സിപിഎമ്മിന്റെ ഭരണത്തിന് കീഴില്‍ സംസ്ഥാനത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ പോലും അപമാനവീകരിക്കപ്പെടുന്നതിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയതിനെതിരായ കേസ് മൂന്നംഗബെഞ്ചിന് വിട്ടത് ചോദ്യം ചെയ്ത പരാതിക്കാരനെ വ്യക്തിപരമായി അവഹേളിച്ച ലോകായുക്തയുടെ നടപടി. പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച ലോകായുക്തയുടെ പെരുമാറ്റം ആര്‍ക്കും അംഗീകരിക്കാനാവില്ല. ഉപലോകായുക്തയുടെ ഭാഗത്തുനിന്നും പരാതിക്കാരനെ പരിഹസിക്കുന്ന വാക്കുകളുണ്ടായി. പ്രതീക്ഷിച്ചതുപോലെ റിവ്യൂ ഹര്‍ജി തള്ളുകയും ചെയ്തിരിക്കുന്നു. പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കുകയുമാണ്. മുഖ്യമന്ത്രി പിണറായി വിജയന് ദുരിതാശ്വാസ നിധി വകമാറ്റി വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയെന്നാണ് പരാതി. ഈ പരാതി ലോകായുക്തയ്ക്ക് പരിഗണിക്കാന്‍ കഴിയുമോയെന്ന കാര്യം പരിശോധിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് തീര്‍പ്പ് കല്‍പ്പിച്ചതാണ്. നാല് വര്‍ഷം കഴിഞ്ഞ് വിധി പറയേണ്ട സമയമായപ്പോള്‍ ഇതേ കാര്യം ആവര്‍ത്തിച്ചതാണ് വിവാദമായത്. വ്യക്തമായ വിശദീകരണമില്ലാതെ ഇങ്ങനെയൊരു നടപടിയുണ്ടായത് പല കോണുകളില്‍നിന്നും വിമര്‍ശിക്കപ്പെട്ടു. കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോവുകയാണെന്ന ആരോപണവും ഉയര്‍ന്നു. അധികം കഴിയുന്നതിന് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക വസതിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശന വിലക്കുണ്ടായിരുന്ന ഈ ചടങ്ങില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുക്കുന്ന ചിത്രങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടില്ല. ‘ജന്മഭൂമി’യാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.
പിണറായി വിജയന് കേരളത്തിന്റെ മുഖ്യമന്ത്രി മാത്രമല്ല, ഗുരുതരമായ ഒരു അഴിമതിക്കേസില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്നയാളുമാണ്. അങ്ങനെയൊരാള്‍ സംഘടിപ്പിച്ച വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുത്ത ന്യായാധിപന്മാര് കീഴ്വഴക്കങ്ങള് ലംഘിച്ച് തെറ്റായ കാര്യമാണ് ചെയ്തത്. ഇത് സ്വാഭാവികമായും ജനങ്ങളില്‍ ഒരുപാട് സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. സാധാരണഗതിയില്‍ ഇത്തരം ചടങ്ങുകളില്‍നിന്ന് ന്യായാധിപന്മാര് വിട്ടുനില്‍ക്കുകയാണ് ചെയ്യാറുള്ളത്. ഈ ഔചിത്യം പാലിക്കപ്പെട്ടില്ല. തങ്ങള്‍ക്ക് ലഭിച്ച പരാതിയില്‍ പ്രതിസ്ഥാനത്തു നില്ക്കുന്നയാള്-അയാള്‍ സാധാരണക്കാരനോ ഭരണാധികാരിയോ ആരുമാകട്ടെ- സംഘടിപ്പിച്ച ഒരു വിരുന്നില്‍ സ്വാധീനത്തിനു വഴിപ്പെട്ടാണ് പങ്കെടുത്തതെന്ന് വിചാരിച്ചു പോകുന്നത് സ്വാഭാവികം. ഇങ്ങനെ ചിന്തിച്ചവരില്‍ പരാതിക്കാരനുമുണ്ട്. ഒരു പൗരനെന്ന നിലയില്‍ അയാള്‍ക്ക് അതിനുള്ള അവകാശവുമുണ്ട്. ഭിക്ഷക്കാരന്റെ പരാതിപോലും, അയാള്‍ രാജ്യത്തെ പൗരനാണെങ്കില്‍ സ്വീകരിക്കുകയും തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്യുകയെന്നത് ന്യായാധിപന്മാരുടെ ചുമതലയാണ്. നീതി നിര്‍വഹിച്ചാല്‍ പോരാ, അത് നടപ്പായെന്ന് ജനങ്ങള്‍ക്ക് തോന്നുകയും വേണമല്ലോ. ആ നിലയ്ക്ക് കേസ് പരിഗണിക്കുന്ന ലോകായുക്ത ന്യായാധിപന്മാരുടെ നടപടിയില്‍ പരാതിക്കാരന് ആശങ്കപ്പെട്ടതില്‍ എന്താണ് തെറ്റ്? മുഖ്യമന്ത്രി തങ്ങളെ സ്വാധീനിച്ചതിന് എന്താണ് തെളിവ് എന്നൊക്കെ ന്യായാധിപന്മാര് ചോദിക്കുന്നത് വളരെ അസുഖകരവും നിലവാരത്തിന് ചേര്‍ന്നതുമല്ലെന്ന് പറയേണ്ടിവരും. ഇനി പരാതിക്കാരന് സംശയിക്കുന്നതുപോലെ എന്തെങ്കിലും സ്വാധീനത്തിനു വഴിപ്പെട്ടിട്ടുണ്ടെങ്കില്‍, പരസ്യമായോ വിജ്ഞാപനം പുറപ്പെടുവിച്ചോ അല്ലല്ലോ അത്തരം കാര്യങ്ങള്‍ ചെയ്യുന്നത്.
തുറന്ന കോടതിയില്‍ അങ്ങേയറ്റം മോശമായാണ് ലോകായുക്ത ന്യായാധിപന്മാര് പരാതിക്കാരനോട് പെരുമാറിയത്. തീര്‍ച്ചയായും ഒഴിവാക്കേണ്ട ഒന്നായിരുന്നു ഇത്. പരാതിക്കാരോട് ഇത്തരം മനോഭാവം വച്ചുപുലര്‍ത്തുന്നവര്‍ക്ക് എങ്ങനെയാണ് നിഷ്പക്ഷമായ നീതി നിര്‍വഹണം സാധ്യമാവുക? ഈ കേസില്‍ ലോകായുക്തയെക്കാള്‍ ജനങ്ങള്‍ സംശയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. തനിക്കെതിരായ ഗുരുതരമായ ആരോപണങ്ങളെയും പരാതികളെയും വെളിപ്പെടുത്തലുകളെയും കേസുകളെയുമൊക്കെ രാഷ്ട്രീയ നേതാവെന്ന നിലയ്ക്കും ഭരണാധികാരിയെന്ന നിലയ്ക്കും പിണറായി വിജയന് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. കുപ്രസിദ്ധമായ ലാവ്ലിന് അഴിമതിക്കേസു മുതല്‍ സ്വര്‍ണക്കടത്തുകേസും ലൈഫ് മിഷന് കേസുമുള്‍പ്പെടെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. ലോകായുക്തയിലുള്ള പരാതിയുടെ കാര്യത്തിലും മുഖ്യമന്ത്രി ഇതൊക്കെ ചെയ്തിട്ടുണ്ടാവാം. മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള തന്റെ രാജിക്കിടയാക്കുന്ന വിധിയുണ്ടാവുന്നത് തടയാന്‍ ലോകായുക്ത നിയമം ഭേദഗതി ചെയ്തയാളാണ് ഈ ഭരണാധികാരി എന്ന കാര്യം മറക്കരുത്. ഗവര്‍ണര്‍ ഒപ്പിടാതിരുന്നതുകൊണ്ടു മാത്രമാണ് അത് നിയമമാവാതിരുന്നത്. ഇങ്ങനെയൊരാള്‍ തനിക്കെതിരായ കേസ് പരിഗണിക്കുന്ന ന്യായാധിപന്മാരെ വിരുന്നു സല്‍ക്കാരത്തിന് ക്ഷണിച്ചതില്‍ കേവലം സംശയമല്ല, ദുരൂഹതയുമുണ്ട്. നീതിദേവത ഭരിക്കുന്നവന് വിടുപണി ചെയ്യാന്‍ പാടില്ലല്ലോ. അത് എപ്പോഴും നിഷ്പക്ഷവും സുതാര്യവുമാവണം. ഈ പൊതുധാരണയാണ് ലോകായുക്തയുടെ പെരുമാറ്റത്തിലൂടെ തകിടം മറിഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: