രൂപത്തിലെത്തിയ ധര്‍മ്മശാസ്താവ് ശത്രുക്കളെ തുരത്തിയതായി പറയപ്പെടുന്നു. ക്ഷേത്രം ഉള്‍പ്പെടുന്ന 600 ഏക്കര്‍ വനഭൂമി കരമൊഴിവാക്കി മാര്‍ത്താണ്ഡവര്‍മ്മ ചെമ്പു പട്ടയം നല്‍കിയിട്ടുള്ളത്, ധര്‍മ്മശാസ്താവിനോടുള്ള അത്യഗാധമായ ഭക്തിയാലാണ്.
സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തി അറുന്നൂറോളം അടി ഉയരത്തിലുള്ള മലകയറി പതിനായിരക്കണക്കിന് സ്ത്രീജനങ്ങളാണ് ചിത്രാപൗര്‍ണമി നാളില്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാനെത്തുന്നത്. ഭദ്രകാളിയാണ് മുഖ്യദേവതയെങ്കിലും, ശാസ്താവ്, ശിവന്, നാഗയക്ഷി എന്നീ ദേവതകള്‍ക്കും പൂജകളും വഴിപാടുകളും സമര്‍പ്പിക്കുന്നു. വിശേഷ ദിവസങ്ങളില്‍ സ്ത്രീകളുള്‍പ്പെടെയുള്ള ഭക്തജനങ്ങള്‍ ഇരുമുടിക്കെട്ടേന്തിയാണ് മല ചവിട്ടുന്നത്. ‘അന്നൂരി’, നെല്ലെന്ന ഒരു അത്ഭുതനെല്ല് കാളിമലയില്‍ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു.
തിരുവനന്തപുരം -കന്യാകുമാരി ജില്ലകളുടെ അതിര്‍ത്തി പ്രദേശത്ത് തമിഴ്നാട് ഭാഗത്തെ വിളവന്‍കോട് താലൂക്കിലെ കടയല്‍ പഞ്ചായത്തിലാണ് വരമ്പതികാളിമല തീര്‍ത്ഥാടന സങ്കേതം. പ്രകൃതിസുന്ദരമായ മലനിരകളും വനവും നെയ്യാര്‍ഡാം, പേച്ചിപ്പാറ, ചിറ്റാര്‍, കോതയാര്‍ അണകളും മലമുകളിലെത്തിയാല്‍ കാണാം. 2022 ലെ തീര്‍ത്ഥാടന വേളയില്‍ ലക്ഷക്കണക്കിന് ഭക്തരാണ് കാളിമലയിലെത്തിയത്. തിരുവനന്തപുരത്തു നിന്നും വെള്ളറട വഴി കാളിമലയിലെത്താം. ഏപ്രില്‍ 29 മുതല്‍ മേയ് 5 വരെയാണ് ഇക്കൊല്ലത്തെ തീര്‍ത്ഥാടനം. മേയ് 5 നാണ് ചിത്രാപൂര്‍ണിമ പൊങ്കാല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: