തൃശൂര്‍: പൂരത്തിനായി സ്വരാജ് റൗണ്ടില്‍ ദേവസ്വങ്ങളൊരുക്കുന്ന പന്തലുകള്‍ ഉയരുന്നു. പാറമേക്കാവ് വിഭാഗം മണികണ്ഠനാലില്‍ നിര്‍മിക്കുന്ന പന്തലിന്റെ കാല്‍നാട്ട് ഇന്നലെ രാവിലെ നടന്നു. പാറമേക്കാവ് മേല്‍ശാന്തി വടക്കേടത്ത് കരകന്നൂര്‍ വാസുദേവന്‍ നമ്പൂതിരി, കീരംപിള്ളി കുട്ടന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ ഭൂമിപൂജക്ക് ശേഷം ദേവസ്വം ഭാരവാഹികളും തട്ടകക്കാരും പൂരപ്രേമികളും ചേര്‍ന്നാണ് പൂരാരവങ്ങളോടെ കാല്‍നാട്ടിയത്.
പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.എം ബാലഗോപാല്‍, സെക്രട്ടറി ജി.രാജേഷ്, വൈസ് പ്രസിഡന്റ് ഇ.വേണുഗോപാല്‍, ജോ.സെക്രട്ടറി പി.വി നന്ദകുമാര്‍, പന്തല്‍ കണ്‍വീനര്‍മാരായ വി.കെ ഉണ്ണികൃഷ്ണന്‍, ബൈജു താഴേക്കാട്ട്, ഉണ്ണി മേനോന്‍ കൂര്‍ക്കഞ്ചേരി, വാകയില്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആറാട്ടുപുഴ സ്വദേശി കൃഷ്ണകുമാറാണ് പാറമേക്കാവിന്റെ പന്തല്‍ നിര്‍മ്മാണം. 100 അടിയില്‍ എല്‍ഇഡി പന്തലാണ് ഇത്തവണ പാറമേക്കാവിന്.
തൃശൂര്‍ പൂരത്തിനിത് കൃഷ്ണകുമാറിന്റെ നാലാമൂഴമാണ്. രണ്ടു തവണ തിരുവമ്പാടിക്കു വേണ്ടി നായ്‌ക്കാനാല്‍ പന്തലും ഒരു തവണ പാറമേക്കാവിനു വേണ്ടിയും കൃഷ്ണകുമാര്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്. ആറാട്ടുപുഴ പൂരം, കൂടല്‍മാണിക്യം, കുനിശേരി, മണപ്പുള്ളിക്കാവ് തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷ്ണകുമാര്‍ പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. പൂരത്തിന് പതിനൊന്നു വര്‍ഷത്തെ പരിചയസമ്പന്നതയുമായാണ് ക്ലാസിക് ഗോപാലകൃഷ്ണന്‍ പാറമേക്കാവിന്റെ പന്തലിന് വൈദ്യുതലങ്കാരമൊരുക്കുന്നത്. തിരുവമ്പാടിക്കു വേണ്ടിയും പാറമേക്കാവിനു വേണ്ടിയും മുന്‍പും ഇലുമിനേഷന്‍ നടത്തിയിട്ടുണ്ട് ക്ലാസിക് ഗോപാലകൃഷ്ണന്‍. കൃഷ്ണകുമാറും ഗോപാലകൃഷ്ണനും ചേര്‍ന്നുള്ള വിസ്മയമാകും മണികണ്ഠനാലിലെ പാറമേക്കാവിന്റെ പന്തല്‍.
തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകളുടെ കാല്‍നാട്ട് 16ന് രാവിലെ നടക്കും. 10.30ന് നടുവിലാലിലും 11ന് നായ്‌ക്കനാലിലും കാല്‍നാട്ട് നടക്കും. പൂരപ്പന്തലുകള്‍ ഉയരുന്നതോടെ തൃശൂര്‍ പിന്നെ പൂരത്തിരക്കിലേക്ക് കടക്കും.
പൂരം വെടിക്കെട്ട് കൂടുതല്‍ പേര്‍ക്ക് കാണാന്‍ സൗകര്യമൊരുക്കുന്നത് സംബന്ധിച്ച പരാതിക്ക് പരിഹാരം കാണാന്‍ പ്രദേശത്തിന്റെ ദൂരം അളക്കലും ഇന്നലെ നടന്നു. വെടിക്കെട്ട് നടക്കുന്ന വടക്കുന്നാഥ മൈതാനത്തുനിന്ന് ആളുകള്‍ക്ക് നില്‍ക്കാന്‍ കഴിയുന്ന ദൂരമറിയാന്‍ അളവെടുത്തു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിന്നും ആളുകള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് 100 മീറ്റര്‍ ദൂരം വേണമെന്നാണ് പെസോയുടെ നിയമം. ഇതില്‍ ഇളവ് നല്‍കാനാവില്ലെങ്കിലും പരമാവധി ആളുകളെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിപ്പിക്കാന്‍ കഴിയുമോയെന്നതാണ് പരിശോധിക്കുന്നത്. ഇന്നലെ നടന്ന പരിശോധനയില്‍ പെസോ ഉദ്യോഗസ്ഥരും പോലീസ്, അഗ്‌നിരക്ഷാ സേന, പിഡബ്ലിയുഡി, റവന്യു വകുപ്പുകളും തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.
വെടിക്കെട്ട് കാണാന്‍ സൗകര്യങ്ങളില്ലെന്ന പ്രശ്നം കഴിഞ്ഞ പൂരക്കാലത്തുതന്നെ വിമര്‍ശനമായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം വീണ്ടും ഉയര്‍ന്ന സാഹചര്യത്തിലാണ് സ്ഥലമളക്കാന്‍ പെസോയുടെ നേതൃത്വത്തില്‍ തീരുമാനിച്ചത്. മറ്റ് നിര്‍ദേശങ്ങളും ദേവസ്വങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ചര്‍ച്ചകളുണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് 14ന് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിമാരും കളക്ടര്‍, പോലീസ്, അഗ്‌നിരക്ഷാ സേന, പെസോ, ദേവസ്വം ബോര്‍ഡ്, ദേവസ്വം പ്രതിനിധികള്‍ എന്നിവരുടെ യോഗം കലക്ടറേറ്റില്‍ ചേരും.
കോര്‍പ്പറേഷന്‍തല പൂരം ഒരുക്കങ്ങളുടെ യോഗവും കഴിഞ്ഞ ദിവസം നടന്നു. ഈ മാസം 30ന് ഞായറാഴ്ചയാണ് തൃശൂര്‍ പൂരം. മെയ് ഒന്നിനാണ് ഉപചാരം ചൊല്ലല്‍. പൂരത്തിനായി ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ സജീവമാണ്. 24നാണ് പൂരം കൊടിയേറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: