മിയാവോ(അരുണാചല്‍ പ്രദേശ്): ചൈനീസ് അതിക്രമങ്ങള്‍ക്ക് താക്കീതുമായി അരുണാചലിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ ജനകീയ പ്രതിഷേധങ്ങള്‍. അരുണാചലിലെ 11 സ്ഥലങ്ങളുടെ പേര് മന്ദാരിന്‍ ഭാഷയില്‍ പുനര്‍നാമകരണം ചെയ്യാന്‍ ചൈന ശ്രമിച്ചനടപടി ദുസ്സാഹസമാണെന്ന് ഗ്രാമീണര്‍ ചൂണ്ടിക്കാട്ടി. ചങ്ലാങ്ജില്ലയിലെ മിയാവോ ഗ്രാമത്തിലാണ് പ്രതിഷധമാര്ച്ച് നടന്നത്.
ഇന്ത്യ പ്രാണന് തുല്യമെന്ന് എഴുതിയ പ്ലക്കാര്‍ഡുകളുമായി നൂറ് കണക്കിനാളുകളാണ് പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നത്. അതിര്‍ത്തികടക്കുന്നവര്‍ അതിന്റെ വിലയറിയുമെന്ന് ജനങ്ങള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ പേര് വിളിച്ച് താക്കീത് നല്കി. അരുണാചല്‍ പ്രദേശിനെ ‘സാങ്നാന്‍’ എന്ന് വിളിക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളിലൂടെ ചൈന വിപത്ത് വിളിച്ചുവരുത്തുകയാണ്.
ടിബറ്റില്‍ താമസിക്കുന്ന ആളുകളുടെ അവസ്ഥയെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. ചൈനീസ് ഭരണകൂടം അവരെ അടിച്ചമര്‍ത്തുകയാണ്, അരുണാചലിനെ പിടിച്ചെടുക്കാമെന്ന് മോഹം മാറ്റിവയ്ക്കുന്നതാണ് നല്ലത്, പ്രതിഷേധക്കാര്‍ വിളിച്ചു പറഞ്ഞു. മാര്‍ച്ചിലുട നീളം ദേശീയ പതാകയുമേന്തിയായിരുന്നു പ്രകടനം.
മിയാവോവിന് സമീപമുള്ള കിബിത്തു ഗ്രാമത്തില്‍ വൈബ്രന്റ് വില്ലേജ് പ്രഖ്യാപനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എത്തി മടങ്ങിയതിന് പിന്നാലെയാണ് ജനങ്ങള്‍ ചൈനയ്ക്ക് താക്കീതുമായി നിരത്തിലിറങ്ങിയത്.
2021ല്‍ അരുണാചലിലെ 15 സ്ഥലങ്ങളിലും 2017ല്‍ ആറ് സ്ഥലങ്ങളിലും സമാനമായ രീതിയില്‍ പേരുമാറ്റത്തിന് ചൈന മുതിര്‍ന്നിരുന്നു. ഇപ്പോള്‍ പേര് മാറ്റാന്‍ മുതിര്‍ന്ന 11 സ്ഥലങ്ങളില്‍ രണ്ടെണ്ണം പാര്‍പ്പിട മേഖലകളും അഞ്ചെണ്ണം പര്‍വതശിഖരങ്ങളും രണ്ട് നദികളും മറ്റ് രണ്ട് പ്രദേശങ്ങളുമാണ്. അരുണാചല്‍ പ്രദേശില്‍ 90,000 ചതുരശ്ര കിലോമീറ്റര്‍ തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദത്തിന്റെ തുടര്‍ച്ചയാണ് ഈ നടപടികള്‍. പേര് മാറ്റിയാല്‍ സത്യം മാറുമെന്നാണ് നുണ പറഞ്ഞ് ശീലമായിപ്പോയ ചൈനക്കാരുടെ ധാരണയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: