മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ഇന്റര്‍ മിലാനും ജയം. എര്‍ലിങ് ഹാളണ്ട് റിക്കാര്‍ഡിട്ട കളിയില്‍ സിറ്റി മുന്‍ ചാമ്പ്യന്മാരും ജര്‍മ്മന്‍ കരുത്തരുമായ ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത മൂന്നു ഗോളിന് തുരത്തിയപ്പോള്‍ ഇന്റര്‍ മിലാന് പോര്‍ച്ചുഗീസ് ടീം ബെന്‍ഫിക്കയെ 2-0ന് കീഴടക്കി.
മാഞ്ചസ്റ്ററില്‍ സിറ്റിയുടെ ആധിപത്യം. ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന സിറ്റി ബയേണിനെ നിഷ്പ്രഭമാക്കി. 27-ാം മിനിറ്റില്‍ റോഡ്രി സിറ്റിയെ മുന്നിലെത്തിച്ചു. റോഡ്രിയുടെ ലോങ്റേഞ്ച് ഷോട്ട് ബയേണ്‍ പോസ്റ്റിന് ഇടതു ഭാഗത്തായി പതിച്ചു.
ഈ ഗോള്‍ ലീഡില്‍ ആദ്യ പകുതി അവസാനിപ്പിച്ച സിറ്റി രണ്ടാം പകുതിയിലും കരുത്തുകാട്ടി. 70-ാം മിനിറ്റില്‍ ബെര്‍ണാഡൊ സില്‍വ പെപ്പ് ഗാര്‍ഡിയോളയുടെ സംഘത്തിന്റെ ലീഡുയര്‍ത്തി. എര്‍ലിങ് ഹാളണ്ട് നല്കിയ പാസില്‍ ഗോള്‍. 76-ാം മിനിറ്റില്‍ ഹാളണ്ട് ടീമിന്റെ മൂന്നാം ഗോളും നേടി. സ്റ്റോന്‍സ് നല്കിയ പാസ് ക്ലോസ്റേഞ്ചില്‍ നിന്ന് നോര്‍വെ താരം പന്ത് വലയിലെത്തിച്ചു. സിറ്റിക്കായി 45 ഗോള്‍ തികച്ച ഹാളണ്ട് എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലുമായി ഒരു സീസണില്‍ കൂടുതല്‍ ഗോള്‍ നേടുന്ന പ്രീമിയര്‍ ലീഗ് താരമായി. ലിവര്‍പൂളിന്റെ മുഹമ്മദ് സലയെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ താരം റൂഡ് വാന്‍ നിസ്റ്റല്‍ റൂയിയെയുമാണ് മറികടന്നത്.
ഈ മാസം 19ന് ബയേണിന്റെ അലിയന്‍സ് അരീനയിലാണ് രണ്ടാം പാദം. ജയത്തില്‍ സന്തോഷമുണ്ടെന്നും എന്നാല്‍, ബയേണ്‍ പ്രത്യേകതയുള്ള ടീമാണെന്നും സിറ്റി പരിശീലകന് പെപ്പ് ഗാര്‍ഡിയോള പ്രതികരിച്ചു. അലിയന്‍സ് അരീനയില്‍ ബയേണ്‍ അതിശക്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോല്‍വിയില്‍ ബയേണ്‍ പരിശീലകന് തോമസ് ടുച്ചെല്‍ നിരാശ പ്രകടിപ്പിച്ചു. ടുച്ചെല്‍ 2021ല്‍ ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിക്കുമ്പോള്‍ തോല്‍പ്പിച്ചത് പെപ്പിന്റെ സിറ്റിയെയാണ്.
ലിസ്ബണിലെ എവേ മത്സരത്തിലാണ് ഇന്റര്‍ മിലാന് ബെനഫിക്കയെ കീഴടക്കിയത്. മൂന്നു തവണ ചാമ്പ്യന്മാരായ ഇന്ററിനെ ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ വിടാതെ ബെനഫിക്ക പിടിച്ചുനിര്‍ത്തി. ഇടവേളയ്ക്കു ശേഷം 51-ാം മിനിറ്റില്‍ ഇറ്റാലിയന്‍ ടീം കെട്ടുപൊട്ടിച്ചു. നിക്കൊളൊ ബരെല്ലയുടെ ഹെഡ്ഡര്‍ ഗോളില്‍ മിലാന് ടീം മുന്നില്‍. അലെസാന്ദ്രൊ ബസ്റ്റോണിയുടെ ക്രോസിനാണ് ബരെല്ല തലവച്ചത്.
എണ്‍പത്തിരണ്ടാം മിനിറ്റില്‍ റൊമേലു ലുക്കാക്കുവിന്റെ പെനല്‍റ്റി ഗോളില്‍ ഇന്റര്‍ ലീഡുയര്‍ത്തി. ഡെന്‍സെല്‍ ഡ്യുംഫ്രി ബോക്സിലേക്ക് നല്കിയ ക്രോസ് ജോവൊ മരിയ കൈ കൊണ്ട് തടഞ്ഞതിനാണ് പെനല്‍റ്റി വിധിച്ചത്. 19ന് ഇന്ററിന്റെ തട്ടകമായ സാന്‍ സിറൊയിലാണ് രണ്ടാം പാദം. 1990നു ശേഷം വീണ്ടുമൊരു സെമി സ്വപ്നം കണ്ട ബെനഫിക്കയ്ക്ക് വലിയ തിരിച്ചടിയായി തട്ടകത്തിലെ രണ്ടു ഗോള്‍ തോല്‍വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: